മണിമല കുടുംബം - മീനച്ചില്‍ ശാഖ
foto

     പാലായില്‍ (മീനച്ചില്‍) പുരാതനപ്രസിദ്ധമായ 'മണിമല' എന്ന ക്രിസ്തീയമൂലകുടുംബത്തിന്‍റെ ഒരു ശാഖയാണ്‌ 'മീനച്ചില്‍ മണിമല' കുടുംബശാഖ.

  എഴുനൂറോളം വര്‍ഷംമുമ്പ് മണിമലദേശത്തു നിന്നു കുടുംബസമേതം വന്ന് മീനച്ചിലില്‍ ചെമ്പകശേരി ചേരിക്കലില്‍ താമസമാരംഭിച്ച പൂര്‍വ്വപിതാവ് ഔസേപ്പുമാപ്പിളയുടെ സന്തതിതലമുറകളിലായി എട്ടോളം ശാഖകളുണ്ട്. 'മണിമല' മൂലകുടുംബത്തിന്‍റെ അഞ്ചുശാഖകള്‍ ചേര്‍ന്നുള്ള മണിമല കുടുംബമഹായോഗത്തില്‍പ്പെട്ട 'മണിമല മീനച്ചില്‍' ശാഖയുടെ പൂര്‍വ്വികരിലൂടെയും മറ്റും അറിവായിട്ടുള്ള കുടുംബചരിത്രത്തോടു ബന്ധപ്പെട്ട കാര്യങ്ങളും വംശാവലിബന്ധങ്ങളുമാണ് ഈ കുറിപ്പു വഴി പ്രത്യേകാല്‍ രേഖപ്പെടുത്തുന്നത്.

   മണിമല കുടുംബമഹായോഗത്തിന്‍റെ ചരിത്രരേഖകളില്‍ മണിമലകുടുംബം മീനച്ചിലിലും, ആറിനു വടക്കേകരയിലും സ്ഥാപിതമായതിനെപ്പറ്റിയും മറ്റും വാമൊഴിയായും വരമൊഴിയായും അറിവായിട്ടുള്ള വസ്തുതകള്‍ കുടുംബചരിത്രരചനയില്‍ പൊതുവായി രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ആവക സംഗതികള്‍ ഇവിടെ ഇനിയും ആവര്‍ത്തിക്കേണ്ടതില്ലല്ലോ.

    എ.ഡി. 1736-ല്‍ അന്നത്തെ നാടുവാഴിയായ മീനച്ചില്‍ കര്‍ത്താ മീനച്ചിലാറിന്‍റെ വടക്കേക്കരയില്‍ (ഇന്നത്തെ പാലാപ്പട്ടണം സ്ഥിതി ചെയ്യുന്ന സ്ഥലത്ത്) അങ്ങാടി സ്ഥാപിച്ചപ്പോള്‍ അന്നത്തെ ക്രിസ്ത്യാനികളില്‍ പ്രധാനികള്‍ക്കെല്ലാം കടകള്‍ നിര്‍മ്മിക്കുന്നതിനുവേണ്ടി ഭരണകര്‍ത്താവായ ശ്രീമാന്‍ കര്‍ത്താ തന്നെ 'കമ്പുനാട്ടി' അതിരുകള്‍ തിട്ടപ്പെടുത്തി സ്ഥലം പതിച്ചു കൊടുത്തു(1990-ലെ പാലാ വലിയ പള്ളിയുടെ -കത്തീഡ്രല്‍ പള്ളി-സ്മരണിക പേജ് 119 കാണുക).അക്കാലത്തും മീനച്ചില്‍ കര്‍ത്താക്കന്മാരുമായി വളരെ നല്ല ബന്ധം പുലര്‍ത്തിപ്പോന്നിരുന്ന പ്രശസ്തമായ മണിമല കുടുംബത്തിലെ 'മണിമല വലിയതൊമ്മന്‍' എന്നു പ്രസിദ്ധനായിരുന്ന തൊമ്മന്‍പിതാവിന്‍റെ മൂത്തമകന്‍ ഔസേപ്പ് എന്ന പൂര്‍വ്വികന്‍ മീനച്ചിലാറിന്‍റെ വടക്കേക്കരയിലേക്ക്‌ അങ്ങാടിസ്ഥാപനത്തോടു ബന്ധപ്പെട്ട് ഭാര്യയും മകനുമൊത്തു താമസമാര൦ഭിച്ച വിവരം ഇവിടെ കുറിക്കുന്നത് കുടുംബശാഖകള്‍ തമ്മിലുള്ള ബന്ധം എന്തെന്നു വ്യക്തമാക്കുന്നതിനുവേണ്ടിക്കൂടിയാണ്.

   ടി 'വലിയതൊമ്മന്‍' പിതാവ്, മീനച്ചിലില്‍ മറ്റു മക്കളുമായി തറവാട്ടില്‍ താമസിക്കുമ്പോഴും വടക്കെക്കരയിലുള്ള മൂത്തമകന്‍റെ താന്‍ ശ്രദ്ധിക്കേണ്ടതായ എല്ലാ കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധചെലുത്തുകയും മകന്‍റെ എല്ലാവിധ പുരോഗതിക്കും വേണ്ടതു ചെയ്തതായും അനുമാനിക്കുന്നതില്‍ തെറ്റു വരുകയില്ലന്നു തോന്നുന്നു. കാരണം പിന്നീടുള്ള ചില തലമുറകള്‍ക്കുശേഷവും ആറിന്‍റെ വടക്കേക്കരയിലുണ്ടായിരുന്ന മണിമല ഇട്ടിച്ചെറിയ പിതാവും ആറിന്‍റെ തെക്കേക്കരയില്‍ മീനച്ചില്‍ - പാലാക്കാട് ഭാഗത്തുണ്ടായിരുന്ന 'മണിമല ആദം' എന്ന്‍ അക്കാലത്ത് പ്രശസ്തനായിരുന്ന 'മണിമല തൊമ്മന്‍' എന്ന പിതാവും ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നുവെന്ന്‍ ഇട്ടിച്ചെറിയ പിതാവിന്‍റെ അനന്തരതലമുറയില്‍പ്പെട്ട മണിമല - പയപ്പാര്‍ കൊച്ചൗസേപ്പ് മകന്‍ മണിമല വര്‍ക്കിച്ചനും(സ്വാതന്ത്ര്യസമരസേനാനി) മണിമല ചെമ്പകശേരിശാഖയിലെ ജോർജുക്കുട്ടിയും അവരുടെ പൂര്‍വ്വികരിലൂടെ കേട്ടറിവുള്ളത് ഇപ്പോഴും ഓര്‍മ്മിക്കുന്നു.

  മീനച്ചിലിലെ 'വലിയ തൊമ്മന്‍' പിതാവ് കൃഷിയോടൊപ്പം പൂര്‍വ്വികരുടെ തൊഴിലായ കുരുമുളകു വ്യാപാരം മുതലായ കച്ചവടവും നടത്തിപ്പോന്നിരുന്ന ആളായിരുന്നു. അങ്ങാടിയിലും കട അഥവാ 'കുടി' സ്ഥാപിച്ച് മൂത്തമകന്‍ ഔസേപ്പിന് കച്ചവടം ചെയ്യാന്‍ വേണ്ടതായ ഏര്‍പ്പാടുകള്‍ അദ്ദേഹം ചെയ്തുകൊടുത്തു.(ഈ കാലങ്ങളില്‍ മണിമല കുടുംബത്തിലെ കാരണവന്മാരെ ബഹുമാനപൂര്‍വ്വം 'മണിമല മാപ്പിള' എന്ന്‍ മറ്റുള്ള ഉന്നതര്‍ വിളിച്ചുപോന്നു.-കിഴക്കേക്കര കുടുംബയോഗം പേജ് 259 കാണുക.-'മാപ്പിള' എന്നാല്‍ 'മഹാപിള്ള' എന്ന ആശയമാണ്‌ ബഹുമാനപൂര്‍വ്വം അക്കാലങ്ങളില്‍ നല്‍കിവന്നിരുന്നത്).

  ടി 'വലിയ തൊമ്മന്‍' പിതാവിന്‍റെ മൂത്തമകന്‍ ഔസേപ്പ് ഉദ്ദേശം 1710-ല്‍ ജനിച്ചതായി കണക്കുകൂട്ടാം. അദ്ദേഹമാണ് തന്‍റെ 26-ാമത്തെ വയസ്സില്‍ 1736-ല്‍ പാലാ അങ്ങാടിസ്ഥാപനവുമായി ബന്ധപ്പെട്ട് ആറിനു വടക്കെക്കരയിലേക്ക് കുടുംബസമേതം മാറിത്താമസിച്ചത്. ഇദ്ദേഹത്തിന്‍റെ അനുജന്‍ മാണി എന്ന പൂര്‍വ്വപിതാവ് ഉദ്ദേശം 1712-ല്‍ ജനിച്ചു. അദ്ദേഹത്തിന്‍റെ അനന്തരതലമുറയില്‍പ്പെട്ട തൊമ്മന്‍ ഉദ്ദേശം 1734-ല്‍ പിറന്നു. ഈ തൊമ്മന്‍ പിതാവിന്‍റെ മകന്‍ മത്തായി ഉദ്ദേശം 1758-ല്‍ ജാതനായി.അദ്ദേഹത്തിന്‍റെ മകന്‍ മാണി എന്ന പിതാവ് ഉദ്ദേശം 1782-ല്‍ ജനിച്ചു. ഈ മാണി പിതാവിന്‍റെ പുത്രന്‍ ഔസേപ്പ്(ഉദ്ദേശം 1805) എന്ന പൂര്‍വ്വപിതാവിന്‍റെ മൂന്ന്‍ ആണ്‍മക്കളുടെ പിന്‍തലമുറക്കാരാണ് ഇന്നുള്ള മീനച്ചില്‍ മണിമല കുടുംബശാഖയിലുള്ളവര്‍.

  ടി ഔസേപ്പ് പിതാവിന്‍റെ മൂന്ന്‍ ആണ്‍മക്കള്‍ യഥാക്രമം ഒന്ന്‍,മാണി (ഉദ്ദേശം 1828) രണ്ട്,അബ്രഹാം (ഉദ്ദേശം 1830) മൂന്ന്‍,തൊമ്മന്‍(ഉദ്ദേശം 1832) എന്നിവരായിരുന്നു.പെണ്‍മക്കളും ഉണ്ടായിരുന്നിരിക്കണം. വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്തതുകൊണ്ട് ആവക കാര്യങ്ങള്‍ ഈ രേഖകളില്‍ ചേര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. ടി ഔസേപ്പ് (1805) പിതാവിന്‍റെ മൂന്ന് ആണ്‍മക്കളുടെ തലമുറകളില്‍ വ്യക്തമായി അറിവായിട്ടുള്ളവരെപ്പറ്റി മാത്രമാണ് ഈ വംശാവലി കുറിപ്പില്‍ വിവരങ്ങള്‍ ലഭ്യമായതനുസരിച്ച് കുറിച്ചിട്ടുള്ളത്.

  (പാലാ അങ്ങാടിസ്ഥാപനത്തിനു മുമ്പുതന്നെ മീനച്ചില്‍പ്രദേശത്തുനിന്നു മണിമല കുടുംബത്തിലെ പൂര്‍വ്വപിതാക്കന്മാരില്‍ ചിലര്‍ കുടുംബസ്ഥാപകനായ പൂര്‍വ്വപിതാവ് ഔസേപ്പ് വിട്ടുപോന്ന മണിമലദേശത്തേക്കും വായ്പൂരു തുടങ്ങിയ മണിമലദേശത്തിനടുത്തുള്ള പ്രദേശങ്ങളിലേക്കും, കുറവിലങ്ങാട്, തൊടുപുഴ, അതിരമ്പുഴ, കൂത്താട്ടുകുളം തുടങ്ങിയ സ്ഥലങ്ങളിലേക്കും മാറിത്താമസിച്ചതായി മണിമല കുടുംബത്തിലെ പിന്നീടുള്ള തലമുറയില്‍പ്പെട്ട കാരണവന്മാര്‍ പറഞ്ഞിട്ടുണ്ടെന്നുള്ളതും സാന്ദര്‍ഭികമായി ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ)

  ഔസേപ്പ്(1805) പിതാവിന്‍റെ മക്കളായ മാണി, അബ്രഹാം, തൊമ്മന്‍ എന്നീ സഹോദരന്മാരില്‍ മാണിപിതാവ് ഒന്നാംതരം കായികാഭ്യാസിയും കൃഷികാര്യങ്ങള്‍ക്കു പുറമേ പൂര്‍വ്വികരുടെ പാരമ്പര്യവുമായി ബന്ധപ്പെട്ട കച്ചവടത്തിലും ചിട്ടിനടത്തിപ്പിലും ഇടപെട്ട് അക്കാലത്ത് നാലാള്‍ അറിയുന്ന വിധം സല്‍പ്പേരിന് അര്‍ഹനായിത്തീര്‍ന്ന വ്യക്തി ആയിരുന്നു. മീനച്ചിലില്‍ പലയിടങ്ങളിലും അദ്ദേഹത്തിന് ഭൂസ്വത്തുക്കള്‍ ഉണ്ടായിരുന്നു.

  അബ്രഹാം പിതാവ് തന്‍റെ നീതിപൂര്‍വ്വമുള്ള പ്രവര്‍ത്തികളാലും ബുദ്ധിശക്തിയാലും 'ശ്ലേമോന്‍'(സോളമന്‍) എന്ന അപരനാമത്തില്‍ പ്രസിദ്ധനായിത്തീര്‍ന്നു. കരക്കാരുടെ പ്രശ്നങ്ങളില്‍ തീര്‍പ്പുകല്പിക്കുന്നതില്‍ അക്കാലത്ത് അദ്ദേഹം ദേശക്കാരാല്‍ മാനിക്കപ്പെട്ടു. അദ്ദേഹം കാര്യതീരുമാനത്തിനായി വലിയകൊട്ടാരം ഭാഗത്ത് പാര്‍ത്തുവന്ന സ്ഥലത്തിന് ഈ കാലത്തും മണിമല ശ്ലേമോന്‍റെ കോട്ടയ്ക്കകം എന്നു പറഞ്ഞുപോരുന്നുണ്ട്.(ഈ സ്ഥലത്തിന്‍റെ കുറച്ചുഭാഗം ഇപ്പോള്‍ തൊടുക കുടുംബക്കാരുടെ വകയാണ്. അദ്ധ്യാപകനും പ്രസിദ്ധകാഥികനുമായിരുന്ന ശ്രീമാന്‍ പുന്നൂസ് തൊടുക ഇവിടെയാണ് ഇപ്പോള്‍ പുതിയ ഭവനം പണിതു പാര്‍ക്കുന്നത്).

  അബ്രഹാം പിതാവ് 'ശ്ലേമോൻ' എന്ന പേരില്‍ പ്രസിദ്ധനായപ്പോള്‍ സഹോദരനായ തൊമ്മന്‍ പിതാവിന്,ഏഴടിക്കൊത്ത ഉയരത്താലും അതിനൊത്ത ആകാരവലിപ്പത്താലും ഏതെങ്കിലും ആവശ്യവുമായി തന്നെ സമീപിക്കുന്ന നാട്ടുകാരുടെയും വീട്ടുകാരുടെയും ആവശ്യങ്ങളില്‍ ഒരു പിതാവിനൊത്ത ഉത്തരവാദിത്വത്തോടുകൂടി ഇടപെട്ടിരുന്നതിനാലും 'ആദം പിതാവ്' അഥവാ 'മണിമല ആദം' എന്ന പേരുകൂടി ദേശക്കാരും വീട്ടുകാരും ബഹുമാനപൂര്‍വ്വം നല്‍കിയിരുന്നു.അദ്ദേഹം പാലാക്കാട്(മീനച്ചില്‍) പാര്‍ത്തുവന്ന സ്ഥലത്തിന് 'മണിമല പുരയിടം' എന്നുപറയുമ്പോഴും ചിലരെങ്കിലും 'പറുദീസ' എന്നാണ് ആദം ഒന്നാമന്‍ തുടങ്ങിയവര്‍ പാര്‍ത്തിരുന്ന സ്ഥലഭാഗത്തെ ഇന്നും വിശേഷിപ്പിക്കുന്നത്(ഇപ്പോള്‍ ഈ സ്ഥലം പ്രശസ്ത സാമൂഹികപ്രവര്‍ത്തകനായ ശ്രീ ഡിജോ കാപ്പന്‍റെ വകയാണ്).

  ആദം ഒന്നാമന്‍ എന്ന തൊമ്മന്‍ പിതാവ്, മീനച്ചിലാറിന്‍റെ വടക്കേക്കരയിലേക്ക്‌ 1736-ല്‍ മാറിത്താമസമാരംഭിച്ച ഔസേപ്പ് എന്ന പൂര്‍വ്വപിതാവിന്‍റെ പിന്‍തലമുറകളില്‍പ്പെട്ട ഇട്ടിച്ചെറിയ പിതാവിന്‍റെ (1828) സമകാലികനായിരുന്നു.ഇട്ടിച്ചെറിയ പിതാവും തൊമ്മന്‍ എന്ന ആദം പിതാവും പരസ്പര സഹകരണത്തിലും ഉറ്റബന്ധത്തിലുമായിരുന്നുവെന്നുള്ളത് ടി ഇട്ടിച്ചെറിയപിതാവിന്‍റെ പിന്‍തലമുറകളിലുള്ളവരില്‍ ചിലരെങ്കിലും ഇന്നും ഓര്‍മ്മിക്കുന്നുണ്ട്.

  അക്കാലത്ത് മീനച്ചിലുള്ള മണിമലക്കുടുംബക്കാരും ആറിനു വടക്കേക്കരയിലുള്ള മണിമലക്കുടുംബക്കാരും വളരെ അടുത്ത സമ്പര്‍ക്കത്തിലും ബന്ധത്തിലും കഴിഞ്ഞുപോന്നിരുന്നെങ്കിലും പിന്നീടു പലതലമുറകള്‍ കഴിഞ്ഞപ്പോള്‍ ഈ ബന്ധത്തിന്‍റെ ഇഴകള്‍ അയഞ്ഞും അകന്നും പോയെന്നുള്ളതാണു വാസ്തവം. എങ്കിലും ഏകമൂലകുടുംബത്തില്‍പ്പെട്ടവരാണ് തങ്ങളെല്ലാവരുമെന്നുള്ള ബോധം കാരണവന്‍മാര്‍ സൂക്ഷിച്ചുപോന്നിരുന്നു.