മണിമല കുടുംബം - കാടന്‍കാവില്‍ ശാഖ
foto

  പാലായില്‍ എഴുന്നൂറോളം വര്‍ഷത്തെ പ്രൗഢപാരമ്പര്യമുള്ള ഒരു ക്രൈസ്തവകുടുംബമാണ് മണിമല കാടന്‍കാവില്‍ കുടുംബം. ഇത് മണിമല എന്ന മൂലകുടുംബത്തിന്‍റെ ഒരു ശാഖയാണ്‌.

  പാലയില്‍(മീനച്ചില്‍) എഴുന്നൂറോളം വര്‍ഷ൦ മുമ്പ് കുടുംബസമേതം വന്നുപാര്‍ത്ത ഔസേപ്പ് എന്ന പൂര്‍വ്വപിതാവിന്‍റെ സന്തതിതലമുറയില്‍പെട്ടവരാണ് മണിമല കുടുംബത്തിന്‍റെ ഇന്നുള്ള എല്ലാ ശാഖാവിഭാഗങ്ങളുമെന്ന്‍ മണിമലകുടുംബമഹായോഗത്തിന്‍റെ പൊതുചരിത്രത്തില്‍നിന്നു മനസ്സിലാക്കാമല്ലോ.

  എഴുന്നൂറു വര്‍ഷത്തെ തലമുറകളിലുള്ള പിതാക്കന്മാരുടെയും മറ്റും ജനന-മരണ കണക്കുകളുടെ ആണ്ടുതിയതികള്‍ കൃത്യമായി ലഭിക്കുക എന്നത് ദുഷ്കരമാണ്. എന്നാല്‍ പൂര്‍വ്വികരായിരുന്ന മാതാപിതാക്കന്മാര്‍ പകര്‍ന്നുതന്ന അറിവുകളും ചരിത്രവസ്തുതകളും രേഖാക്കുറിപ്പുകളുമാണ് ഏറെക്കുറെ തലമുറകളുടെ വ്യക്തമായിട്ടുള്ള കാലഗണനാനിഗമനത്തിന് ആധാരമായിരിക്കുന്നത്.

  മീനച്ചിലിന്‍റെ അന്നത്തെ ഭരണാധികാരികളായിരുന്ന മീനച്ചില്‍ കര്‍ത്താക്കന്മാരുമായി സഹകരിച്ചും പാലാ വലിയപള്ളിയുമായി ബന്ധപ്പെട്ടും മീനച്ചില്‍ കേന്ദ്രമായും പ്രസിദ്ധമായിരുന്ന മണിമല കുടുംബത്തില്‍ ഉദ്ദേശം 1680-1690, കാലത്തു ജനിച്ച് 'മണിമല വലിയ തൊമ്മന്‍' എന്ന്‍ അക്കാലത്ത് പ്രശസ്തനായിരുന്ന പൂര്‍വ്വപിതാവില്‍ എത്തി, തുടര്‍ന്നുവരുന്ന തലമുറകളാണ് മണിമല മൂലകുടുംബത്തിൻറെ ഇന്നുള്ള എല്ലാ ശാഖകളുമെന്നുള്ളതാണ് കുടുംബചരിത്രപരമായിട്ട് തലമുറകളെ സംബന്ധിച്ചുള്ള പഠനങ്ങളില്‍ തെളിവായിട്ടിരിക്കുന്നത്.

  1736-ല്‍ മീനച്ചില്‍ കര്‍ത്താക്കന്മാര്‍ മീനച്ചിലാറിനു വടക്കേക്കരയില്‍ അങ്ങാടി സ്ഥാപിച്ചപ്പോള്‍ അന്നുള്ള പ്രഗല്ഭ ക്രൈസ്തവകുടുംബങ്ങളില്‍നിന്നുള്ള ചില വ്യക്തികളെ അങ്ങാടിസ്ഥാപനത്തോടു ബന്ധപ്പെടുത്തി കച്ചവടത്തിനും മറ്റുമായി ആറിന്‍റെ വടക്കേക്കരയില്‍ ളാലം മുതലായ ഭാഗത്തേക്ക് ഭരണാധികാരിയായ മീനച്ചില്‍ കര്‍ത്താ തന്നെ കൊണ്ടുവന്ന് സ്ഥലം അളന്നു 'കമ്പുകുത്തി' അതിരുകള്‍ നിശ്ചയിച്ചു നല്കിയെന്നുള്ളത് പാലയുടെ പൊതുചരിത്രത്തിലുള്ള കാര്യമാണ്.

   ഇതോടു ബന്ധപ്പെട്ട് മീനച്ചിലില്‍ പ്രബലമായ മണിമലകുടുംബത്തില്‍നിന്നു മേല്‍പറഞ്ഞ തൊമ്മന്‍പിതാവിന്‍റെ മൂത്തമകന്‍ ഔസേപ്പ് എന്ന പിതാവ് ഭാര്യയും മൂത്തമകന്‍ തൊമ്മന്‍ എന്ന പൈതലുമായി 1736-കാലത്ത് ആറിന്‍റെ വടക്കേക്കരയില്‍ ളാലം ഭാഗത്തു താമസമാക്കി. ഈ പിതാവിനെ സൗകര്യാര്‍ത്ഥം ആറിനു വടക്കേക്കരയിലുള്ള തലമുറകളിലെ ഔസേപ്പ് ഒന്നാമന്‍ എന്നു വിളിക്കാം. ഇദ്ദേഹം ഉദ്ദേശം 1710-ല്‍ ജനിച്ചതായി കണക്കാക്കുമ്പോള്‍ തന്‍റെ 26-ാ൦ വയസ്സില്‍ ളാലം ഭാഗത്ത് എത്തിയതായി കരുത്തുകയാണു ശരി. ഇദ്ദേഹത്തിന്‍റെ മൂത്തമകന്‍ ഉദ്ദേശം 1732-ല്‍ ജനിച്ച തൊമ്മന്‍ എന്ന പിതാവിന്‍റെ മൂത്തമകന്‍ ഔസേപ്പ് ഉദ്ദേശം 1756-ല്‍ ജനിച്ചതായി കണക്കാക്കുന്നു. ഇദ്ദേഹത്തെ ഔസേപ്പ് രണ്ടാമന്‍ എന്നു കരുതിയാല്‍, ഈ പറയുന്ന ഔസേപ്പ് രണ്ടാമന്‍റെ മൂന്ന് ആണ്‍മക്കളുടെ അനന്തരതലമുറകളാണ് മീനച്ചിലാറിനു വടക്കേക്കര കേന്ദ്രീകരിച്ചുള്ള മണിമല കുടുംബത്തിന്‍റെ ശാഖകള്‍.

  ടി ഔസേപ്പ് ഒന്നാമന്‍റെ(1710) സഹോദരങ്ങള്‍ മാണിയും തൊമ്മനും മീനച്ചില്‍പ്രദേശത്തു തന്നെയായിരുന്നു. ഈ പിതാക്കന്മാരും അവരുടെ അനന്തരതലമുറകളും മീനച്ചില്‍പ്രദേശത്തുതന്നെ വസിക്കുകയും പിന്നീട് പല തലമുറകളായി മീനച്ചില്‍ വിട്ട് പല പ്രദേശങ്ങളിലേക്കും മാറിത്താമസിക്കുകയുമുണ്ടായി.അവരാണ് മീനച്ചില്‍ മണിമല കുടുംബശാഖയിലുള്ളവര്‍.

  ളാലം ഭാഗത്ത് ഔസേപ്പ് രണ്ടാമന്‍ എന്ന പൂര്‍വ്വപിതാവിന്‍റെ മൂന്ന്‍ ആണ്‍മക്കളുടെ തലമുറകളാണ് മണിമല കുടുംബത്തിന്‍റെ ഇന്നുള്ള പല ശാഖകളുമെന്ന് മുകളില്‍ സൂചിപ്പിച്ചിരുന്നു. ഈ സഹോദരങ്ങള്‍- തൊമ്മന്‍, ചെറിയാന്‍,ഔസേപ്പ് എന്നിവരായിരുന്നു. ഇതില്‍ തൊമ്മന്‍പിതാവ് കാലക്രമത്തില്‍ പോണാടുപ്രദേശത്തേക്കു മാറിത്താമസിച്ചു. ഇദ്ദേഹമാണ് മണിമല പൊടിമറ്റം കുടുംബശാഖയുടെ പൂര്‍വ്വപിതാവ് എന്നുള്ളതാണ് പൂര്‍വ്വികര്‍ വാമൊഴിയായും വരമൊഴിയായും സ്ഥിരീകരിച്ചിട്ടുള്ള ചരിത്രം.

  ടി തൊമ്മന്‍പിതാവിന്‍റെ അനുജന്‍ ചെറിയാന്‍ എന്ന പിതാവാണ് മണിമല പയപ്പാര്‍, മണിമല ചെമ്പകശ്ശേരി, മണിമല കല്ലകത്ത് എന്നിങ്ങനെയുള്ള കുടുംബശാഖകളുടെ പൂര്‍വ്വപിതാവ് എന്നു കണ്ടെത്തുമ്പോള്‍, ഇദ്ദേഹത്തിന്‍റെ ഇളയസഹോദരന്‍ ഔസേപ്പ് എന്ന പിതാവാണ് മണിമല കാടന്‍കാവില്‍ കുടുംബശാഖയുടെ പൂര്‍വ്വപിതാവ്. വേണമെങ്കില്‍ ഇദ്ദേഹത്തെ സൗകര്യപൂര്‍വ്വം ബഹുമാനത്തോടെ ഔസേപ്പ് മൂന്നാമന്‍ എന്ന്‍ മുന്‍തലമുറകളിലെ ഔവുസേപ്പുനാമധാരികളോടു ബന്ധപ്പെടുത്തി വിളിക്കാം. ഈ പിതാവ് ഉദ്ദേശം 1782-ല്‍ ജനിച്ചതായി കണക്കാക്കുമ്പോള്‍, ഇദ്ദേഹത്തിന്‍റെ പുത്രന്‍ ഉദ്ദേശം 1804-ല്‍ ജനിച്ച തൊമ്മന്‍ എന്ന പിതാവിന്‍റെ രണ്ടാണ്‍മക്കളില്‍, ഉദ്ദേശം 1826-ല്‍ ജനിച്ച മത്തായി എന്ന പിതാവ് കുടുംബസമേതം കാടന്‍കാവില്‍പുരയിടത്തിലേക്കു മാറിത്താമസിച്ചതുമുതല്‍ മണിമല കുടുംബത്തിന്‍റെ ഈ ശാഖയ്ക്ക് മണിമല കാടന്‍കാവില്‍ എന്ന കുടുംബപ്പേര് രേഖകളിലും ചേര്‍ക്കപ്പെട്ടു. ഇത് ഏതാണ്ട് 1850-ന് അടുത്തുള്ള കാലത്താണെന്ന് അനുമാനിക്കാം. (കേരളചരിത്രഡയറക്ടറിയില്‍ കാടന്‍കാവില്‍ശാഖയോടു ബന്ധപ്പെടുത്തി എഴുതിയിട്ടുള്ള മണിമലകുടുംബത്തിന്‍റെ ചരിത്രവും(പേജ് 270-271) മണിമല കാടന്‍കാവില്‍ തൊമ്മന്‍ തോമസ്‌(കുഞ്ഞമ്മന്‍) 1951-ല്‍ എഴുതിവച്ചിട്ടുള്ള കുടുംബചരിത്രത്തിന്‍റെ കോപ്പിയും കാണുക)

  എ.ഡി.1830 കാലംവരെ മണിമല എന്ന കുടുംബപ്പേരില്‍ത്തന്നെയാണ് വലിയ പള്ളിയോടു ബന്ധപ്പെട്ട 'മണിമല കുടുംബം' ആറ്റിനക്കരെയും ഇക്കരെയും നിലനിന്നുപോന്നത്‌. അന്ന് വലിയപള്ളിയുടെ ഭരണം നടത്തിയിരുന്ന 16-കുടുംബങ്ങളില്‍ ഒന്ന്‍ മണിമല കുടുംബം ആണെന്നുള്ളത്‌ 1990-ലെ ടി പള്ളി സ്മരണികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.(ടി സ്മരണിക പേജ് 6 കാണുക). ഇപ്രകാരം കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ മണിമല എന്ന മൂലകുടുംബത്തോടു തുല്യപ്രാധാന്യത്തില്‍ ബന്ധപ്പെട്ട കുടുംബശാഖയാണ്‌ മണിമല കുടുംബമഹായോഗത്തിന്‍റെ ഓരോ ശാഖകളുമെന്നു മനസ്സിലാക്കാം.

  ശാഖകളെ സംബന്ധിച്ച്, വരുംതലമുറകളും വസ്തുതകള്‍ മനസ്സിലാക്കി, സ്നേഹബന്ധത്തിലും സാഹോദര്യത്തിലും ഒരുമയോടും ഐക്യത്തോടുംകൂടി മുമ്പോട്ടുപോകുമ്പോഴാണല്ലോ കുടുംബചരിത്രത്തിന്‍റെ മഹത്തായ പൈതൃകപാരമ്പര്യം മൂല്യമുള്ളതായിത്തീരുന്നത്.

  ഈവക കാര്യങ്ങള്‍ കണക്കിലെടുത്ത് 1826-ല്‍ ജനിച്ച മണിമല കാടന്‍കാവില്‍ മത്തായി എന്ന പിതാവിന്‍റെ പിന്‍തലമുറകളെപ്പറ്റി അറിവായിട്ടുള്ള കാര്യങ്ങള്‍ മുന്‍വംശാവലിയോടു ബന്ധപ്പെടുത്തി ഇപ്പോള്‍ രേഖപ്പെടുത്തുകയാണ്(കാടന്‍കാവില്‍പുരയിടങ്ങള്‍ കരൂര്‍ പ്രദേശത്താണുള്ളത്. മണിമല കുടുംബക്കാര്‍ കാടന്‍കാവില്‍പുരയിടങ്ങളുടെ ഒരു ഭാഗം വാങ്ങിയപ്പോള്‍ ഞാവള്ളി കുടുംബക്കാരും ഈ പുരയിടത്തിന്‍റെ ഒരു ഭാഗം വാങ്ങുകയുണ്ടായി. ഇപ്രകാരം ഞാവള്ളി കുടുംബത്തിന്‍റെ ഒരു ശാഖ ഞാവള്ളി കാടന്‍കാവില്‍ എന്ന്‍ അറിയപ്പെടുന്നു).