മണിമല - കല്ലകത്ത് ശാഖ
foto

    പാലായില്‍ എഴുന്നൂറോളം വര്‍ഷത്തെ ചരിത്രപാരമ്പര്യമുള്ള മണിമല മൂലകുടുംബത്തിന്‍റെ ഒരു ശാഖയാണ്‌ മണിമല കല്ലകത്തുകുടുംബം.

  മണിമലദേശത്തുനിന്നു മീനച്ചില്‍കര്‍ത്താക്കന്മാരാല്‍ മീനച്ചില്‍പ്രദേശത്ത് എഴുന്നൂറോളം വര്‍ഷം മുമ്പ് കുടുംബസമേതം വന്നു ചെമ്പകശേരി ചേരിക്കലില്‍ താമസമാരംഭിച്ച കുടുംബസ്ഥാപകന്‍ ഔസേപ്പ് എന്ന പൂര്‍വ്വപിതാവിന്‍റെ സന്തതിപരമ്പരകളാണ് പുരാതനമായ മണിമല മൂലകുടുംബത്തിന്‍റെ എട്ടില്‍പരം കുടുംബശാഖകള്‍.

  ഇപ്രകാരമുള്ള കുടുംബശാഖകളില്‍ അഞ്ചു ശാഖകള്‍ ചേര്‍ന്നിട്ടുള്ള മണിമലകുടുംബമഹായോഗത്തില്‍ ഉള്‍പ്പെടുന്നതാണ് മണിമല കല്ലകത്ത് കുടുംബം.

  1736-ല്‍ മീനച്ചില്‍ കര്‍ത്താ പാലാ അങ്ങാടി സ്ഥാപിച്ചപ്പോള്‍ പ്രധാനപ്പെട്ട ക്രൈസ്തവകുടുംബങ്ങളില്‍പ്പെട്ടവര്‍ക്ക് അങ്ങാടിയില്‍ കച്ചവടം ചെയ്യുന്നതിനും മറ്റുമുള്ള സ്ഥലം കമ്പുകുത്തി അതിരുകള്‍ തിട്ടപ്പെടുത്തി നാടുവാഴിത്തമ്പുരാനായ കര്‍ത്താ തന്നെ നല്‍കിയെന്നുള്ളത് ചരിത്രത്തിലുള്ള വസ്തുതയാണ്.(1990-ലെ പാലാ വലിയ പള്ളി സ്മരണിക 119-ാ൦ പേജ് കാണുക.)

  ഇപ്രകാരം ആറിനു വടക്കേക്കരയില്‍ അങ്ങാടി സ്ഥാപിച്ചപ്പോള്‍ മീനച്ചിലില്‍ മണിമലത്തറവാട്ടില്‍ നിന്നും 'മണിമല വലിയതൊമ്മന്‍' എന്ന പൂര്‍വ്വപിതാവിന്‍റെ മകന്‍ ഔസേപ്പ് 1736-ല്‍ ആറിന്‍റെ വടക്കേക്കരയിലേക്കു കുടുംബസമേതം വന്നു  താമസമാരംഭിച്ചു.

  അക്കാലത്ത് മാസത്തിലൊന്ന് ളാലത്തമ്പലത്തില്‍ തൊഴാനായി വരുന്ന ഭരണകര്‍ത്താവായ മീനച്ചില്‍ തമ്പുരാന് 'മുഖം കാണിക്കാന്‍' മണിമലക്കുടുംബത്തിലെ കാരണവര്‍ക്ക് അവകാശവും അതനുസരിച്ചുള്ള അധികാരപദവിയും നല്‍കി ഭരണാധികാരി തീര്‍പ്പുണ്ടാക്കി. മണിമലക്കുടുംബക്കാരുമായിട്ടുള്ള പൂര്‍വ്വകാലബന്ധങ്ങളുടെ കെട്ടുറപ്പും ഊഷ്മളതയും കണക്കിലെടുത്ത് ളാലത്തമ്പലത്തിനു പടിഞ്ഞാറോട്ടുള്ള പ്രദേശത്ത് കരം ഒഴിവാക്കി മീനച്ചില്‍ കര്‍ത്താവു തന്നെ ആളുകളെ അയച്ച് 'കമ്പുകുത്തി' അതിരുകള്‍ തിട്ടപ്പെടുത്തി മീനച്ചിലാറിനു വടക്കേക്കരയിലും മണിമലക്കുടുംബത്തിന് 'മണിമല പുരയിടം' നല്‍കി. ഇപ്പോഴുള്ള പാലാ-രാമപുരം റോഡിന് ഇരുവശത്തുമായിട്ടായിരുന്നു ടി ഭൂസ്വത്തുക്കള്‍. അക്കാലത്ത് മണിമലക്കുടുംബക്കാരുടെ താമസം ഈ ഭാഗത്തായിരുന്നു.

  മീനച്ചില്‍പ്രദേശത്തുനിന്ന് അങ്ങാടിസ്ഥാപനത്തോടു ബന്ധപ്പെട്ട് ആറിനു വടക്കേക്കരയില്‍ താമസമാരംഭിച്ച ഔസേപ്പ് എന്ന പിതാവ് അക്കാലത്ത് മീനച്ചിലില്‍ 'മണിമല വലിയതൊമ്മന്‍' എന്നു പ്രസിദ്ധനായിരുന്ന പൂര്‍വ്വികന്‍റെ മൂത്തപുത്രനായിരുന്നു.

  ടി വലിയതൊമ്മന്‍ ഉദ്ദേശം 1680-90 കാലത്ത് ജനിച്ച ആളെന്നുള്ളതാണ് കാലഗണനക്രമമനുസരിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

  ഇദ്ദേഹത്തിന്‍റെ മൂത്തമകന്‍ ഔസേപ്പ് (ഉദ്ദേശം 1710-ല്‍ ജനിച്ചു). തന്‍റെ 26-)മത്തെ വയസ്സില്‍ ആറിന്‍റെ വടക്കേക്കരയിലേക്കു തന്‍റെ ഭാര്യയും അന്ന് ഉദ്ദേശം നാലു വയസ്സുള്ള തൊമ്മന്‍(ഉദ്ദേശം 1732-ല്‍ ജനിച്ചു) എന്ന മൂത്തപുത്രനുമൊത്തു വന്നു താമസമാരംഭിക്കുകയായിരുന്നു.

  മണിമല കല്ലകത്ത് ശാഖയുടെ വംശാവലി കണക്കിലെടുത്താല്‍ ഉദ്ദേശം 1732-ല്‍ ജനിച്ച തൊമ്മന്‍റെ മകന്‍ ഔസേപ്പ് ഉദ്ദേശം 1756-ല്‍ജനിച്ചു. ഇദ്ദേഹത്തിന്‍റെ രണ്ടാമത്തെ മകന്‍ 'ചെറിയാന്‍' എന്ന പിതാവ് ഉദ്ദേശം 1780-ല്‍ ജനിച്ചു. ഇദ്ദേഹത്തിന്‍റെ മൂത്ത മകന്‍ ഔസേപ്പ് (കൊച്ചാപ്പന്‍) ഉദ്ദേശം 1803-ല്‍ ജനിച്ചതായിട്ടാണ് കണക്കാക്കുന്നത്. ഇദ്ദേഹത്തിന് രണ്ട് ആണ്‍മക്കളാനുണ്ടായിരുന്നത്. ഔസേപ്പ് എന്ന പിതാവാണ് (കൊച്ചാപ്പനാണ്) മണിമലക്കുടിശാഖയുടെ തുടക്കക്കാരനെന്നു പറഞ്ഞാല്‍ തെറ്റുവരുകില്ലെന്നു കാണാന്‍ കഴിയും.

  കൊച്ചാപ്പന്‍(1803-ഔസേപ്പ്) എന്ന പിതാവിന്‍റെ മൂത്തമകന്‍ ചെറിയാന്‍ ഉദ്ദേശം 1824-ല്‍ ജനിച്ചു ഈ ചെറിയാന്‍പിതാവ് പ്രായപൂര്‍ത്തിയായി വിവാഹം കഴിച്ച് മണിമലക്കാരുടെ കച്ചവടസ്ഥലത്ത് താമസിച്ചു. അന്ന് കച്ചവടപ്പീടികയ്ക്ക് 'കുടി' എന്നും 'കുടില്‍' എന്നും പറയാറുണ്ടായിരുന്നു. കച്ചവടക്കാരന്‍ പീടികയോടടുത്തു താമസിച്ചുപോന്നത് കച്ചവടത്തിന്‍റെ സുരക്ഷയ്ക്കു വേണ്ടിക്കൂടിയായിരുന്നു. ഇപ്രകാരം താമസിച്ചുവന്നതിനാല്‍ ടി ചെറിയാന്‍പിതാവിന്‍റെ തലമുറമുതലുള്ളവരെ 'മണിമലക്കുടി' എന്നും പറഞ്ഞുപോന്നു. ഈ മണിമലക്കുടിശാഖയാണ്‌ പിന്നീട് മണിമല കല്ലകത്ത് എന്ന്‍ അറിയപ്പെട്ടിരിക്കുന്നത്.

  ടി ചെറിയാന്‍ എന്ന പിതാവിന്‍റെ പുത്രന്‍ ഉദ്ദേശം 1845-ല്‍ ജനിച്ച ഔസേപ്പുപിതാവിന്‍റെ പുത്രന്‍ ഉദ്ദേശം 1869-ല്‍ ജനിച്ച ഔസേപ്പിന്, ഔസേപ്പ് (ഉദ്ദേശം 1890), മത്തായി (ഉദ്ദേശം 1892), തൊമ്മന്‍ (ഉദ്ദേശം 1894) എന്നീ പുത്രന്മാരും ത്രേസ്യാ എന്ന പുത്രിയും ജനിച്ചു. പുത്രിയെ പാലാ തയ്യില്‍ വീട്ടില്‍ വിവാഹം ചെയ്തയച്ചു. മക്കളില്ലാതെ മരിച്ചുപോയി. മത്തായിക്ക് പാലാ അങ്ങാടിയിലെ വീട് ലഭിച്ചു. ഔസേപ്പ്, തൊമ്മന്‍ എന്നിവര്‍ രാമപുരം ഐങ്കോമ്പല്‍ കല്ലകത്തുപുരയിടം വാങ്ങി താമസിച്ചു.