മണിമല കുടുംബം - പയപ്പാര്‍ ശാഖ
foto

  അതിപുരാതനമായ മണിമല എന്ന കുടുംബത്തിന്‍റെ ഒരു ശാഖയാണ് പയപ്പാര്‍ മണിമല കുടുംബം. മണിമല മൂലകുടുംബത്തിന്‍റെ അഞ്ചു ശാഖകള്‍ ഉള്‍പ്പെടുന്ന മണിമല മഹാകുടുംബയോഗത്തില്‍ മീനച്ചില്‍ മണിമല, പയപ്പാര്‍ മണിമല, മണിമല കാടന്‍കാവില്‍, മണിമല ചെമ്പകശ്ശേരില്‍, മണിമല കല്ലകത്ത് എന്നിങ്ങനെയുള്ള മണിമല കുടുംബശാഖകള്‍ ഒത്തൊരുമിച്ചിരിക്കുന്നു.

   എഴുനൂറോളം വര്‍ഷം മുമ്പ് മണിമലദേശത്തുനിന്നു കുടുംബസമേതം മീനച്ചില്‍പ്രദേശത്തു വന്ന് ചെമ്പകശ്ശേരി എന്ന ചേരിക്കലില്‍ താമസമാരംഭിച്ച പൂര്‍വ്വപിതാവ് ഔസേപ്പുമാപ്പിളയാണ് മണിമല കുടുംബസ്ഥാപകന്‍.പാലാ വലിയപള്ളിയുടെ സ്ഥാപനത്തെത്തുടര്‍ന്ന്‍ പതിമ്മൂന്ന്, പതിന്നാലു നൂറ്റാണ്ടുകളില്‍ ആഢ്യകുടുംബക്കാരായ ചില ക്രൈസ്തവകുടുംബങ്ങളെ മീനച്ചിലിന്‍റെ ഭരണാധികാരികളായ കര്‍ത്താക്കന്മാര്‍ മീനച്ചിലില്‍ കൊണ്ടുവന്നു താമസിപ്പിച്ചതായിട്ടാണ് ചരിത്രമുള്ളത്. മണിമലകുടുംബത്തിന്‍റെ ഉത്ഭവചരിത്രം പൊതുവായി ഈ ചരിത്രപുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളതിനാല്‍ ആവക കാര്യങ്ങള്‍ ഇവിടെ ആവര്‍ത്തിക്കേണ്ടതില്ലല്ലോ.

   1736-ല്‍ മീനച്ചില്‍ കര്‍ത്താക്കന്‍മാര്‍ മീനച്ചിലാറിന്‍റെ വടക്കേക്കരയില്‍ പാലാ അങ്ങാടി സ്ഥാപിച്ചപ്പോള്‍ അന്നത്തെ ക്രിസ്ത്യാനികളില്‍ പ്രധാനികള്‍ക്കെല്ലാം കടകള്‍ സ്ഥാപിക്കുന്നതിനും മറ്റുമായി കര്‍ത്താ തന്നെ കമ്പുനാട്ടി സ്ഥലം പതിച്ചു കൊടുത്തു(പാലാ വലിയ പള്ളി സ്മരണിക 1990-പേജ് 119 കാണുക).

  മീനച്ചിലിന്‍റെ ഭരണാധികാരികളായ മീനച്ചില്‍ കര്‍ത്താക്കന്‍മാരുടെ ക്ഷണിക്കപ്പെട്ട സദസ്സുകളില്‍ സ്ഥാനികള്‍ക്കുള്ള പ്രത്യേക ഇരിപ്പിടങ്ങള്‍ മീനച്ചില്‍ മണിമല കുടുംബത്തിലെ കാരണവന്‍മാര്‍ക്കു പതിന്നാലാം നൂറ്റാണ്ടുമുതല്‍തന്നെ ലഭിച്ചിരുന്നതായിട്ടാണു പൂര്‍വ്വികര്‍ പറഞ്ഞുതന്നിട്ടുള്ളത്. ഇപ്രകാരം ദേശവാഴികളായ മീനച്ചില്‍കര്‍ത്താക്കന്‍മാര്‍ അങ്ങാടി സ്ഥാപിച്ച കാലത്തു ക്രിസ്ത്യാനികളില്‍ പ്രധാനികള്‍ക്കു കര്‍ത്താ തന്നെ 'കമ്പു നാട്ടി' അതിരു തിട്ടപ്പെടുത്തി സ്ഥലം നല്‍കിയെന്നുള്ളതു സ്വാഭാവികമാണല്ലോ.

  ഇതിന്‍പ്രകാരമാണ് അക്കാലത്തു മീനച്ചില്‍ പ്രസിദ്ധനായിരുന്ന മണിമല വലിയതൊമ്മന്‍ പിതാവ് (ഉദ്ദേശം 1680-1690 കാലത്തു ജനിച്ചു} തന്‍റെ മൂത്തമകന്‍ ഔസേപ്പിനെ(ഉദ്ദേശം 1710-ല്‍ ജനിച്ചു) മീനച്ചിലാറിന്‍റെ വടക്കേക്കരയിലേക്ക് 1736-ല്‍ പാലാ അങ്ങാടിസ്ഥാപനത്തോടു ബന്ധപ്പെട്ട് കുടുംബസമേതം താമസത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തി വേലക്കാരോടൊത്ത് അയച്ചത്.

  1736-ല്‍ ഉദ്ദേശം തന്‍റെ 26-ാമത്തെ വയസ്സില്‍ ഭാര്യയോടും നാലു വയസ്സുള്ള തൊമ്മന്‍(ഉദ്ദേശം 1732-ല്‍ ജനിച്ചു) എന്ന മൂത്തമകനോടും കൂടി അങ്ങാടിഭാഗത്തു വന്നു താമസമാരംഭിച്ച മണിമല ഔസേപ്പ് എന്ന പിതാവാണ് ആറിന്‍റെ വടക്കേക്കരയിലുള്ള മണിമലകുടുംബക്കാരുടെ കാരണവര്‍സ്ഥാനത്തുള്ളത്.

  ഇപ്രകാരം അക്കാലത്ത് (1736-ല്‍) മണിമലകുടുംബക്കാരെ ആറിന്‍റെ വടക്കേക്കരയിലേക്കു മീനച്ചില്‍കര്‍ത്താവ് അങ്ങാടിസ്ഥാപനത്തോടു ബന്ധപ്പെടുത്തി കൊണ്ടുവന്നതിനെപ്പറ്റി മണിമല പയപ്പാര്‍ ശാഖയില്‍ എല്ലാത്തരത്തിലും പ്രധാനിയും പ്രഗല്ഭനുമായിരുന്ന ശ്രീ കൊച്ചൗസേപ്പ് പയപ്പാര്‍ മണിമല (1891-ല്‍ ജനിച്ചു) തലമുറകള്‍ക്കായി പങ്കുവച്ച ചരിത്രസ്മരണകളില്‍പ്പെടുന്ന കാര്യംകൂടി സാന്ദര്‍ഭികമായി ഇവിടെ കുറിക്കട്ടെ.

  അങ്ങാടിസ്ഥാപനത്തിനു മുമ്പുതന്നെ മീനച്ചില്‍കര്‍ത്താവ് ളാലത്തമ്പലത്തില്‍ മാസത്തിലൊന്നു തൊഴാന്‍ വരും. അപ്പോള്‍ മുഖം കാണിക്കാന്‍ പ്രധാനികളായ മാപ്പിളക്കുടുംബങ്ങള്‍ ഒന്നും അവിടെ ഉണ്ടായിരുന്നില്ല .പ്രധാനികളായ മാപ്പിളമാരുടെ സഹകരണവും സ്നേഹവും ലഭിക്കുന്നത് മീനച്ചില്‍കര്‍ത്താക്കന്‍മാര്‍ക്കു സന്തോഷമായിരുന്നു. ആഡ്യന്‍മാരായ മാപ്പിളമാര്‍ സത്യസന്ധരും വിശ്വസ്തരുമായി അവര്‍ക്കനുഭവപ്പെട്ടു. ക്രിസ്ത്യാനികളില്‍ പ്രധാനികളായിരുന്ന പലര്‍ക്കും യുദ്ധമുറകളും നല്ല വശമായിരുന്നു. (രാജഭരണകാലത്ത് 'മുഖം കാണിക്കല്‍' എന്നുള്ളത് ഭരണകര്‍ത്താവായ രാജാവിനെയോ നാടുവാഴിത്തമ്പുരാനെയോ നേരില്‍ കണ്ടു സംസാരിക്കാന്‍ ലഭിക്കുന്ന അവകാശവും അതിനനുസരിച്ചുള്ള അധികാരപദവിയുമായിരുന്നു. ഇപ്രകാരമുള്ള പദവി ലഭിച്ചിരുന്നത് സമൂഹത്തിലെ പ്രധാനികളില്‍ ചിലര്‍ക്കും ആഢ്യത്വമുള്ള കുലീനകുടുംബങ്ങളിലെ കാരണവര്‍സ്ഥാനത്തുള്ളവര്‍ക്കും മാത്രമായിരുന്നു).

  മാസത്തിലൊന്നു ളാലത്തമ്പലത്തില്‍ തൊഴാനായി വരുന്ന ഭരണകര്‍ത്താവായ മീനച്ചില്‍ തമ്പുരാനെ മുഖം കാണിക്കാന്‍ മണിമലകുടുംബത്തിലെ കാരണവരെ മീനച്ചില്‍കര്‍ത്താവ് നിശ്ചയിക്കുകയും മണിമലകുടുംബക്കാരുമായിട്ടുള്ള പൂര്‍വ്വകാലങ്ങളിലെ മീനച്ചില്‍പ്രദേശത്തെ ബന്ധങ്ങളുടെ കെട്ടുറപ്പും ഊഷ്മളതയും കണക്കിലെടുത്ത് ളാലത്തമ്പലത്തിനു പടിഞ്ഞാറോട്ടുള്ള പ്രദേശത്ത് കരം ഒഴിവാക്കി മീനച്ചില്‍ കര്‍ത്താവുതന്നെ ആളയച്ച് 'കമ്പുകുത്തി' അതിരു തിട്ടപ്പെടുത്തി മീനച്ചിലാറിനു വടക്കേക്കരയിലും മണിമലകുടുംബത്തിന് 'മണിമല പുരയിടം' നല്‍കുകയും ചെയ്തു. ഇപ്പോള്‍ രാമപുരം റോഡിന് ഇരുവശവുമായിരുന്നു ടി സ്വത്തുക്കള്‍.

  1736-ല്‍ ആറിനു വടക്കേക്കരയില്‍ അങ്ങാടിസ്ഥാപനകാലത്തു കുടുംബസമേതം താമസമാരംഭിച്ച ഔസേപ്പുകാരണവരുടെ(ഔസേപ്പ് ഒന്നാമന്‍) മകന്‍ തൊമ്മന്‍ ഉദ്ദേശം 1732-ല്‍ ജനിച്ചെന്നു കരുതാം. ഈ പറയുന്ന തൊമ്മന്‍ എന്ന പിതാവിന്‍റെ മൂത്ത മകന്‍ ഔസേപ്പ് രണ്ടാമന്‍ ഉദ്ദേശം 1756-ല്‍ ജനിച്ചതായി കണക്കുകൂട്ടുന്നതില്‍ തെറ്റുവരുമെന്നു കരുതേണ്ടതില്ല. ഇദ്ദേഹത്തിനു മൂന്ന്‍ ആണ്‍മക്കള്‍ ഉണ്ടായിരുന്നതായിട്ടാണ് പിന്‍തലമുറയില്‍പ്പെട്ടവര്‍ പറഞ്ഞുപോന്നിട്ടുള്ളത്.

  ഉദ്ദേശം 1756-ല്‍ ജനിച്ച ഔസേപ്പ് എന്ന പിതാവിന്‍റെ മൂത്തമകന്‍ തൊമ്മന്‍ (ഉദ്ദേശം 1778-ല്‍ ജനിച്ചു) എന്ന പിതാവാണ് പോണാട്ടുപ്രദേശത്തു താമസമാരംഭിച്ച മണിമല പൊടിമറ്റം ശാഖയുടെ സ്ഥാപകന്‍.

  ടി ഔസേപ്പ് രണ്ടാമന്‍റെ(1756) രണ്ടാമത്തെ മകന്‍ ചെറിയാനാണ് മണിമല പയപ്പാര്‍, മണിമല ചെമ്പകശ്ശേരി,മണിമല കല്ലകത്ത് ശാഖകളുടെ കാരണവര്‍സ്ഥാനത്തുള്ളത്. ഔസേപ്പ് രണ്ടാമന്‍റെ മൂന്നാമത്തെ മകന്‍ ഔസേപ്പ് (ഔസേപ്പ് മൂന്നാമന്‍) എന്ന പിതാവാണ് കാടന്‍കാവില്‍ ശാഖയായിത്തീര്‍ന്ന മണിമല കാടന്‍കാവില്‍ ശാഖയുടെ പൂര്‍വ്വപിതാവ്.