മണിമല കുടുംബമഹായോഗം
നിയമാവലി
1. പേര്

ഈ കുടുംബയോഗത്തിന്‍റെ പേര് 'മണിമല കുടുംബമഹായോഗം' എന്നായിരിക്കും.

2. മണിമല കുടുംബമഹായോഗം

ഉദ്ദേശം എഴുനൂറോളം വർഷം മുമ്പ് മണിമലദേശത്തുനിന്നു മീനച്ചിലിൽ ചെമ്പകശ്ശേരി എന്ന ചേരിക്കലിൽ കുടുംബസമേതം വന്നു താമസമാരംഭിച്ച ഔസേപ്പ് എന്ന പൂർവ്വപിതാവിന്‍റെ സന്തതിതലമുറകളിൽപെട്ട മണിമല എന്ന മൂലകുടുംബത്തിന്‍റെ അഞ്ചു ശാഖകളായ ചെമ്പകശേരി, കല്ലകത്ത്, കാടൻകാവിൽ, പയപ്പാർ മണിമല, മീനച്ചിൽ മണിമല എന്നിങ്ങനെയുള്ള മണിമല കുടുംബശാഖകളുടെ സംയുക്ത കൂട്ടായ്മയാണ് മണിമല കുടുംബമഹായോഗം. ഈ കുടുംബമഹായോഗത്തിൽ മേൽപ്രസ്താവിച്ച അഞ്ചു ശാഖകൾക്കും തുല്യപ്രാധാന്യമാണുള്ളത്. ഈ കുടുംബമഹായോഗത്തിലെ അംഗങ്ങളുടെ ഐക്യവും, സ്നേഹത്തിൽ അധിഷ്ഠിതമായ സഹകരണവും സമത്വവും അംഗത്വബലവും നന്മനിറഞ്ഞ പ്രവർത്തനവും സർവ്വോപരി ദൈവാശ്രയത്വവുമാണ് മണിമല കുടുംബമഹായോഗ കൂട്ടായ്മയുടെ തത്ത്വവും സത്തയും.

3. അംഗങ്ങൾ

മണിമല കുടുംബമഹായോഗത്തിലെ മേൽപ്പറഞ്ഞ അഞ്ചു ശാഖാകുടുംബങ്ങളിലുള്ളവരാണ് ഈ കുടുംബമഹായോഗത്തിലെ അംഗങ്ങൾ.

3A. അതിപുരാതന മണിമലക്കുടുംബത്തിന്‍റെ ശാഖകളായി; മൂവാറ്റുപുഴ, പൈങ്ങോട്ടൂർ ഭാഗത്തുള്ള 'കിഴക്കേഭാഗം' കുടുംബം, പാലായിലുള്ള 'മണിമല- പൊടിമറ്റം' കുടുംബം, നെടുങ്കുന്നത്തുള്ള 'മണിമല' കുടുംബം എന്നിങ്ങനെ മണിമല മൂലകുടുംബവുമായി ബന്ധപ്പെട്ട പല കുടുംബശാഖകളുമുണ്ടെങ്കിലും മണിമല കുടുംബമഹായോഗത്തിൽ ഇവർ അംഗങ്ങളായിട്ടില്ല. ഈ കൂട്ടർക്ക് തനതായ കുടുംബയോഗവും ശാഖാ കുടുംബചരിത്രവും ഉള്ളതായി അറിയുന്നു. ഇവരും മണിമല മൂലകുടുംബത്തോടു ബന്ധപ്പെട്ട കുടുംബശാഖകളെന്നുള്ളതാണു ചരിത്രം.

4. ആസ്ഥാനം

മണിമല കുടുംബമഹായോഗത്തിന്‍റെ ആസ്ഥാനം ഇന്ത്യയിൽ, കേരള സംസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ പാലാ കേന്ദ്രീകരിച്ചായിരിക്കും. ഈ കുടുംബമഹായോഗത്തിന്‍റെ ഭരണനിർവ്വഹണ ഓഫീസും പാലായിൽ ആയിരിക്കുന്നതാണ്.

5. മേൽവിലാസം

ഈ മഹാകുടുംബയോഗത്തിന്‍റെ മേൽവിലാസം - മണിമല കുടുംബമഹായോഗം, പാലാ, കോട്ടയം ഡിസ്ട്രിക്റ്റ്, കേരളം, ഇന്ത്യ എന്നുള്ളതാണ്.

6. ഉദ്ദേശ്യലക്ഷ്യങ്ങൾ
  • ശാഖോപശാഖകളായി വ്യാപിച്ച മൂലകുടുംബത്തിന്‍റെ ശാഖകളിൽപെട്ടവരുടെ പരസ്പരമുള്ള സഹകരണബന്ധങ്ങളിലൂടെ കുടുംബപാരമ്പര്യത്തിന്‍റെ മഹത്വം കാത്തുസൂക്ഷിക്കുകയും, പരസ്പരം ഇടപഴകിക്കൊണ്ട് കുടുംബബന്ധങ്ങൾ ദൃഢതരമാക്കുകയും കുടുംബാംഗങ്ങൾ തമ്മിലുള്ള വ്യക്തിബന്ധങ്ങൾ ഊഷ്മളമാക്കുകയും ചെയ്യുക.
  • പൂർവ്വികരെ ആദരിച്ച് അവർ ഉയർത്തിപ്പിടിച്ച ജീവിതമൂല്യങ്ങളിൽ വിശ്വാസമർപ്പിച്ച് സത്യത്തിനും നീതിക്കും ഒത്തവിധം ജീവിച്ച് കരുത്താർജ്ജിക്കുക. അങ്ങനെ ഭാവിതലമുറകൾക്ക് നല്ല മാതൃക നൽകുക.
  • അതിപുരാതന മണിമല കുടുംബത്തിന്‍റെ ദീർഘകാല ചരിത്രപാരമ്പര്യം ജീവിതവഴിയിൽ നമ്മെ പരിപോഷിപ്പിക്കുന്ന ശക്തിയായിക്കണ്ട് പരസ്പരസഹകരണവും പിൻതുണയും ഐക്യവും സാഹോദര്യവും സാധ്യമാക്കുക.
  • ജനിതകമായി ആധുനികശാസ്ത്രം അംഗീകരിച്ചിട്ടുള്ള 'രക്തമഹത്വം' പ്രദാനം ചെയ്യുന്ന അഭിമാനബോധം അനന്തരതലമുറകൾക്കു കൈമാറുന്ന നല്ല പൈതൃകം കാത്തു സൂക്ഷിച്ച് വരുംതലമുറകൾക്കു വേണ്ടതായ പരിഗണന നൽകുക.
  • കുടുംബാംഗങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവും സാംസ്കാരികവും സാമൂഹികവും കലാപരവും വിദ്യാഭ്യാസപരവും മറ്റുമായ എല്ലാവിധ വികാസത്തിനും ഉന്നതിക്കും വേണ്ടി സഹകരിച്ചു പ്രവർത്തിക്കുക.
  • ഓരോ അവസരത്തിലും ആവശ്യമായി വരുന്ന എല്ലാക്കാര്യങ്ങളും അവസരോചിതവും ആവശ്യാനുസൃതവുമായി നല്ല തീരുമാനങ്ങളിലൂടെ നടപ്പിലാക്കുക.
7. അംഗമാകുന്നതിനുള്ള യോഗ്യത
  • മൂലകുടുംബാംഗങ്ങളിൽനിന്നും ആൺമക്കൾവഴിയുള്ള പുരുഷാംഗങ്ങളുടെ പിൻഗാമികളിലൂടെ കുടുംബങ്ങൾക്കും കുടുംബത്തിലെ സ്ത്രീയെ വിവാഹം കഴിച്ച് ദത്തു വന്നിട്ടുള്ള പുരുഷൻമാർക്കും അവരുടെ മക്കൾക്കും പിന്നീട് അതിലുള്ള പുരുഷപ്രജകളുടെ മക്കൾക്കും ഇങ്ങനെ മേൽപ്പറഞ്ഞതിൻ പ്രകാരം ഇപ്പോൾ ജീവിച്ചിരിക്കുന്ന സ്ത്രീപുരുഷൻമാർക്കും കുടുംബത്തിലെ പുത്രൻമാർക്കുമുണ്ടാകുന്ന സന്തതികൾക്കും മണിമല കുടുംബമഹായോഗത്തിൽ അംഗമാകാൻ അർഹത ഉണ്ടായിരിക്കുന്നതാണ്. ദത്തെടുക്കുന്ന കുട്ടികൾക്ക് വ്യവസ്ഥകളനുസരിച്ച് (രാജ്യനിയമപ്രകാരവും) കുടുംബാംഗമായിരിക്കാൻ അർഹതയുണ്ട്.
  • പെൺമക്കൾ വിവാഹിതരായി ഭർത്താവിന്‍റെ കുടുംബത്തിൽ അംഗമായിത്തീരുന്നുവെങ്കിലും അവർ ജീവിതാവസാനം വരെ ഈ കുടുംബമഹായോഗത്തിൽ അംഗമായിരിക്കാൻ അർഹതയുള്ളവരാണ്. എന്നാൽ, വിവാഹിതരായി അന്യകുടുംബത്തിലേക്കുപോയ സ്ത്രീക്ക് കുടുംബയോഗത്തിൽ വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. ഇവരുടെ സന്താനപരമ്പരകൾക്ക് കുടുംബമഹായോഗത്തിൽ അംഗത്വ അർഹത ഉണ്ടായിരിക്കുന്നതല്ലെങ്കിലും അവരും മാതൃവഴിയിൽ മണിമല കുടുംബമഹായോഗവുമായി ബന്ധപ്പെട്ടവരാണ്.
  • ഈ കുടുംബത്തിലേക്കു വിവാഹിതരായി വന്ന സ്ത്രീകളും ഈ കുടുംബത്തിലെ സ്ത്രീയെ വിവാഹം കഴിച്ച് ദത്തു നിൽക്കുന്നവരും കുടുംബത്തിലെ അംഗങ്ങളാകുന്നു. ദത്തു പോകുന്ന പുരുഷൻമാരും മക്കളും അംഗത്വത്തിന് അർഹതയുള്ളവരും അംഗങ്ങളും ആകുന്നുവെങ്കിലും അവർ മണിമലകുടുംബശാഖകളുടെ പാരമ്പര്യം ഉപേക്ഷിച്ച് ദത്തുപോയി പാർക്കുന്ന കുടുംബത്തിന്‍റെ ഗൃഹനാമം സ്വന്തമാക്കി സ്വീകരിച്ച് അതു തുടർന്നാൽ അപ്രകാരമുള്ളവരുടെ അംഗത്വം നഷ്ടമാകും. അവർക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.
8. അംഗത്വരേഖകൾ
  • മണിമലകുടുംബമഹായോഗത്തിന്‍റെ അംഗങ്ങൾ നിശ്ചിതഫാറം പൂരിപ്പിച്ച് ആജീവനാന്ത അംഗത്വഫീസായി  Rs.100 (നൂറ്) രൂപയും ഒരു വർഷത്തെ നിശ്ചിതവരിസംഖ്യയായ Rs.100 (നൂറ്) രൂപയും പ്രസിഡന്റും ജനറൽ സെക്രട്ടറിയും സെക്രട്ടറിമാരും മറ്റും അടങ്ങുന്ന കോർക്കമ്മിറ്റി അംഗീകരിച്ചു ചുമതലപ്പെടുത്തിയവരെ ഏല്പിച്ച് രസീതു വാങ്ങി അംഗത്വം രജിസ്ട്രർ ചെയ്യേണ്ടതാണ്.
  • കുടുംബാംഗങ്ങളുടെ രജിസ്ട്രർ സംബന്ധമായി അംഗങ്ങളുടെ പേര്, മേൽവിലാസം, തൊഴിൽ ജനനത്തീയതി, വിവാഹം, ഫോൺ നമ്പർ, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തി ഓഫീസിൽ ഉത്തരവാദിത്വപ്പെട്ടവരുടെ ചുമതലയിൽ സൂക്ഷിക്കേണ്ടതാണ്. കുടുംബരജിസ്ട്രറിൽ കുടുംബനാഥൻ/ നാഥയുടെ പേര് ആദ്യം രേഖപ്പെടുത്തിക്കൊണ്ട്, അതിനുപിന്നാലെ പ്രായമനുസരിച്ച് ക്രമപ്പെടുത്തി എല്ലാ സ്ത്രീപുരുഷന്മാരുടെയും മക്കളുടെയും വിവരങ്ങൾ പേരു സഹിതം ചേർക്കേണ്ടതാണ്.
  • ഭാര്യാഭർത്താക്കൻമാരും അവിവാഹിതരായ മക്കളും ഉൾപ്പെട്ടതാണ് കുടുംബയോഗത്തിലെ ഒരു യൂണിറ്റ്. ആൺമക്കൾ വിവാഹം കഴിച്ച് കുടുംബവീട്ടിൽത്തന്നെ താമസിക്കുകയാണെങ്കിലും പ്രത്യേക കുടുംബയൂണിറ്റായി പരിഗണിക്കേണ്ടതാണ്.
9. പൊതുയോഗം
  • മണിമലകുടുംബമഹായോഗത്തിന്‍റെ എല്ലാ ശാഖകളിലുമുള്ള 18 വയസ്സ് പൂർത്തിയായ എല്ലാം സ്ത്രീ പുരുഷന്മാരും ഉൾപ്പെടുന്നതാണ് പൊതുയോഗസമിതി. ഈ പൊതുയോഗമാണ് കുടുംബയോഗപരമാധികാരസമിതി. പൊതുയോഗത്തിൽ 18 വയസ്സു പൂർത്തിയായ എല്ലാ കുടുംബാംഗങ്ങൾക്കും വോട്ടവകാശം ഉണ്ടായിരിക്കുന്നതാണ്.
  • വിവാഹം കഴിച്ച് അന്യകുടുംബത്തിലേക്കയച്ച സ്ത്രീകൾക്ക് കുടുംബയോഗത്തിൽ പങ്കെടുക്കുവാൻ അവകാശമുണ്ടെങ്കിലും അവർക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.
  • ഏതെങ്കിലും വിധത്തിൽ വോട്ടു രേഖപ്പെടുത്തേണ്ട സന്ദർഭം ഉണ്ടായാൽ വോട്ടവകാശമുള്ള അംഗങ്ങളെ മുൻകൂട്ടി വിവരം അറിയിക്കേണ്ടതാണ്.
  • പൊതുയോഗം കൂടുന്നതനുസരിച്ച് നിശ്ചിതടേമിലേക്ക് ഭരണസമിതികളെ തിരഞ്ഞെടുക്കേണ്ടുന്ന സമയമാകുമ്പോൾ ആയതിനു വേണ്ടതു ചെയ്ത് പുതിയ ഭരണസമിതികളെ നിശ്ചയിക്കേണ്ടതിന് തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.
  • കുടുംബയോഗത്തിന്‍റെ പൊതുയോഗത്തിൽ എല്ലാം കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കുവാൻ ഭരണസമിതി വേണ്ടതു ചെയ്തിരിക്കേണ്ടതാണ്.
  • പൊതുയോഗത്തിൽ ഭരണസമിതിയുടെ കാലാവധി തീരുന്നതിനുമുമ്പ് താഴെപ്പറയുന്ന ഭരണസമിതികളെ ടേമനുസരിച്ച് തിരഞ്ഞെടുക്കേണ്ടതാണ്. ഈ ഭരണസമിതിയുടെ കാലാവധി മൂന്നു വർഷമെന്നു നിശ്ചയിച്ചിരിക്കുന്നു. വാർഷികറിപ്പോർട്ട്, കണക്കുകൾ എന്നിവ ഭരണസമിതി പൊതുയോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങേണ്ടതാണ്.
10. ഭരണസമിതി
  • കുടുംബയോഗത്തിനുവേണ്ടി എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനം എടുക്കേണ്ട സമിതിയാണ് ഇത്. രക്ഷാധികാരി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറിമാർ, ചീഫ് കോർഡിനേറ്റർ, ജനറൽ കൺവീനർ, ട്രഷറന്മാർ, മേഖലാ പ്രതിനിധികൾ, ശാഖകളുടെ നോമിനേറ്ററുമാർ, മേഖലാപ്രതിനിധികൾ, എല്ലാ ശാഖകളിൽ നിന്നുമുള്ള വനിതാപ്രതിനിധികൾ, എന്നിങ്ങനെയുള്ളവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെ പൊതുയോഗം തിരഞ്ഞെടുക്കേണ്ടതാണ്.
  • എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ക്വോറം 50% എങ്കിലും ആയിരിക്കേണ്ടതും വർഷത്തിൽ 4 പ്രാവശ്യമെങ്കിലും സമ്മേളിച്ചിരിക്കേണ്ടതുമാണ്.
  • കോർകമ്മിറ്റി (അഥവാ വർക്കിങ് കമ്മിറ്റി) പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറിമാർ, ട്രഷറേഴ്സ്, ചീഫ് കോർഡിനേറ്റർ, ജനറൽ കൺവീനർ എന്നിങ്ങനെയുള്ളവർ ഉൾപ്പെടുന്നതാണ്. അടിയന്തരതീരുമാനങ്ങൾക്കായി കൂടിച്ചേർന്നു കാര്യങ്ങൾ തീരുമാനിച്ച് വേണ്ടതു ചെയ്യുന്നതിന് ചുമതലപ്പെട്ടിരിക്കുന്ന കമ്മിറ്റിയാണിത്.കോര്‍കമ്മിറ്റിയോടു ബന്ധപ്പെട്ട് കോര്‍ഡിനേറ്റി൦ഗ് കമ്മിറ്റിയു൦ പ്രവര്‍ത്തിക്കുന്നു.
11. തസ്തികകളും ചുമതലകളും
  • രക്ഷാധികാരി: കുടുംബത്തിലെ സീനിയർ കത്തോലിക്കാവൈദികരിലൊരാളെ രക്ഷാധികാരിയായി തിരഞ്ഞെടുക്കേണ്ടതാണ്.
  • ആദ്ധ്യാത്മിക ഉപദേശകസമിതി: രക്ഷാധികാരി ഒഴികെയുള്ള കുടുംബത്തിലെ എല്ലാ കത്തോലിക്കാവൈദികരും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു കന്യാസ്ത്രീകളും ആദ്ധ്യാത്മിക ഉപദേശക സമിതിയിൽ ഉണ്ടായിരിക്കേണ്ടതാണ്. കുടുംബാംഗങ്ങൾക്കുവേണ്ടി പൊതുധ്യാനം, കൗൺസിലിങ്ങ് തുടങ്ങിയ വിഷയങ്ങളിൽ ആദ്ധ്യാത്മിക ഉപദേശകസമിതി ഉചിതമായി പ്രവർത്തിക്കേണ്ടതാണ്.
  • പ്രസിഡന്റ്: പൊതുയോഗത്തിൽ ഭൂരിപക്ഷത്തിനു സമ്മതനായ മുതിർന്ന ഒരംഗത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കേണ്ടതാണ്. ഇദ്ദേഹത്തിന് കുടുംബചരിത്രപരമായ അറിവും എല്ലാ ശാഖകളിൽപ്പെട്ടവരുമായി ഇടപെട്ട പരിചയവും ഉണ്ടായിരിക്കുന്നതു നല്ലത്. പ്രസിഡന്റ് എല്ലാ കുടുംബകമ്മിറ്റിയിലും അദ്ധ്യക്ഷത വഹിക്കേണ്ടതും കുടുംബയോഗത്തിന്റെ സുഗമമായ പ്രവർത്തനത്തിനു നേതൃത്വം നൽകേണ്ടതുമാണ്.
  • വൈസ് പ്രസിഡന്റ്: വൈസ് പ്രസിഡന്റിനെ പൊതുയോഗം തിരഞ്ഞെടുക്കേണ്ടതും പ്രസിഡന്റിനോടു ചേർന്നു പ്രസിഡന്റിന്റെ അഭാവത്തിൽ പ്രസിഡന്റിന്റെ കടമകൾ കുടുംബയോഗത്തിലും ഇതരകാര്യങ്ങളിലും നിർവ്വഹിക്കേണ്ടതുമാണ്.
  • ജനറൽ സെക്രട്ടറി : ജനറൽ സെക്രട്ടറിയെ പൊതുയോഗം തിരഞ്ഞെടുക്കേണ്ടതാണ്. പ്രസിഡന്റിന്റെ അംഗീകാരത്തോടുകൂടി ജനറൽ സെക്രട്ടറിയുടെ ചുമതലയിൽ ട്രഷറന്മാരിൽ ഒരാളും, ചീഫ് കോർഡിനേറ്ററും, ശാഖകളുടെ സെക്രട്ടറിമാരുംകൂടി കുടുംബയോഗത്തിന്റെ ഭരണകാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്. കുടുംബയോഗത്തിന്റെ സ്ഥാവരജംഗമസ്വത്തുക്കൾ സൂക്ഷിക്കുവാനും, കുടുംബയോഗങ്ങളുടെ മിനിറ്റ്സ് റിപ്പോർട്ട്സ്, കുടുംബ രജിസ്ട്രർ തുടങ്ങി എല്ലാ റിക്കാർഡുകളും എഴുതി വേണ്ട വിധം കൈകാര്യ ചെയ്യാനും ഇദ്ദേഹം ചുമതലപ്പെട്ടിരിക്കുന്നു. പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം എല്ലാ കമ്മിറ്റികളും വിളിച്ചു ചേർക്കേണ്ടതും, എല്ലാ യോഗങ്ങളുടെയും റിപ്പോർട്ട് അടുത്ത കമ്മിറ്റികളിൽ അവതരിപ്പിക്കേണ്ടതും വാർഷികറിപ്പോർട്ട് കുടുംബപൊതുയോഗത്തിൽ (വർഷം തോറും) അവതരിപ്പിക്കേണ്ടതും ഇദ്ദേഹമാണ്.
  • ചീഫ് കോർഡിനേറ്റർ: ജനറർ സെക്രട്ടറിയോടു ചേർന്ന് മഹാകുടുംബയോഗത്തിലെ എല്ലാ ശാഖകളുമായി ബന്ധപ്പെട്ടു പ്രസിഡന്റിന്റെ നിർദ്ദേശാനുസരണം ജനറൽ സെക്രട്ടറിയുമായി സഹകരിച്ച് യോഗങ്ങൾ വിളിച്ചുകൂട്ടുവാനും ഇതരവിഷയങ്ങളിൽ പ്രത്യേകമായി എന്തെങ്കിലും സംഘടിപ്പിക്കേണ്ടതുണ്ടെങ്കിൽ ആയതു വേണ്ടവിധം ചെയ്യുന്നതിനും ഇദ്ദേഹം ചുമതലപ്പെട്ടിരിക്കുന്നു.
  • ജനറൽ കൺവീനർ: എല്ലാവിധ യോഗങ്ങളുടെയും നടത്തിപ്പിന്റെ മേൽനോട്ടം വഹിക്കുകയും പൊതുയോഗത്തിന്റെ നടത്തിപ്പിൽ നേതൃത്വം വഹിക്കുകയും ചെയ്യുന്നു. പൊതുയോഗത്തിൽ മുതിർന്ന ഒരംഗത്തെ തിരഞ്ഞെടുത്ത് ഈവകകാര്യങ്ങൾ ചെയ്യുന്നതിനു ചുമതലപ്പെടുത്തിയ പ്രകാരമുള്ള വ്യക്തിയാണ് ജനറൽ കൺവീനർ.
  • ട്രഷറന്മാർ : വിവിധ ശാഖകളുൾക്കൊള്ളുന്ന കുടുംബമഹായോഗത്തിന്റെ വരവുചെലവു സംബന്ധിച്ച സാമ്പത്തികവിഭാഗത്തിന്റെ ചുമതലയാണിവർക്കുള്ളത്. പൊതുയോഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ട്രഷറന്മാർ കുടുംബമഹായോഗത്തിന്റെ എല്ലാ വരവുചെലവുകണക്കുകളും രേഖകൾ സഹിതം എഴുതി സൂക്ഷിക്കേണ്ടതും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അവതരിപ്പിച്ചശേഷം പൊതുയോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങേണ്ടതുമാണ്.
12. ധനകാര്യം
  • കുടുംബമഹായോഗത്തിന്റെ ചെലവുകളും ആവശ്യമായ ഫണ്ടും എല്ലാ ശാഖകളും ചേർന്ന് സ്വരൂപിക്കേണ്ടതാണ്. അംഗസംഖ്യയ്ക്ക് ആനുപാതികമായി എല്ലാ അംഗങ്ങളും കൂടിച്ചേർന്ന് സ്വരൂപിക്കുന്നതാണ് പൊതുഫണ്ട്. സാമ്പത്തികമായി ഉയർന്ന നിലവാരത്തിലുള്ളവർ ഇല്ലാത്തവരെ കണക്കിലെടുത്ത് കുറവുകൾ നികത്തിയും താരതമ്യവിവേചനമില്ലാതെയും സഹോദരസ്നേഹത്തിൽ ഉറച്ചുനിന്ന് സാമ്പത്തികകാര്യങ്ങൾ ക്രമീകരിക്കേണ്ടതാണ്. ശാഖകളുടെ അംഗസംഖ്യയുടെ ഏറ്റക്കുറച്ചിൽ കണക്കിലെടുക്കാതെ എല്ലാ ശാഖകളും, എല്ലാ അംഗങ്ങളും തുല്യരാണ്.
  • കുടുംബമഹായോഗത്തിന്റെ എല്ലാ ഫണ്ടുകളും പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറേഴ്സ് എന്നിവരുടെ ജോയിന്റ് അക്കൗണ്ടിൽ ബാങ്കിൽ നിക്ഷേപിക്കേണ്ടതും ട്രഷറന്മാരിൽ ഒരാളും, പ്രസിഡന്റോ, ജനറൽ സെക്രട്ടറിയോ എന്നുള്ളതിൽ ഒരാളും ചേർന്ന് ഒപ്പിട്ട് ബാങ്കിൽ നിന്നും ആവശ്യമായ തുക എടുത്ത് ചെലവുകൾക്കു വിനിയോഗിക്കാവുന്നതാണ്.
  • പണമിടപാടുകൾക്ക് രസീതും മറ്റു രേഖകളും നിർബന്ധമാണ്. അനുബന്ധം
  • ഭൂരിപക്ഷതീരുമാനങ്ങൾ എല്ലാം ശാഖകൾക്കും ഒരുപോലെ ബാധകമാണ്.
  • ശാഖകളിലെ അംഗങ്ങളുടെ ഏറ്റക്കുറച്ചിൽ കണക്കിലെടുക്കാതെ എല്ലാ ശാഖകളും അംഗങ്ങളും തുല്യരാണ്.
  • ഏതെങ്കിലും കാര്യത്തിലേക്കു പണപരമായി സംഭാവന നൽകുന്ന സമയത്ത് അംഗസംഖ്യയ്ക്ക് ആനുപാതികമായി എല്ലാ ശാഖകളും സംഭാവന നൽകേണ്ടതും അങ്ങനെ പൊതുഫണ്ടിലേക്ക് പണം സ്വരൂപിക്കേണ്ടതുമാണ്.
  • എല്ലാ അംഗങ്ങളും (ഏത് ശാഖയിൽപ്പെട്ടതായാലും) ആജീവനാന്ത അംഗത്വത്തിന് പൊതുവായി അംഗീകരിച്ചിട്ടുള്ള തുക അടച്ച് പേര് രജിസ്ട്രർ ചെയ്യേണ്ടതാണ്.
  • മഹായോഗത്തിലേക്കു ഭൂരിപക്ഷം നിശ്ചയിക്കുന്ന വരിസംഖ്യ എല്ലാ ശാഖകളിലുംപെട്ട അംഗങ്ങൾ മുടക്കമില്ലാതെ അടച്ചു രസീതു വാങ്ങേണ്ടതാണ്.
  • എല്ലാ കുടുംബാംഗങ്ങൾക്കും ശാഖ ഏതെന്നു വ്യക്തമാക്കിക്കൊണ്ട് മണിമല കുടുംബമഹായോഗത്തിന്റെ മെമ്പർഷിപ്പ് കാർഡ് നൽകേണ്ടതാണ്.
  • മേൽ വിവരിച്ച കാര്യങ്ങളിൽ എല്ലാ ശാഖകളും അതിലെ അംഗങ്ങളും, തുല്യപങ്കാളികളും തുല്യഉത്തരവാദിത്വമുള്ളവരുമാണ്. കാര്യങ്ങളുടെ നടത്തിപ്പിലേക്ക് നിശ്ചയിച്ച് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭരണസമിതികളിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവരും താന്താങ്ങളുടെ തസ്തികയനുസരിച്ച് കാര്യങ്ങളുടെ നടത്തിപ്പിൽ പങ്കാളികളാണ്. അതനുസരിച്ച് അവർ പ്രവർത്തിക്കേണ്ടത് എല്ലാ തീരുമാനങ്ങളുടെയും ഫലപ്രാപ്തിക്ക് അത്യാവശ്യമാണ്.
  • ഇപ്പോഴുള്ള ഭരണസമിതികളുടെ കാലാവധി 2015 -മേയ് മാസം വരെ ആയിരിക്കുന്നതും, 2015 മേയ്മാസത്തിനു മുമ്പു പുതിയ ഭരണസമിതിയംഗങ്ങളെയും തസ്തിക ഭാരവാഹികളെയും പൊതു തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കേണ്ടതുമാണ്. എന്നാൽ എല്ലാ ശാഖകൾക്കും അവരുടെ സെക്രട്ടറിമാരെ നിശ്ചയിച്ച് പൊതുഭരണസമിതിയിലേക്കു നോമിനേറ്റു ചെയ്യാവുന്നതാണ്.
  • മണിമല കുടുംബമഹായോഗത്തിന്റെ പ്രധാന പൊതുയോഗം നടത്തേണ്ടത് ത്രൈവാർഷികക്രമത്തിലായിരിക്കേണ്ടതാണ്.