മണിമലകുടുംബമഹായോഗം
ചരിത്രം
മണിമല കുടുംബചരിത്രം

   തായ് വേരുകല്‍ തേടി കണ്ടെത്തുന്നത് മനുഷ്യസമൂഹത്തിന്റെ ചിന്താധാരയിൽ സഹസ്രാബ്ദങ്ങളോടു ബന്ധപ്പെട്ടു കാണുന്ന കാര്യമാണ്. മാനവവംശം ഏകമെങ്കിലും കാലഘട്ടങ്ങളിലൂടെ ഗോത്രങ്ങളും സമുദായങ്ങളുമൊക്കെ സമൂഹത്തിന്റെ ക്രമീകരണങ്ങളുടെ ഭാഗമായി സംഭവിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന്റെ ആരംഭപശ്ചാത്തലം കണ്ടെത്തി അതിന്റെ ചരിത്രം പഠിച്ച് രേഖപ്പെടുത്തുന്നത് കഴിഞ്ഞ തലമുറകളോടുള്ള ആദരവിന്റെയും വരാനിരിക്കുന്ന തലമുറകളോടുള്ള കരുതലിന്റെയും ബോധപൂർവ്വമുള്ള പ്രവൃത്തിയാണെന്നുള്ളതാണു വാസ്തവം.

   വാസ്തവമായതിനെ അംഗീകരിക്കുന്നതാണു ശരി. അതിനാൽ ശരിയുടെ വഴിയേ, കഴിഞ്ഞുപോയ തലമുറകളെ ആദരപൂർവ്വം ഓർമ്മിച്ചുകൊണ്ടും; ഇപ്പോഴുള്ള കുടുംബാംഗങ്ങളുടെയും വരാനിരിക്കുന്ന തലമുറകളിലെ കുടുംബാംഗങ്ങളുടെയും സ്നേഹത്തിലധിഷ്ഠിതമായ ജീവിതപുരോഗതിയെ ലക്ഷ്യംവച്ചുകൊണ്ടും, മണിമലകുടുംബമഹായോഗത്തിന്റെ ചരിത്രം രേഖപ്പെടുത്തുവാൻ ഇടയായതിന് സർവ്വശക്തനായ ദൈവത്തിനു നന്ദി പറയുന്നു.

   എല്ലാ മഹത്വവും ഏക സത്യദൈവത്തിനു മാത്രമുള്ളതാണ്. ആ മഹാമഹത്വത്തിൽ പങ്കുചേരാൻ വിളിക്കപ്പെട്ടവരാണല്ലോ എല്ലാ മനുഷ്യരും. അങ്ങനെ വരുമ്പോൾ ഓരോ നല്ല കുടുംബവും ദൈവമഹത്വത്തിന്റെ അടയാളവും സാക്ഷ്യവുമാണെന്നു പറയാൻ മടിക്കേണ്ടതില്ല. അവിടെയാണ് കുടുംബചരിത്രം പ്രസക്തമാകുന്നത്.

   സാധാരണയായി കുടുംബചരിത്രങ്ങൾ എഴുതുന്നതിന് ഉപാദാനങ്ങളായിട്ടുള്ളത് പൂർവ്വികർ അടുത്ത തലമുറകൾക്കു പകർന്നു നൽകിയിട്ടുള്ള സംഭവവിവരങ്ങളും അവർ പാർത്തുവന്നിട്ടുള്ള സ്ഥലങ്ങളും അതോടു ബന്ധപ്പെട്ടു കാണുന്ന അടയാളങ്ങളുടെ ശേഷിപ്പുകളും ചരിത്രസംബന്ധമായ കുറിപ്പുകളും മറ്റുമാണ്. അപ്പോൾ വാമൊഴിയായിട്ടുള്ളതും വരമൊഴിയായിട്ടുള്ളതുമായ കഴിഞ്ഞകാലവിവരങ്ങളാണ് കുടുംബചരിത്രരചനയ്ക്ക് അടിസ്ഥാനമായിട്ടുള്ളത്.

   അതിപുരാതനമായ മണിമലകുടുംബത്തിന് എട്ടോളം ശാഖകളും അതിന്റെ ഉപശാഖകളും പൊതുവായിട്ടുണ്ടെന്നുള്ളതാണ് നേർവഴിയിലുള്ള കണ്ടെത്തൽ. ഇതിൽ മൂന്നു ശാഖകൾക്ക്, അവരുടേതായ തനതു ശാഖായോഗവും ചരിത്രപുസ്തകവും, ഡയറക്ടറിയും മറ്റും ഉണ്ടായിട്ടുണ്ട്. എന്നാൽ മണിമലകുടുംബമഹായോഗത്തിൽ അഞ്ചു ശാഖകളുടെ ഒന്നിച്ചുള്ള കൂട്ടായ്മയാണുള്ളത്. മണിമല മീനച്ചിൽ, മണിമല പയപ്പാർ, മണിമല കാടൻകാവിൽ, മണിമല ചെമ്പകശ്ശേരി, മണിമല കല്ലകത്ത് എന്നിങ്ങനെയാണ് ഈ ശാഖകൾ അറിയപ്പെടുന്നത്. ഈ അഞ്ചുശാഖകളും മണിമല എന്ന അതിപുരാതനമായ മൂലകുടുംബത്തിന്റെ ശാഖകളാണ്. ഈ അഞ്ചുശാഖകളും തുല്യപ്രാധാന്യത്തിൽ മണിമല കുടുംബമഹായോഗത്തിൽ ഐക്യപ്പെട്ടിരിക്കുന്നു.

   മുകളിൽ പറഞ്ഞ എട്ടു ശാഖകളിൽ മൂന്നു ശാഖകളെയും സഹോദരകുടുംബശാഖകളായി ഞങ്ങൾ കരുതുന്നുണ്ട്. മണിമലകിഴക്കേഭാഗം (പോത്താനിക്കാട്), മണിമല (നെടുങ്കുന്നം), മണിമല പൊടിമറ്റം (പാലാ) എന്നിങ്ങനെയാണ് മേൽപ്പറഞ്ഞ മൂന്നു ശാഖകൾ.

മണിമല കുടുംബം ഉത്ഭവചരിത്രം

   ഉത്തരേന്ത്യയിൽനിന്ന് ആര്യന്മാർ കേരളത്തിലെത്തിയത് ബി.സി. മൂന്നാം നൂറ്റാണ്ടോടടുത്താണെന്നു കരുതിപ്പോരുന്നവരുണ്ട്. ഇപ്രകാരമുള്ള ആര്യന്മാരെ ബ്രാഹ്മണരെന്നു കരുതിപ്പോന്നവരും ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. യഥാർത്ഥത്തിൽ നമ്പൂതിരിമാർ എ.ഡി. ഏഴാം നൂറ്റാണ്ട് അവസാനത്തിലാണ് കേരളത്തിലെത്തിയതെന്നുള്ള ചരിത്രപണ്ഡിതന്മാരുടെ അഭിപ്രായങ്ങളെ ആരും തള്ളിക്കളഞ്ഞതായി തെളിവുകളില്ല.

   കേരളത്തിലെ ആദിമക്രൈസ്തവരെപ്പറ്റി വരാനിരിക്കുന്ന തലമുറകളെ കരുതി പൂർവ്വികരിലൂടെ പകർന്നുകിട്ടിയിട്ടുളള ചില കാര്യങ്ങൾ ഈ ചരിത്രരചനയിൽ ചേർക്കാമെന്നു കരുതുന്നു. ക്രിസ്തുവർഷങ്ങളുടെ ആരംഭത്തിൽ പാലയൂരും മറ്റും ആഢ്യകുടുംബങ്ങൾ പാർത്തുവന്നിരുന്നതായി ചരിത്രപഠനങ്ങളിൽ തെളിവുണ്ട്.

   എ.ഡി. 52-ൽ കേരളത്തിലെത്തിയ വിശുദ്ധ തോമാശ്ലീഹാ പാലയൂരുള്ള ആഢ്യന്മാരായ കുടുംബക്കാരിൽ കുറെ കുടുംബാംഗങ്ങളെ ക്രിസ്ത്യാനികളാക്കിയതായി പറയപ്പെടുന്നു. പാലാ കത്തീഡ്രൽ പള്ളിയുടെ വകയായി 1990-ൽ പ്രസിദ്ധീകരിച്ച സ്മരണികയിൽ 19-ാം പേജിൽ ഇപ്രകാരം കാണുന്നുണ്ട്: ''ആദ്യനൂറ്റാണ്ടുകളിൽ ക്രിസ്തുമതം സ്വീകരിച്ചവർ ബുദ്ധമതാനുയായികളിൽനിന്നും യഹൂദരിൽനിന്നും ആയിരിക്കാനാണു സാദ്ധ്യത. തങ്ങളുടെ പൂർവ്വികർ ബ്രാഹ്മണരായിരുന്നു എന്നുള്ള കേരളത്തിലെ പല കുടുംബങ്ങളുടെയും അവകാശവാദം ഇവിടെ ചോദ്യംചെയ്യുന്നില്ല''.

  കേരളത്തിലെ ആദിമക്രൈസ്തവരെപ്പറ്റി സ്വാമി വിവേകാനന്ദൻ പരാമർശിച്ചിട്ടുള്ളത് ഇപ്രകാരമാണ്: ''യേശുക്രിസ്തുവിന്റെ നിര്യാണത്തിനുശേഷം ഏകദേശം ഇരുപത്തിയഞ്ചുകൊല്ലം കഴിഞ്ഞപ്പോൾ, വി. തോമാശ്ലീഹാ ലോകത്തിലേറ്റവും പരിശുദ്ധരായ ക്രിസ്ത്യാനികളെ ഭാരതത്തിൽ സ്ഥാപിച്ചു...... ഒരു കാലത്ത് ഭാരതത്തിൽ മുപ്പതുലക്ഷം ക്രിസ്ത്യാനികളുണ്ടായിരുന്നു. എന്നാലിപ്പോൾ (1895) ഏതാണ്ട് പത്തുലക്ഷത്തോളമേയുള്ളൂ.'' വി. തോമാശ്ലീഹാ ഭാരതത്തിൽ വന്നത് ഇപ്പോഴുള്ള കൊടുങ്ങല്ലൂർ പ്രദേശത്താണെന്നാണല്ലോ കേരളക്രൈസ്തവപാരമ്പര്യം പറയുന്നത്.ഏതായാലും യഹൂദരുടെ ഒരു കമ്പോളവും ഉന്നതകുടുംബക്കാരുടെ കേന്ദ്രവുമായിരുന്ന പാലയൂരിൽ അന്നുണ്ടായിരുന്ന ശങ്കരപുരി, പകലോമറ്റം, കാളികാവ്, കോയിക്കര, മാടപുരു, നെടുമ്പള്ളി തുടങ്ങിയ മുപ്പത്തിരണ്ട് ഇല്ലക്കാരാണ് (വീട്ടുകാരാണ്) ആദ്യം ക്രിസ്തുമതം സ്വീകരിച്ചതെന്നാണ് ഇപ്രകാരമുള്ള പാരമ്പര്യം അവകാശപ്പെടുന്നവർ പറയുന്നത്. (ഏതായാലും നമ്പൂതിരിമാർ ഏഴാം നൂറ്റാണ്ടിലാണു കേരളത്തിൽ എത്തിയതെന്നാണ് ഇതേപ്പറ്റി പഠിച്ചിട്ടുള്ളവർ സ്ഥിരീകരിച്ച ചരിത്രമുള്ളത്. ആഢ്യകുടുംബക്കാർ പാർത്തുവന്നിരുന്ന ഭവനങ്ങളെയാണ് ഇല്ലങ്ങളെന്നു പറഞ്ഞുപോന്നിട്ടുള്ളത്).ക്രിസ്ത്യാനികളായവരിൽ, കള്ളി, കാളികാവ്, ശങ്കരപുരി, പകലോമറ്റം എന്നീ നാല് ഇല്ലക്കാർ പാലയൂരിൽനിന്നു തെക്കുദേശത്തേക്കു പുറപ്പെട്ടെന്നും ഈ പുറപ്പാട് അങ്കമാലിയിൽ എത്തിച്ചേർന്നശേഷം, വീണ്ടും തെക്കോട്ടു സഞ്ചരിച്ച് ഏറ്റുമാനൂർ പ്രദേശത്ത് (ഏട്ടുമനക്കാരുടെ ഊരിന് 'ഏറ്റുമാനൂർ' എന്നും ആറുമനക്കാരുടെ ഊരിന്, 'അറുമാനൂർ' എന്നും പറയുന്നുണ്ടല്ലോ.) എത്തിയെന്നും, അവർക്കു മീനച്ചിലാറിന്റെ ഇരുകരകളിലുമായി വസിച്ചിരുന്ന പതിന്നാല് ഇല്ലക്കാർ കാളികാവിനു വടക്കുള്ള സ്ഥലം ദാനമായി നൽകിയെന്നുമാണ് പൗരാണികപാരമ്പര്യം സ്ഥിരീകരിച്ചിട്ടുള്ളത്. (അന്നുള്ളവർ 'ഇല്ല'മെന്നും 'ബ്രാഹ്മണർ' എന്നും പറഞ്ഞിരുന്നതിന്റെ യാഥാർത്ഥ്യം ചരിത്രാന്വേഷകർ കണ്ടെത്തേണ്ടതാണെന്ന് ഇന്നും വിമർശനമുണ്ട്).

  പാലയൂരെത്തിയ വി. തോമാശ്ലീഹായിൽനിന്നും മാമ്മോദീസ സ്വീകരിച്ച് ക്രിസ്തുമതത്തിൽ ചേർന്ന മേൽപ്പറഞ്ഞ 'ആര്യ' കുടുംബക്കാരായ ('നമ്പൂതിരി'മാരെന്നും വ്യാഖ്യാനമുണ്ട്) ക്രിസ്ത്യാനികൾ കൃഷിയും കന്നുകാലിവളർത്തലും പ്രധാനജീവിതമാർഗ്ഗമാക്കി പാലയൂരിന്റെ സമീപപ്രദേശങ്ങളിലേക്കു കുടിയേറിപ്പാർത്തു. നാലാം നൂറ്റാണ്ട് അവസാനത്തോളം സൈ്രമായി ജീവിച്ചുപോന്ന ക്രിസ്ത്യാനികൾക്ക് പിന്നീട് ആക്രമണഭീഷണി ഉണ്ടായതായി രേഖകൾ കാണുന്നുണ്ട്. ഈ ആക്രമണഭീഷണിയാലാണ് ഇക്കൂട്ടർ തെക്കോട്ടു പ്രയാണം ചെയ്ത് ഏറ്റുമാനൂർ, കുടമാളൂർ, അമ്പലപ്പുഴ, ഇടപ്പള്ളി മുതലായ പ്രദേശങ്ങളിലെത്തിയത്. (മണിമലകുടുംബത്തിന്റെ അതിപുരാതന പൂർവ്വികർക്ക് പത്താം നൂറ്റാണ്ടിനുമുമ്പ് കുറവിലങ്ങാടുപ്രദേശങ്ങളുമായി ബന്ധമുണ്ടായിരുന്നതായി വാമൊഴികളിലൂടെ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്).

  മണിമലദേശവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ കല്ലൂപ്പാറനിവാസികളായിരുന്ന നസ്രാണികൾ ഒന്നാം നൂറ്റാണ്ടുമുതൽ തങ്ങളുടെ ക്രൈസ്തവപാരമ്പര്യം അവകാശപ്പെടുന്നുണ്ടെങ്കിലും ഒമ്പതാം നൂറ്റാണ്ടുമുതലാണ് ക്രൈസ്തവകുടുംബങ്ങൾ കൂടുതലായി ഈ മേഖലകളിലേക്കു കുടിയേറിയതെന്നാണ് പൂർവ്വികരുടെ പഠനങ്ങളിൽ കാണുന്നത്. മണിമലദേശത്ത് ഒമ്പതാം നൂറ്റാണ്ടിലും മറ്റുമുള്ള ക്രൈസ്തവർ നിരണത്തുനിന്നുള്ളവരായിരുന്നുവെന്നും നിലയ്ക്കൽനിന്നുള്ളവരായിരുന്നുവെന്നും പഠനങ്ങളുണ്ട്. വണിക്കുകളായിരുന്നവരും തമിഴ്നാട്ടിൽ ആദ്യനൂറ്റാണ്ടിൽത്തന്നെ ക്രൈസ്തവരായിത്തീർന്നവരായ തമിഴ് വംശജരായ ക്രൈസ്തവരും നിരണത്തുനിന്നുള്ള നസ്രാണികളും മണിമലദേശത്തും പരിസരദേശങ്ങളിലും വിവാഹബന്ധത്തിലും കച്ചവടത്തിലും ഏർപ്പെട്ട് അധിവസിച്ചിരുന്നതായി പറയപ്പെടുന്നു. അക്കാലങ്ങളിൽ മണിമലദേശത്തു വസിച്ചിരുന്ന ക്രിസ്ത്യാനികൾ നിരണം പള്ളിയുമായി ബന്ധപ്പെട്ടവരായിരുന്നു. (കളത്തൂർ കുടുംബചരിത്രം പേജ് 21 കാണുക). സാന്ദർഭികമായി ഈ വിധ കാര്യങ്ങൾ സൂചിപ്പിക്കുന്നു, അത്രമാത്രം.

  ഇപ്രകാരമൊക്കെ കണ്ടെത്തി വരുമ്പോൾ മണിമല കുടുംബചരിത്രത്തിന്റെ അടിസ്ഥാനവേരുകൾ ആദ്യമായി ക്രൈസ്തവരായിത്തീർന്ന ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിലാണ് എത്തിനിൽക്കുന്നതെന്ന് അനുമാനിക്കുന്നതാണു ശരി. കാരണം മണിമല ദേശത്തുനിന്നും ഉദ്ദേശം എഴുന്നൂറോളം വർഷംമുമ്പ് മീനച്ചിൽ പ്രദേശത്ത് കുടുംബസമേതം എത്തി വാസമുറപ്പിച്ച ഔസേപ്പ് എന്ന പൂർവ്വപിതാവിന്റെ സന്തതിപരമ്പരകളാണ് ഇന്നുള്ള മണിമലകുടുംബശാഖകളിൽപെട്ടവരെന്നുള്ളതിന് ശരിയായ രേഖകളുണ്ട്. മണിമലദേശത്തുണ്ടായിരുന്ന ക്രിസ്ത്യാനികൾ ഭൂരിപക്ഷവും അക്കാലത്ത് നിരണം പള്ളിയുമായി ബന്ധപ്പെട്ടവരായിരുന്നു. എ.ഡി. 9-ാം നൂറ്റാണ്ടിൽ മണിമലദേശത്ത് ക്രിസ്ത്യാനികൾ പാർത്തുവന്നിരുന്നതായി ചരിത്രമുണ്ട്. പതിനാലാം നൂറ്റാണ്ട് ആരംഭത്തിൽ അതായത് ആയിരത്തിമുന്നൂറുകളുടെ തുടക്കത്തിൽ മേൽപ്പറഞ്ഞ പിതാവ് ഔസേപ്പ് മണിമലദേശത്തുനിന്നു മീനച്ചിൽപ്രദേശത്തു വന്നതിന് ചരിത്രപഠനങ്ങൾ സാക്ഷ്യമാണ്. പതിനൊന്നാം നൂറ്റാണ്ട് ആരംഭത്തിൽ അതായത് A.D 1003-ൽ പാലാവലിയപള്ളിയുടെ വെഞ്ചരിപ്പുകർമ്മം നടന്നിരുന്നു.

  മണിമലദേശത്തും മറ്റുമുണ്ടായിരുന്ന ക്രൈസ്തവരെപ്പറ്റിയുള്ള കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിനുവേണ്ടി കല്ലൂപ്പാറ പള്ളിയുടെ സ്മരണികയിലുള്ളതിൽനിന്നും ഇവിടെ ആവശ്യമായതുമാത്രം കുറിക്കട്ടെ: ''കല്ലൂപ്പാറനസ്രാണികൾക്ക് ഒന്നാം നൂറ്റാണ്ടുമുതലുള്ള പാരമ്പര്യം അവകാശപ്പെടാമെങ്കിലും ഒമ്പതാം നൂറ്റാണ്ടുമുതലാണ് ക്രൈസ്തവകുടുംബങ്ങൾ കൂടുതലായി ഈ മേഖലയിലേക്കു കുടിയേറിയത്. സിറിയൻ ക്രിസ്ത്യൻ മേഖലയായ കുറവിലങ്ങാട്, വൈക്കം, കടമ്പനാട് തുടങ്ങിയ പ്രദേശങ്ങളിൽനിന്നായിരുന്നു ഇവരിൽ കൂടുതലും എത്തിയത്. ഇവിടുത്തെ ക്രൈസ്തവർ ആരാധനയ്ക്കും മൃതദേഹസംസ്കാരത്തിനായും സംബന്ധിച്ചിരുന്നത് മാർത്തോമ്മായാൽ സ്ഥാപിതമായ നിരണം വലിയ പള്ളിയിലായിരുന്നു.''

  അന്ന് നിരണത്തും അരുവിത്തുറയിലുമായിരുന്നു മണിമലദേശത്തുള്ളവർക്ക് ഏറ്റവും അടുത്ത് പള്ളികളുണ്ടായിരുന്നത്. A.D 1003-ൽ പാലാ വലിയ പള്ളി സ്ഥാപിതമായതുകൊണ്ട് ആഢ്യന്മാരായ ചില ക്രൈസ്തവകുടുംബക്കാരെ മീനച്ചിലിന്റെ ഭരണാധികാരികൾ 14-15 നൂറ്റാണ്ടുകളിൽ മീനച്ചിൽപ്രദേശത്തു കൊണ്ടുവന്നതായി ചരിത്രമുണ്ട്. (മീനച്ചിൽ കർത്താക്കന്മാർക്ക് നിരണം പ്രദേശത്ത് പഴയകാലത്തോടു ബന്ധപ്പെട്ട് ഒരു ക്ഷേത്രം ഉള്ളതായി ബഹു. രാജശ്രീ ഭാസ്കരൻ കർത്താ - മീനച്ചിൽ, കൊച്ചുമഠം പറയുന്നുണ്ട്).

  മണിമലദേശത്ത് ഒമ്പതാം നൂറ്റാണ്ടിലും മറ്റും പാർത്തുവന്ന ആദിമക്രൈസ്തവരിൽ ഭൂരിഭാഗവും നിരണം പള്ളിയുമായി ബന്ധപ്പെട്ടവരായിരുന്നതായിട്ടാണ് കണക്കുകൂട്ടുന്നത്. നിലയ്ക്കൽനിന്നുളളവരും അക്കാലത്ത് മണിമലദേശത്തുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. മണിമലദേശത്തുള്ള നസ്രാണികൾക്ക് നിരണത്തല്ലാതെ മൃതദേഹം സംസ്കരിക്കുന്നതിന് ഇടമില്ലെന്നു കണ്ടറിഞ്ഞ ഇടപ്പള്ളിത്തമ്പുരാക്കന്മാരാണ് കല്ലൂപ്പാറപ്പള്ളി പണിയുന്നതിനും ആരാധന നടത്തുന്നതിനും സ്ഥലം അനുവദിച്ചു നൽകിയത്. ഇങ്ങനെയാണ് കല്ലൂപ്പാറയിൽ ക്രൈസ്തവർക്കു പള്ളി ഉണ്ടായത്.

ടി സ്മരണികയിൽനിന്ന് ഒരു വസ്തുതകൂടി കുറിക്കട്ടെ:

  ''കല്ലൂപ്പാറ വലിയ പള്ളിയിൽ കൂടിവന്നിരുന്ന മണിമല, കോട്ടാങ്കൽ, വായ്പൂര്, പ്രദേശത്തെ നസ്രാണികൾ തങ്ങളുടെ സൗകര്യാർത്ഥം സ്ഥാപിച്ച ആദ്യത്തെ പള്ളിയായ വായ്പൂർ സെന്റ് മേരീസ് പള്ളിക്ക് അറുന്നൂറിൽപ്പരം വർഷത്തെ പഴക്കമുണ്ട്''.

  വായ്പൂർ പള്ളി ഏ.ഡി. 1400-ൽ സ്ഥാപിതമായി. 1339-ൽ (കൊല്ലവർഷം 515-ൽ) കല്ലൂപ്പാറ പള്ളിക്ക് കല്ലിട്ടുപണി തുടങ്ങിയതായിട്ടാണ് രേഖകളുള്ളത്. മണിമലപ്രദേശത്തുള്ളവർ ആദ്യം നിരണം പള്ളിയുമായി ബന്ധപ്പെട്ടവരായിരുന്നതായിട്ടാണു ചരിത്രം. പിന്നീട് കല്ലൂപ്പാറയിലും വായ്പൂരും മണിമലപ്രദേശത്തുള്ള നസ്രാണികൾ ഇടവക ചേർന്നിരുന്നതായും രേഖകളുണ്ട്.(1653-ലെ 'കൂനൻ കുരിശുസത്യം' വരെ ഒന്നായിരുന്ന കേരളക്രൈസ്തവസഭ രണ്ടാവുകയും നിരണവും കല്ലൂപ്പാറയും പുത്തൻകൂറ്റുകാർ കൈവശമാക്കുകയും ചെയ്തു. രണ്ടു പള്ളികളും 30-12-1934 മുതൽ കോട്ടയം കാതോലിക്കായുടെ ഭരണത്തിലും ഓർത്തഡോക്സ് സഭയിലുമായിത്തീർന്നു.)

  ഈവക കാര്യങ്ങൾ മുകളിൽ കുറിച്ചുവന്നത്, പാലായിൽ (മീനച്ചിൽ) ഉദ്ദേശം എഴുന്നൂറോളം വർഷം മുമ്പ് കുടുംബസമേതം വന്നു താമസമാക്കിയ മണിമലകുടുംബത്തിന്റെ സ്ഥാപകനായ പൂർവ്വപിതാവ് ഔസേപ്പുമാപ്പിള (മഹാപിള്ള) ആദിമക്രൈസ്തവപാരമ്പര്യത്തിൽപ്പെട്ട ഒരു മഹത്വ്യക്തിയായിരുന്നുവെന്നും അറുന്നൂറോളം വർഷംമുമ്പ് കല്ലൂപ്പാറപ്പള്ളിയും വായ്പൂരു പള്ളിയും സ്ഥാപിതമായതായി മനസ്സിലാക്കുമ്പോൾ ഉദ്ദേശം എഴുന്നുറോളം വർഷംമുമ്പ് മീനച്ചിൽ പ്രദേശത്തുവന്നു വാസമാരംഭിച്ച പൂർവ്വപിതാവ് മണിമലദേശത്തായിരിക്കുമ്പോൾ ബന്ധപ്പെട്ടിരുന്നത്മാർത്തോമ്മായാൽ സ്ഥാപിതമായതെന്നു പറയപ്പെടുന്ന നിരണം പള്ളിയുമായിട്ടായിരുന്നുവെന്നും വ്യക്തമാക്കുന്നതിനുവേണ്ടിയാണെന്നു സൂചിപ്പിച്ചുകൊള്ളട്ടെ. (മണിമല കുടുംബാംഗമായ പുരുഷന്മാരെ പഴയകാലത്ത് മറ്റുള്ള ഉന്നതർ 'മണിമല മാപ്പിള' എന്നു വിളിച്ചു പോന്നിരുന്നു. കിഴക്കേക്കര കുടുംബചരിത്രം പേജ് 259 കാണുക).

മണിമലകുടുംബം പാലായിൽ

  ലഭ്യമായ രേഖകൾ പ്രകാരം ഉദ്ദേശം എഴുന്നൂറോളം വർഷംമുമ്പ് മീനച്ചിൽ പ്രദേശത്ത് മണിമലകുടുംബത്തിന്റെ സ്ഥാപകപിതാവ് എത്തിച്ചേർന്നതായി കാണുന്നു. ഇദ്ദേഹത്തെ കുടുംബസമേതം മണിമലദേശത്തുനിന്നു കൊണ്ടുവന്ന് മീനച്ചിൽ പ്രദേശത്ത് വാസമുറപ്പിക്കാൻ വേണ്ടതായ കാര്യങ്ങൾ ചെയ്തുകൊടുത്തത് മീനച്ചിലിന്റെ അന്നത്തെ ഭരണാധികാരികളായിരുന്ന മീനച്ചിൽ കർത്താക്കന്മാരാണെന്നുള്ള വസ്തുതകൂടി ഇവിടെ വ്യക്തമാക്കിക്കൊള്ളട്ടെ.

  മണിമല കുടുംബത്തിന്റെ പൂർവ്വപിതാക്കന്മാർ ഒന്നാന്തരം കായികാഭ്യാസികളും മർമ്മവിദഗ്ദ്ധരും കച്ചവടക്കാരും, കാർഷികവൃത്തിയിൽ തത്പരരുമായിരുന്നുവെന്നുള്ളതാണ് കുടുംബചരിത്രത്തോടു ബന്ധപ്പെട്ട പൂർവ്വകാലചരിത്രത്തിലുള്ളത്.

   പാലാ-മീനച്ചിൽ പ്രദേശത്ത് മണിമലകുടുംബത്തിന്റെ ആരംഭത്തെപ്പറ്റി മീനച്ചിൽ കർത്താക്കന്മാരിൽ ഇപ്പോൾ തൊണ്ണൂറ്റിമൂന്നു വയസ്സുള്ള മീനച്ചിൽ കുടുംബകാരണവരായ ബഹുമാനപ്പെട്ട ദാമോദരസിംഹർ രാജശ്രീ ഭാസ്കരൻ കർത്താ (കൊച്ചുമഠം) രേഖപ്പെടുത്തിയിട്ടുള്ളതിൽനിന്നും ആവശ്യമായിട്ടുള്ളതുമാത്രം ഇവിടെ കുറിക്കുന്നു: ''മീനച്ചിൽ താലൂക്കിൽ മീനച്ചിൽ പ്രദേശത്ത് ഉദ്ദേശം എഴുന്നൂറോളം വർഷങ്ങൾക്കുമുമ്പു വന്നു വാസമുറപ്പിച്ചിരുന്ന ഇവരെ അന്നത്തെ മീനച്ചിലിന്റെ ഭരണാധികളായിരുന്ന മീനച്ചിൽ കർത്താക്കന്മാർ മണിമലദേശത്തുനിന്നു കൊണ്ടുവന്നു പാർപ്പിച്ചതായാണു ചരിത്രം. മണിമലദേശത്തുനിന്നു വന്നവരായതുകൊണ്ടാണ് ഈ കുടുംബത്തിന് 'മണിമല' എന്ന കുടുംബപ്പേര് ഉണ്ടായത്.'' കുടുംബസമേതം വന്ന പിതാവ് ഔസേപ്പ് മീനച്ചിൽപ്രദേശത്ത് ചെമ്പകശ്ശേരി ചേരിക്കലിൽ താമസമാരംഭിച്ചതായി കുറിക്കപ്പെട്ട രേഖകളുണ്ട്.പഴയകാലത്ത് രാജക്കന്മാരുടെയോ, ക്ഷേത്രങ്ങളുടെയോ വകയായ ഭൂമിക്കും നാടുവാഴികളുടെ പ്രാദേശിക ആസ്ഥാനത്തിനും 'ചേരിക്കൽ' എന്നാണു പറയപ്പെട്ടിരുന്നത്. 'ചേരിക്കൽ' എന്നുള്ളതിന് കൃഷിചെയ്യുന്ന മലയെന്നും മെതിക്കുന്ന സ്ഥലമെന്നും അർത്ഥമുണ്ട്.

  മീനച്ചിൽ കർത്താക്കന്മാരുടെ ഭരണത്തിൻകീഴിൽപ്പെട്ട മീനച്ചിൽപ്രദേശത്തും, 'ചേരിക്കൽ' എന്നു പറഞ്ഞുവന്നിരുന്ന ഭൂവസ്തുക്കൾ അക്കാലത്തു നിലവിലുണ്ടായിരുന്നു. മീനച്ചിലിനു സമീപം വിളക്കുമാടത്തുള്ള 'ചെമ്പകശ്ശേരിപ്പടി'യും മറ്റും ഇപ്രകാരമുള്ള ചേരിക്കലിനോടു ബന്ധപ്പെട്ടുണ്ടായ സ്ഥലനാമങ്ങളാണെന്നു കരുതുന്നതിൽ തെറ്റുവരുമെന്നു തോന്നുന്നില്ല. ഇപ്പോൾ അവിടെയുള്ള 'ചെമ്പകശ്ശേരി' എന്ന് അറിയപ്പെടുന്ന കുടുംബക്കാർ അഥവാ വീട്ടുകാർ മൂലേച്ചാലിൽ കുടുംബത്തിന്റെ ശാഖയായ 'പുതിയിടം' എന്ന കുടുംബത്തിൽപെട്ടവരാണ്. 'ചെമ്പകശ്ശേരി' എന്നു പറഞ്ഞിരുന്ന ഭൂസ്വത്തുക്കൾ വാങ്ങി താമസമാരംഭിച്ചതുകൊണ്ടാണ് ഇവർക്ക് ചെമ്പകശ്ശേരിയെന്നു വീട്ടുപേരുണ്ടായതെന്നാണ് ആ കുടുംബത്തിലെ വന്ദ്യവയോധികനായ ജോസഫ് വൈദ്യർ അദ്ദേഹത്തിന്റെ നിര്യാണത്തിന് ആറുമാസം മുമ്പ് നേരിട്ട് ഈ ലേഖകനോടു പറഞ്ഞത്. ഈ ഭൂസ്വത്തുക്കളിൽ രാജാക്കന്മാരെപ്പോലുള്ളവർ താമസിച്ചുവന്നിരുന്നതായിട്ടാണറിയുന്നതെന്നും ഇതോടു ബന്ധപ്പെട്ട ചില കഥകളും അദ്ദേഹം പറയുകയുണ്ടായി. ഈ ഭൂപ്രദേശവും മീനച്ചിൽ കർത്താക്കന്മാരുടെ ഭരണത്തിൻകീഴിലായിരുന്നു എന്നുള്ളതുകൊണ്ട് 'ചെമ്പകശ്ശേരി' ചേരിക്കലുമായി ബന്ധപ്പെടുത്തി ഈ വക കാര്യങ്ങൾ ചിന്തിക്കുകയാണ്.

  എഴുന്നൂറോളം വർഷംമുമ്പ് മീനച്ചിൽ വന്നു വാസമുറപ്പിച്ച മണിമലകുടുംബത്തിന്റെ ആരംഭത്തെപ്പറ്റി ചരിത്രരേഖകളുണ്ടെന്നു മുകളിൽ സൂചിപ്പിച്ചിരുന്നു. 1946-ാമാണ്ട് (എഴുപതോളം വർഷം മുമ്പ്) കല്ലറയ്ക്കൽ ഫിലിപ്പ് ജോർജ് (ചങ്ങനാശേരി) എന്ന ശ്ലാഘനീയനായ വ്യക്തി, തിരുവിതാംകൂർ-കൊച്ചി-മലബാർ പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിൽ പ്രസിദ്ധവും പ്രധാനപ്പെട്ടതുമായി കണ്ടെത്തിയ അനവധി കുടുംബങ്ങളുടെ ചരിത്രപശ്ചാത്തലം പരിശോധിച്ചു പഠിച്ച് ഒരു ചരിത്രഡയറക്ടറി പബ്ലിഷ് ചെയ്തിരുന്നു. 'കേരളചരിത്രഡയറക്ടറി' എന്നാണ് ആ ഗ്രന്ഥത്തിന്റെ പേര്. ചങ്ങനാശ്ശേരിയിൽ താമസിച്ചുവന്ന ശ്രീ. ഫിലിപ്പ് ജോർജ്ജിന്റെ ടി പ്രസിദ്ധീകരണത്തെ മലങ്കര മെത്രാപ്പോലീത്തായും പൗരസ്ത്യ കാതോലിക്കയുമായിരുന്ന നി.വ.ദി മഹിമ ശ്രീ ബെസേലിയോസ് തിരുമനസ്സ് തുടങ്ങി ബർക്മാൻസ് കോളജിന്റെ അന്നത്തെ പ്രിൻസിപ്പാൾ വെരി. റവ. ഫാ. വില്യം അച്ചനും പ്രൊഫസർ എം.പി.പോൾ അവർകളും മറ്റു ബഹുമാന്യരായ വ്യക്തികളും അഭിനന്ദിച്ചിട്ടുണ്ട്. ഈ ഗ്രന്ഥം കൈരളിയുടെ ഒരു അമൂല്യസമ്പത്തുതന്നെയാണെന്നാണ് അന്നത്തെ പ്രഗല്ഭവ്യക്തികൾ പറഞ്ഞുവച്ചത്.

  ടി കേരള ചരിത്ര ഡയറക്ടറിയിൽ 270, 271 എന്നീ താളുകളിൽ മണിമലകുടുംബത്തിന്റെ തുടക്കചരിത്രത്തെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ''ഉദ്ദേശം 500 കൊല്ലങ്ങൾക്കുമുമ്പ് ഔസേപ്പ് എന്നൊരാൾ കുടുംബസഹിതം മണിമലദേശത്തുനിന്നു മീനച്ചിൽ താലൂക്കിൽ ചെമ്പകശ്ശേരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു ചേരിക്കലിൽവന്നു താമസമാരംഭിച്ചു...... ''ഈ രേഖയിൽത്തന്നെ മണിമലകുടുംബത്തിന്റെ ശാഖകളെപ്പറ്റിയും അതോടു ബന്ധപ്പെട്ട ചില കാര്യങ്ങളും പരാമർശിച്ചിട്ടുണ്ട്. ടി രേഖയിൽനിന്ന്: "മണിമലകുടുംബത്തിന്റെ ശാഖയിൽപ്പെട്ട പൊടിമറ്റം കുടുംബത്തിലും ചെമ്പകശ്ശേരി കുടുംബത്തിലും ഓരോ വൈദികരുണ്ട്. കൂടാതെ ഏകദേശം 40 കൊല്ലങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന പൊടിമറ്റത്തിൽ സ്കറിയാ കത്തനാരും ഈ കുടുംബശാഖയിൽപെട്ട വൈദികനാണ്.'' മണിമലകുടുംബത്തിന്റെ ശാഖകളായി കാടൻകാവിൽ, പൊടിമറ്റത്തിൽ, ചെമ്പകശ്ശേരി, മണിമലക്കുടി, മണിമല തുടങ്ങി പല ഗൃഹനാമങ്ങളോടുകൂടി 60-ൽ പരം വീടുകളോളം മീനച്ചിൽ, തൊടുപുഴ എന്നീ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നുണ്ടെന്നും രേഖയുണ്ട്. (കേരള ചരിത്ര ഡയറക്ടറി പേജ് 270, 271 കാണുക)

  ഇതോടു ബന്ധപ്പെട്ട മറ്റൊരു രേഖ 1951-ൽ മണിമലകാടൻകാവിൽ ശ്രീ തൊമ്മൻ തോമസ് (കുഞ്ഞമ്മൻ) ഒരു നോട്ടുബുക്കിൽ സ്വന്തം കൈപ്പടയിൽ കുറിച്ചിട്ടുള്ളതാണ്. ഇദ്ദേഹം സ്വാതന്ത്ര്യസമരസേനാനിയും പൗരപ്രമുഖനും കരൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.പ്രസ്തുത കുറിപ്പിൽ ഇപ്രകാരം കാണുന്നു: ''പാലാ വലിയ പള്ളി ഇടവകയിൽനിന്നും അന്ത്യാളൻ പള്ളി ഇടവകയിൽ ളാലം പയപ്പാർ മണിമലകാടൻകാവിൽ തൊമ്മൻ തോമസ് വക കുടുംബചരിത്രം, ചുരുക്കംമാത്രം. 600 വർഷങ്ങൾക്കുമുമ്പ് മണിമല പ്ലാക്കാട്ടുകുടുംബത്തിൽനിന്നും പാലായ്ക്കു കുടിയേറി ചെമ്പകശ്ശേരിൽ താമസിക്കുകയും പിന്നീട് പല ശാഖകളായി തൊടുപുഴ, നെടിയകാട്, തുടങ്ങനാട്, മീനച്ചിൽ, ചിറ്റാർ, നാവക്കാട് മുതലായ സ്ഥലങ്ങളിൽ ചെമ്പകശ്ശേരി, കാടൻകാവിൽ, പൊടിമറ്റത്തിൽ, മണിമല, കല്ലകത്ത് ഈ പേരുകളിൽ അറിയപ്പെടുന്ന കുടുംബത്തിന്റെ ശാഖയാണ് മണിമലകാടൻകാവിൽ കുടുംബം........'' (മണിമലക്കുടിയാണ് പിന്നീട് മണിമലകല്ലകത്ത് ആയത്) (കേരള ചരിത്ര ഡയറക്ടറിയിൽ നിന്നുള്ളതും ശ്രീ. തൊമ്മൻ തോമസ് മണിമലകാടൻകാവിൽ എഴുതിയിട്ടുള്ള കുറിപ്പിൽനിന്നുള്ളതും പൂർണ്ണമായി ഇവിടെ ചേർത്തിട്ടില്ല). മേൽപ്പറഞ്ഞ രണ്ടു രേഖകളും താരതമ്യം ചെയ്തു പരിശോധിക്കുമ്പോൾ മണിമലകുടുംബം പാലായിൽ അധിവസിച്ചുതുടങ്ങിയിട്ട് ഉദ്ദേശം എഴുന്നൂറോളം വർഷമെങ്കിലും ആയിട്ടുണ്ടെന്നു കണക്കാക്കേണ്ടതുണ്ട്.

  ഇപ്രകാരം വസ്തുതകൾ മനസ്സിലാക്കുമ്പോൾ ഈ കുടുംബത്തിന് 'മണിമല' എന്ന കുടുംബപ്പേര് പൊതുവായി വരാൻ കാരണം കുടുംബസ്ഥാപകൻ മണിമലദേശത്തുനിന്നുവന്നു എന്നുള്ളതാണ്. പഴയകാലങ്ങളിൽ ഗൃഹനാമങ്ങളുണ്ടായിവന്നത് ദേശത്തിന്റെ പേരുമായോ, താമസിക്കുന്ന സ്ഥലത്തിന്റെ അഥവാ പുരയിടത്തിന്റെ പേരുമായോ ചില സംഭവങ്ങളുമായോ ബന്ധപ്പെട്ടായിരുന്നെന്ന് പഠനങ്ങളുണ്ട്. മണിമലകാടൻകാവിൽ ശ്രീ. തൊമ്മൻ തോമസ് എഴുതിയിട്ടുള്ള രേഖയിൽ മണിമല പ്ലാക്കാട്ട് കുടുംബത്തിൽനിന്നു പോന്നതായി ചേർത്തിട്ടുള്ളതിനെപ്പറ്റി ചരിത്രപരമായി നോക്കുമ്പോൾ ഒരു വിശദീകരണം ആവശ്യമായി വരുന്നുണ്ട്. ഈ കാര്യത്തിന്റെ വ്യക്തത ഈ രചനയിൽ രേഖപ്പെടുത്തേണ്ടതുണ്ടെന്നു കരുതുന്നു. മണിമലദേശത്ത് ഇപ്പോൾ അറിയപ്പെടുന്ന പ്ലാക്കാട്ട് കുടുംബക്കാർ ഏ.ഡി. 1835-36-ൽ (കൊല്ലവർഷം 1012) മേപ്രയിൽ (തിരുവല്ല) പൂതിയോട്ടുകുടുംബത്തിൽനിന്നുംവന്ന് മണിമലദേശത്തുള്ള 'പ്ലാക്കാട്ട്' പുരയിടത്തിൽ താമസിച്ചതിനാലാണ് പൂതിയോട്ടു കുടുംബക്കാരായ ഇവർക്ക് പ്ലാക്കാട്ട് എന്ന കുടുംബപ്പേര് മണിമലദേശത്തുണ്ടായത്. ഈ കുടുംബക്കാർ മണിമലദേശത്ത് അധിവാസമാരംഭിച്ചിട്ട് 200 വർഷം തികഞ്ഞിട്ടില്ല. (കേരളചരിത്രഡയറക്ടറിയും മണിമല-കരിക്കാട്ടൂർ കളത്തൂർ കുടുംബചരിത്രപുസ്തകവും കാണുക)

  'പ്ലാക്കാട്ട്' പുരയിടങ്ങൾ മണിമലയാറിന്റെ തീരത്ത് ഇപ്പോൾ ജൂണിയർ കോളേജും ബസ് സ്റ്റാൻഡും ഉൾപ്പെടെയുള്ള സ്ഥലത്തെ കേന്ദ്രീകരിച്ചാണ് ഉണ്ടായിരുന്നത്. ടി പ്ലാക്കാട്ട് പുരയിടങ്ങളുമായി എഴുന്നൂറോളം വർഷംമുമ്പ് ബന്ധമുണ്ടായിരുന്ന ആളാണ് മണിമലദേശത്തുനിന്നു മീനച്ചിൽപ്രദേശത്തു വന്നു താമസിച്ച ഔസേപ്പുപിതാവ് എന്നുള്ളതിന് ശ്രീ തൊമ്മൻ തോമസിന്റെ കുറിപ്പ് (1951) തെളിവായിട്ടിരിക്കുന്നു. ടി പൂർവ്വപിതാവ് ഔസേപ്പിൽനിന്നും പ്ലാക്കാട്ടുപുരയിടങ്ങൾ കൈമാറി ഉദ്ദേശം അഞ്ഞൂറോളം വർഷങ്ങൾക്കുശേഷമാണ് പൂതിയോട്ടുകാർക്കു പ്ലാക്കാട്ടുപുരയിടം ലഭിച്ചതെന്ന് ചരിത്രരേഖകൾപ്രകാരം അനുമാനിക്കേണ്ടിയിരിക്കുന്നു. പ്ലാക്കാട്ടുപുരയിടങ്ങൾ പഴയകാലജന്മികളായിരുന്ന ഓതറക്കാരുമായി ബന്ധപ്പെട്ട ഭൂവസ്തുക്കളായിരുന്നു (ഇവർ നായർ സമുദായത്തിൽപെട്ട ജന്മികളായിരുന്നു).ഏതായാലും എഴുന്നൂറു വർഷംമുമ്പ് മണിമലദേശത്ത് പ്ലാക്കാട്ടുപുരയിടങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. അതുകൊണ്ട് മണിമലകാടൻകാവിൽ ശ്രീ തൊമ്മൻ തോമസ് എഴുതിയിട്ടുള്ള പ്ലാക്കാട്ടുബന്ധം ഇപ്പോൾ മണിമലദേശത്തുള്ള പ്ലാക്കാട്ടുകുടുംബവുമായി ബന്ധപ്പെട്ടതല്ല, പ്രത്യുത മണിമലകുടുംബത്തിന്റെ സ്ഥാപകനായ ടി പൂർവ്വപിതാവിന്റെ മണിമലദേശത്തുണ്ടായിരുന്ന പ്ലാക്കാട്ടുഭൂസ്വത്തുക്കളോടു ബന്ധപ്പെട്ടിട്ടുണ്ടായ അദ്ദേഹത്തിന്റെ മണിമലദേശത്തെ ഗൃഹനാമമായിരുന്നു 'പ്ലാക്കാട്ട്' എന്നുള്ളതെന്ന് അനുമാനിക്കുന്നതിന് ടി കുറിപ്പ് തെളിവായിട്ടിരിക്കുന്നു. പൂർവ്വികരിലൂടെ പകർന്നുകിട്ടിയിട്ടുള്ള ചരിത്രമാണല്ലോ കുടുംബചരിത്രക്കുറിപ്പുകളിൽ രേഖപ്പെടുത്തിവയ്ക്കുന്നത്. ഇപ്പോൾ മണിമലദേശത്തുള്ള പ്ലാക്കാട്ടുകുടുംബവുമായി മണിമല കുടുംബത്തിനു കുടുംബപരമായി ബന്ധമില്ല.വസ്തുതകൾ കഴിയുന്നതും വ്യക്തമായി രേഖകളിൽ വരുന്നതാണ് ചരിത്രരചനയ്ക്കു തെളിവും ബലവും നൽകുന്നത്. അതിപുരാതനമായ മണിമലകുടുംബം മണിമലയാറിന്റെ തീരത്തുനിന്ന് അനേക നൂറ്റാണ്ടുകൾക്കുമുമ്പ് പാലായിൽ-മീനച്ചിൽ -വന്നു താമസമാരംഭിച്ചതായി മണിമലകുടുംബത്തിന്റെ ശാഖകളിൽ ഒന്നായ കിഴക്കേഭാഗം കുടുംബത്തിന്റെ ആൽബചരിത്രപുസ്തകത്തിൽ പേജ് 18-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലാക്കാട്ടുപുരയിടങ്ങളുടെ കേന്ദ്രം മണിമലയാറിന്റെ തീരത്താണ്.

  പാലാ വലിയ പള്ളിയുടെ ചരിത്രവുമായി മണിമലകുടുംബം വളരെ പ്രസക്തമാംവിധം ബന്ധപ്പെട്ടിരുന്നതായി രേഖകളുണ്ട്. 1990-ൽ പാലാ വലിയ പള്ളി പ്രസിദ്ധീകരിച്ച സ്മരണിക അതിനു തെളിവു നല്കുന്നു. ടി സ്മരണികയിൽ പാലാ വലിയ പള്ളിയെക്കുറിച്ചുള്ള ലേഖനത്തിന്റെ ഒന്നാംഭാഗത്ത് ആറാം പേജിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: 1830-ലെ പള്ളിയോഗത്തിന്റെ അംഗങ്ങൾ താഴെ പറയുന്ന കുടുംബങ്ങളുടെ പ്രതിനിധികളായിരുന്നു. 1) തയ്യിൽ, 2) പൊരുന്നോലി, 3) പുത്തൻപുര, 4) മൂലയിൽ, 5) കീഴേടം, 6) വയലൻ, 7) വെള്ളാപ്പാടൻ, 8) കൊട്ടുകാപ്പള്ളി, 9) കുടക്കച്ചിറ, 10) കട്ടക്കയം, 11) പനക്കൻ, 12) മണിമല, 13) വയലക്കൊമ്പൻ, 14) പുളിക്കൻ, 15) എറകോന്നി, 16) തുരുത്തിപ്പള്ളി. മേല്പറഞ്ഞ 16 വീട്ടുകാരിൽ അതത് ശാഖകളിലെ ഏറ്റം പ്രായം കൂടിയ ആൾ യോഗപ്രതിനിധിയായിരിക്കുമെന്നും നിശ്ചയിച്ചു.

  1830-ലെ പള്ളിയോഗത്തിൽ അംഗങ്ങളായ 16 കുടുംബങ്ങളിൽ ഒന്നു 'മണിമല'യായിരുന്നുവെന്ന ചരിത്രവസ്തുത, കുടുംബത്തിന്റെ പൂർവ്വകാലസ്ഥിതിയിലേക്കു വെളിച്ചം വീശുന്ന ഒന്നാണ്. വലിയ പള്ളിയുടെ ഇന്നു ലഭ്യമായിട്ടുള്ള പഴയ മാമ്മോദീസാക്കണക്കുകളിൽ മണിമല കുടുംബാംഗങ്ങളുടെ മാമ്മോദീസാക്കുറിപ്പുകൾ ധാരാളമായി കാണാൻ കഴിയും.

  19-ാം നൂറ്റാണ്ടിന്റെ ആദ്യപാദംവരെ 'പാലാ' എന്നുപറയുന്ന പ്രദേശം മീനച്ചിലാറിന്റെ തെക്ക് കടപ്പാട്ടൂർ മുതൽ പാലാ വലിയപള്ളിയും സമീപപ്രദേശങ്ങളും വരെയുള്ള കരയായിരുന്നു. അതായത്, മീനച്ചിലാറിന്റെ തെക്കേക്കരയിലുള്ള സ്ഥലമായിരുന്നു 'പാലാ'. പാലാ വലിയ പള്ളിയുടെ 1990-ലെ സ്മരണിക പേജ് 118 ഉം 121 ഉം കാണുക. ആറിന്റെ വടക്കേഭാഗത്തിന് 'ളാലം' എന്നാണു പറഞ്ഞിരുന്നത്. പാലായിലെ (മീനച്ചിൽ) പഴയകാലക്രൈസ്തവരുടെ ചരിത്രം പരിശോധിക്കുമ്പോൾ ഒരായിരത്താണ്ടിനപ്പുറം പാലായിൽ എടുത്തുപറയത്തക്കവിധം ക്രൈസ്തവകുടുംബങ്ങൾ ഉണ്ടായിരുന്നതായി പറയാൻകഴിയാത്ത അവസ്ഥയാണുള്ളത്.

  ആയിരം വർഷംമുമ്പ് പാലായിൽ ക്രൈസ്തവർക്ക് ഒരു ദേവാലയം പണിയുന്നതിന് അന്നുള്ള തത്വവും ചില നിയമങ്ങളുമനുസരിച്ച് സമ്പന്നരും കാര്യപ്രാപ്തിയുള്ളവരുമായ നാലു ക്രിസ്തീയകുടുംബങ്ങൾ ഉണ്ടായിരുന്നില്ലെന്നു തെളിവുകളുണ്ട്. തറയിൽ കുടുംബത്തിന്റെ പിതൃവഴിയിലുള്ള ഒരു കുടുംബത്തെ പാലായിലേക്കു കൊണ്ടുവന്നിട്ടാണ് (കൂട്ടുങ്കൽ കുടുംബം) നാലു കുടുംബക്കാർ പള്ളി സ്ഥാപിക്കാൻ തയ്യാറായത്. ഏകദേശം എഴുന്നൂറോളം വർഷം മുമ്പ് മീനച്ചിലിൽ (പാലാ) ക്രൈസ്തവകുടുംബങ്ങളുടെ എണ്ണം പരിമിതമായിരുന്നു. പാലായിൽ ക്രൈസ്തവർക്ക് ഒരു ദേവാലയം ഉണ്ടാക്കുവാൻ വേണ്ട സഹായങ്ങളും സഹകരണവും നൽകിയത് മീനച്ചിലിന്റെ അന്നത്തെ ഭരണാധികാരികളായ മീനച്ചിൽകർത്താക്കന്മാരാണെന്നുള്ളതും സ്മരിക്കേണ്ടതുണ്ട്.

  ഇപ്രകാരമുള്ള പഴയകാലചരിത്രപശ്ചാത്തലത്തിൽ കാര്യങ്ങൾ വിലയിരുത്തുമ്പോൾ മീനച്ചിൽ കർത്താക്കന്മാരുടെ സഹകരണത്താലാണ് മീനച്ചിൽപ്രദേശത്ത് (പാലാ) പ്രധാന ക്രൈസ്തവകുടുംബങ്ങൾ വന്നുപാർത്തതെന്നും, സമൂഹത്തിൽ പ്രസക്തമായ വിധത്തിൽ വികാസം പ്രാപിച്ചതെന്നും കണ്ടെത്താൻ കഴിയും.

  മണിമലകുടുംബത്തിന്റെ സ്ഥാപകൻ പൂർവ്വപിതാവ് ഔസേപ്പുമാപ്പിളയ്ക്കും പിൻതലമുറകൾക്കും വേണ്ടതായ സഹായസഹകരണങ്ങൾ ദേശവാഴികളായ മീനച്ചിൽ കർത്താക്കന്മാരിൽനിന്നു ലഭിച്ചിരുന്നു എന്നുള്ളത് മുൻതലമുറകളിലൂടെ പകർന്നുകിട്ടിയ അറിവുകളുടെ ചരിത്രത്തിൽപ്പെടുന്നു.

  ഉദ്ദേശം എഴുന്നൂറോളം വർഷംമുമ്പ് മീനച്ചിൽപ്രദേശത്തുവന്നു താമസമാരംഭിച്ച പൂർവ്വപിതാവിന്റെ തലമുറകൾ വംശവർദ്ധനവിലൂടെ സന്താനപുഷ്ടിയുള്ളവരായി പെരുകുകയും മീനച്ചിലിൽ പല ഭാഗങ്ങളിലും ഭൂമി സമ്പാദിക്കുകയും ചെയ്തു. വലിയ കൊട്ടാരം മുതൽ പാലാക്കാടുവരെ മീനച്ചിൽ പ്രദേശത്ത് 400 വർഷംമുമ്പ് 42 മുറി പുരയിടങ്ങളും മറ്റും സ്വന്തമാക്കി ഈ കുടുംബക്കാർ കാർഷികവൃത്തിയിൽ പുരോഗമിച്ചതോടൊപ്പം കുരുമുളകുവ്യാപാരവും കൊപ്രാക്കച്ചവടവും പലചരക്കുവ്യാപാരവും ചെയ്തുവന്നതായും വ്യക്തമായ തെളിവുകളുണ്ട് (മുറി എന്നാൽ ദേശത്തിന്റെ ഒരു ഭാഗം). മീനച്ചിൽപ്രദേശത്ത് പലയിടങ്ങളിലും 'മണിമലപുരയിടം' എന്നു പറഞ്ഞുവരുന്ന പുരയിടങ്ങൾ ഇന്നുമുണ്ട്. 'മണിമല ശ്ലേമോന്റെ കോട്ടയ്ക്കകം' എന്നു പറയുന്ന ഭൂമി വലിയ കൊട്ടാരം ഭാഗത്ത് രണ്ടുനൂറ്റാണ്ടിനുശേഷവും അതേപേരിൽ ഇക്കാലത്തും അറിയപ്പെടുന്നു (ഈ ഭൂസ്വത്തുക്കളുടെ കുറച്ചുഭാഗം ഇപ്പോൾ തൊടുകയിൽ കുടുംബക്കാരുടെ കൈവശമാണ്).

  മണിമല കുടുംബത്തിലെ പഴയകാല പ്രതാപി ആയിരുന്ന 'ആദം പിതാവ്' എന്ന മണിമല തൊമ്മൻ പിതാവ് പാർത്തുവന്ന പാലാക്കാട്ടുള്ള മണിമലപുരയിടത്തിന് പറുദീസ എന്ന് ഇന്നും പറഞ്ഞുപോരുന്നുണ്ട്. (ഈ സ്ഥലത്തിന്റെ കുറച്ചുഭാഗം ഇപ്പോൾ സാമൂഹികപ്രവർത്തകനായ ശ്രീ ഡിജോ കാപ്പന്റെ കൈവശമാണ്)

  പൂർവ്വപിതാവ് ഔസേപ്പിന്റെ കാലം മുതൽ നൂറ്റാണ്ടുകളോളം മണിമല എന്ന കുടുംബപ്പേരിൽ അറിഞ്ഞുപോന്നിരുന്ന കുടുംബം ഏകദേശം 270 വർഷംമുമ്പ് മീനച്ചിലാറിന്റെ വടക്കുഭാഗത്ത് ളാലം മുതൽ മുണ്ടുപാലം, പയപ്പാർ, കരൂർ, അന്ത്യാളം തുടങ്ങിയ പല സ്ഥലങ്ങളിലും വാസമുറപ്പിച്ചുപോന്നു. -A.D.1830-ലും 'മണിമല' എന്ന കുടുംബപ്പേരാണ് പൊതുവായിട്ടുണ്ടായിരുന്നത്. (പാലാ വലിയപള്ളി സ്മരണിക 1990-പേജ് 6 കാണുക). അപ്രകാരം വന്നു പാർത്ത ഇടങ്ങളിലെ ഭൂമിയുടെ പേര് കുടുംബപ്പേരിനോടു ചേർത്ത് മണിമല ചെമ്പകശ്ശേരി, മണിമല പൊടിമറ്റം, മണിമല കാടൻകാവിൽ, മണിമലക്കുടി അഥവാ മണിമല കല്ലകത്ത് എന്നിങ്ങനെയുള്ള ശാഖാനാമങ്ങൾ ഈ കുടുംബത്തിനുണ്ടായപ്പോൾ പയപ്പാർ ശാഖയും മീനച്ചിൽ-പാലാക്കാട് ശാഖകളും മണിമല എന്ന ഗൃഹനാമത്തിൽത്തന്നെ അറിയപ്പെട്ടു.

  1736-ാമാണ്ട് മീനച്ചിൽ കർത്താക്കന്മാർ പാലാ അങ്ങാടി സ്ഥാപിച്ച് പ്രധാനപ്പെട്ട ക്രൈസ്തവ കുടുംബക്കാർക്ക് കച്ചവടം നടത്തുന്നതിനും മറ്റുമായി സൗകര്യം ചെയ്തുകൊടുത്തപ്പോൾ മണിമലകുടുംബത്തിൽപ്പെട്ടവരും അങ്ങാടിയിൽ കച്ചവടത്തിനും മറ്റുമായി ളാലം ഭാഗത്തു വന്നതിന് വേണ്ടതായ തെളിവുകൾ ചരിത്രത്തിനു സാക്ഷ്യമായിരിക്കുന്നു. മീനച്ചിൽപ്രദേശത്ത് ഭരണാധികാരികൾതന്നെ മണിമലക്കാരുടെ ഭൂസ്വത്തുക്കളുടെ അതിരു നിർണ്ണയിച്ചുകൊടുത്തതുപോലെ ളാലം ഭാഗത്തും ഭരണാധികാരികൾത്തന്നെ 'കോലുകുത്തി' ('കമ്പുകുത്തി' യെന്നും പറയാറുണ്ടായിരുന്നു) മണിമലക്കാരുടെ ഭൂമിക്ക് അതിരുകൾ നിശ്ചയിച്ചുതന്നതായുള്ള വസ്തുതയും തലമുറകളിലൂടെ പകർന്നുപോന്നിട്ടുള്ളത് കുടുംബത്തിന്റെ ചരിത്രത്തിലുണ്ട്. മണിമല കുടുംബത്തിന്റെ കച്ചവട ഇടത്തിനാണ് 'മണിമലക്കുടി' എന്ന പേരുണ്ടായത്. ക്രിസ്ത്യാനികളിൽ പ്രധാനികൾക്കെല്ലാം പാലാ അങ്ങാടിയിൽ സ്ഥലം ലഭിച്ചതിനെപ്പറ്റി പാലാ വലിയപള്ളി സ്മരണികയിൽ ഇപ്രകാരം കാണുന്നു:

  ''ഏ.ഡി. 1736-ൽ അന്നത്തെ നാടുവാഴിയായ മീനച്ചിൽ കർത്താ തന്റെ രാജ്യത്തിന്റെ അഭിവൃദ്ധിയെ ലക്ഷ്യമാക്കി പാലായിൽ ഒരങ്ങാടി സ്ഥാപിക്കാൻ തീരുമാനിച്ചു. മീനച്ചിലാറിന്റെ വടക്കേക്കരയിൽ കാടുവെട്ടിത്തെളിച്ച് അന്നത്തെ ക്രിസ്ത്യാനികളിൽ പ്രധാനികൾക്കെല്ലാം കടകൾ നിർമ്മിക്കുന്നതിനുവേണ്ടി കർത്താതന്നെ കമ്പുനാട്ടി അതിരു തിട്ടപ്പെടുത്തി പതിച്ചുകൊടുത്തു.'' (1990 വലിയ പള്ളി സ്മരണിക പേജ് 119 കാണുക).

  ഇങ്ങനെ നൂറ്റാണ്ടുകളിലൂടെ വളർന്നുവികസിച്ച മണിമലകുടുംബം പാലായിൽ (മീനച്ചിൽ) എല്ലാത്തരത്തിലും പ്രാമുഖ്യമുള്ള പുരാതനപാരമ്പര്യ ക്രൈസ്തവകുടുംബങ്ങളുടെ പട്ടികയിൽ എണ്ണപ്പെട്ടു നിലകൊണ്ടിരുന്നുവെന്നുള്ളതും മണിമലകുടുംബാംഗങ്ങൾ ഓർമ്മിക്കുന്നത് നല്ലതെന്നു തോന്നുന്നു. ഈ കാര്യത്തോടു ബന്ധപ്പെടുത്തി നൂറോളം വർഷം മുമ്പുവരെ പാലായിൽ പലരും സാധാരണ പാടിപ്പോന്നിരുന്ന നാടൻപാട്ടിന്റെ ഒരു ശീലിന്റെ ഭാഗം (ഒരു മുദ്രാവാക്യം - സ്ലോഗൻപോലെ തോന്നിപ്പിക്കുന്നത്) സാന്ദർഭികമായി ഇവിടെ കുറിക്കട്ടെ.

......................................................................

''മണിമല, പൈമ്പിള്ളി, പുത്തേടൻ,

വാഴ, വടക്കൻ, തിരുതാളി "........

....................................................................

  എന്നിങ്ങനെയാണതുള്ളത്. ഇതു പാലായിൽ നൂറ്റാണ്ടുകൾ മുമ്പുള്ള പ്രഗല്ഭ ക്രൈസ്തവ കുടുംബനാമങ്ങളിൽപ്പെട്ടിരുന്നതാണെന്നുള്ളത് ഇന്നു ജീവിച്ചിരിക്കുന്ന ചില മുതിർന്ന പാലാ പൗരന്മാരെങ്കിലും ഓർമ്മിക്കുന്നുണ്ടാവണം. ഈ പാട്ടിന്റെ പൂർണ്ണരൂപത്തിൽ, കൂടുതൽ കുടുംബനാമങ്ങളും ഇതോടു ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരണങ്ങളും കണ്ടേക്കാമെന്നു കരുതാം.

  മണിമലദേശത്തുനിന്നു മീനച്ചിൽ കർത്താക്കന്മാരാൽ കൊണ്ടുവരപ്പെട്ട പൂർവ്വപിതാവ് ഔസേപ്പ് കുടുംബസമേതം മീനച്ചിൽ പ്രദേശത്ത് ചെമ്പകശ്ശേരി ചേരിക്കലിൽ വന്നു വാസമാരംഭിച്ചു. അദ്ദേഹവും ആൺമക്കളും അദ്ധ്വാനശീലരും പരിശ്രമികളുമായിരുന്നു എന്നുള്ളതിന്റെ തെളിവാണ് പൂർവ്വചരിത്രത്തിലുള്ളത്.

  ഏതാണ്ട് നാനൂറു വർഷംമുമ്പ് മീനച്ചിലിൽ വലിയ കൊട്ടാരം മുതൽ പലയിടങ്ങളിലായി 42 മുറി പുരയിടങ്ങൾ മണിമല കുടുംബക്കാരുടെ വകയായിട്ടുണ്ടായിരുന്നതിന് പൂർവ്വികരുടെ വാമൊഴികൾ തെളിവായിരിക്കുന്നുവെന്ന് മുകളിൽ സൂചിപ്പിച്ചിരുന്നുവല്ലോ. ഭൂമി സംബന്ധമായി 'മുറി' എന്നു പറഞ്ഞുവന്നിരുന്നത് ദേശത്തിന്റെ ഒരു ഭാഗത്തിനാണ്. അസ്സലാധാരം കീറി കുടുംബവസ്തു ഭാഗിക്കുന്നതിന് മുറികത്തിപ്പിരിയുക എന്നാണ് അന്നുള്ളവർ പറഞ്ഞുപോന്നിരുന്നത്.

മണിമല കുടുംബക്കാരുടെ ഭൂസ്വത്തുക്കളോടു ബന്ധപ്പെടുത്തി തലമുറകളായി പറഞ്ഞുപോന്നിട്ടുള്ള ഒരു സംഭവം ഇവിടെ കുറിക്കട്ടെ:

  മണിമല ചെമ്പകശ്ശേരി ബഹു. റെയ്നോൾഡച്ചൻ ഈ കാര്യം ഇതു കുറിക്കുന്ന ലേഖകനുമായി പങ്കുവച്ചു സംസാരിച്ചതുകൂടി ഇപ്പോൾ ഓർമ്മിക്കുകയാണ്. ഫാ. റെയ്നോൾഡിന്റെ തലമുറയിലുണ്ടായിരുന്ന പൂർവ്വികരും, മണിമലകുടുംബാംഗങ്ങളിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന മുതിർന്നവരിൽ ചിലരെങ്കിലും അവരുടെ പൂർവ്വികരിൽനിന്നു കേട്ടറിഞ്ഞ സംഭവവിവരണത്തിന്റെ ചുരുക്കമാണ് ഇപ്പോൾ ഇവിടെ കുറിക്കുന്നത്:

  മണിമലകുടുംബക്കാർ മീനച്ചിൽ കർത്താക്കന്മാരോടു ബന്ധപ്പെട്ടാണ് മീനച്ചിൽപ്രദേശത്തുവന്നു വാസം ആരംഭിച്ചത്. പിന്നീടുള്ള കാലത്ത് നാട്ടുരാജാക്കന്മാർ തമ്മിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന യുദ്ധങ്ങളിൽ പ്രഗല്ഭ കുടുംബങ്ങളിലെ പ്രായപൂർത്തിയായ ആണുങ്ങൾ രാജാവിനും നാടിനുംവേണ്ടി യുദ്ധത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. രാജാവിനെ ചതിക്കില്ലെന്നു ഭരണാധികാരികൾക്കു ബോദ്ധ്യമുള്ള ആഢ്യത്വമുള്ള കുടുംബത്തിലെ പുരുഷന്മാരെയാണ് അന്നു യുദ്ധങ്ങളിൽ പങ്കെടുപ്പിക്കുക. ഇവരിൽ ചിലരെങ്കിലും പട നയിക്കുന്നതിന് പ്രാപ്തരായിരുന്നതായും പഴയ ചരിത്രമൊഴികളിൽ തെളിവുകളുണ്ട്.

  ഇങ്ങനെയുള്ള ഒരു യുദ്ധത്തിന് മണിമല കുടുംബത്തിൽനിന്നുപോയ പുരുഷന്മാർ തിരിച്ചുവരാതിരുന്ന പ്രത്യേക പരിതഃസ്ഥിതിയിൽ മണിമലക്കാരുടെ വക ഭൂസ്വത്തുക്കൾ കൈവശപ്പെടുത്തുവാനും അതിരുകൾ മാറ്റുവാനും ചില കുബുദ്ധികളും കൈക്കരുത്തുള്ളവരും ശ്രമംതുടങ്ങി. അക്കാലത്ത് മണിമലകുടുംബത്തിന്റെ കാര്യങ്ങൾ നോക്കി കുടുംബഭരണം നടത്തിയിരുന്ന മണിമല അമ്മ (ചെമ്പകശ്ശേരി അമ്മൂമ്മയെന്നും പറയപ്പെട്ടിരുന്നു. ചെമ്പകശ്ശേരി ചേരിക്കലിനോടു ബന്ധപ്പെട്ടാകാം ഇങ്ങനെ പറയപ്പെട്ടിരുന്നത്) നാശനഷ്ടങ്ങൾ കണ്ടും കേട്ടുമറിഞ്ഞ് നിരാശപ്പെട്ടിരിക്കാതെ തന്റെ ആഢ്യത്വത്തിന് ഒത്തവിധം ഈവക കാര്യങ്ങളുടെ പരിഹാരത്തിന് ഒരു വഴി കണ്ടെത്തി.

  അക്കാലത്ത് രാജാവും പരിവാരങ്ങളും യാത്ര ചെയ്തിരുന്ന വഴികൾ ദേശത്തുണ്ടായിരുന്നു. രാജാവിന്റെ വഴി ആരും തടയാൻ പാടില്ല. അഥവാ ആരെങ്കിലും തടഞ്ഞാൽ അവർ രാജാവിനെ എതിർക്കുന്നവരാണെന്നാണു കരുതുക. ഏതായാലും ഒരു ദിവസം രാജാവിന്റെ യാത്ര വഴിയിൽ തടയപ്പെട്ടു! സന്ദേശവാഹകർ വിവരം യാത്ര ചെയ്തുവന്നുകൊണ്ടിരുന്ന രാജാവിനെ അറിയിച്ചു. ആരാണ് വഴി തടഞ്ഞിരിക്കുന്നതെന്ന് അന്വേഷിച്ച രാജാവിനോട് രാജസേവകൻമാർ അറിയിച്ചത് ഏതാണ്ടിപ്രകാരമായിരുന്നു: ഏതായാലും ശത്രുക്കളല്ല, ആരേയും കൂസാത്ത മുഖഭാവമുള്ള വളരെ കുലീനയായ ഒരു വൃദ്ധമാതാവാണ് വഴിമധ്യത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. വഴിയോരത്ത് ആ അമ്മയുടെ ഭൃത്യരായിട്ടുളളവരെന്നു തോന്നിക്കുന്ന കുറച്ചാളുകൾ നില്പുണ്ട്. 'മണിമലഅമ്മ' എന്നാണ് അവിടെ കണ്ടവരിൽ ചിലർ ആ അമ്മയെപ്പറ്റി പറഞ്ഞത്. അതുമാത്രമല്ല, 'മാറിൻ പെമ്പിളേ'യെന്നു ഞങ്ങൾ പറഞ്ഞപ്പോൾ മാറാൻ പറയാൻ അധികാരമുളളവർ പറയട്ടെ എങ്ങോട്ടു മാറണമെന്ന്!' എന്നും 'നീങ്ങിൻ പെമ്പിളേ' എന്നു പറഞ്ഞതിന് അല്പം കോപത്തിൽ 'നീങ്ങാനുളള ഇടമെവിടെ?' എന്നുമാണ് ആയമ്മ ചോദിച്ചത്.

  രാജസേവകന്മാർ ഇപ്രകാരം ബോധിപ്പിച്ചതിൽ 'മണിമലഅമ്മ' എന്നു കേട്ടപ്പോൾ രാജാവ് (നാടുവാഴി തമ്പുരാൻ) പല്ലക്കിൽനിന്നുമിറങ്ങി അമ്മയുടെ അടുത്തെത്തി. തന്റെ അടുത്തേക്കു വന്ന രാജാവിനെ വണങ്ങി അമ്മ തന്റെ സങ്കടം രാജസമക്ഷത്തിൽ ഉണർത്തിച്ചു:

  ''എന്റെ കുടുംബത്തിൽനിന്നും യുദ്ധത്തിനു പോയ പുരുഷന്മാർ തിരിച്ചെത്തിയിട്ടില്ലെന്ന് അവിടുത്തേക്ക് അറിയാമല്ലോ. കുടുംബത്തിൽ ആണുങ്ങളെന്നു പറയാൻ കൊച്ചുകുട്ടികൾ മാത്രമാണുള്ളത്. ഞങ്ങളുടെ വസ്തുക്കൾ അന്യാധീനപ്പെടുത്തുന്നു. അതിരുകൾ മാറ്റുന്നു, അടിയൻ എന്തുചെയ്യണം?''

  പ്രശ്നത്തിനു പരിഹാരം അപ്പോൾത്തന്നെ ഉണ്ടായി. രാജാവുതന്നെ 'കോലുകുത്തി' മണിമലക്കാരുടെ വക മീനച്ചിൽപ്രദേശത്തുള്ള ഭൂസ്വത്തുക്കൾ രാജാവിന്റെ പ്രത്യേക മേൽനോട്ടത്തിൽപ്പെടുന്നതാണെന്നു പ്രഖ്യാപിക്കുകയും ഭൂമിക്കു പ്രത്യേകമായി കരം ഇളവു ചെയ്യുകയും എന്നാൽ 16 ചക്രം മാത്രം മണിമല കുടുംബക്കാരുടെ ആകെ ഭൂസ്വത്തുക്കൾക്കു മേലിൽ കരം അടച്ചാൽ മതിയെന്നും നിശ്ചയിച്ച് മണിമലക്കാരുടെ വക ഭൂസ്വത്തുക്കൾ പലതും കരം ഒഴിവാക്കി തീർപ്പുണ്ടാവുകയും ചെയ്തു.

  രാജാവ് മണിമലഅമ്മയെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്തശേഷം അന്നത്തെ യാത്ര മതിയാക്കി തിരികെ മടങ്ങിയെന്നുമാണ് പൂർവ്വികർ പറഞ്ഞുപോന്നിട്ടുള്ളത്.

  നാനൂറോളം വർഷംമുമ്പ് യുദ്ധത്തിനും മറ്റുമായി പോയിരുന്ന മണിമല കുടുംബത്തിലെ തലമുതിർന്ന പുരുഷന്മാർ തിരികെ വരാതെ വന്ന പ്രത്യേക സാഹചര്യത്തിലും കുടുംബത്തിലുണ്ടായിരുന്ന ആൺകുട്ടികളും പെൺകുട്ടികളും വേണ്ടവിധമായ ശിക്ഷണത്തിലും ദൈവകൃപയിലും വളർന്നുവന്നു. കുടുംബം അതിന്റെ അന്തസ്സും പ്രൗഢിയും നിലനിർത്തി. അങ്ങനെയുളള തലമുറയിലെ പുരുഷന്മാർ കായികാഭ്യാസികളും കച്ചവടക്കാരും കൃഷിക്കാരുമൊക്കെ ആയിത്തീർന്നു. സത്യത്തിനും നീതിക്കുംവേണ്ടി നിലകൊണ്ടവരും ധീരരും പരിശ്രമികളുമായിരുന്ന മണിമല കുടുംബക്കാരെ മീനച്ചിൽ കർത്താക്കന്മാർ വേണ്ടവിധത്തിൽ അംഗീകരിച്ചിരുന്നു. മണിമലകുടുംബത്തിലെ കാരണവന്മാർക്ക് മീനച്ചിൽ കർത്താക്കന്മാരുടെ പ്രത്യേക സദസ്സുകളിൽ സ്ഥാനികൾക്കുള്ള പ്രത്യേക ഇരിപ്പിടങ്ങൾ നൽകപ്പെട്ടിരുന്നതായി തന്റെ പിതാമഹനും പിതാമഹിയും (മുൻ മഹാരാഷ്ട്ര ഗവർണർ ശ്രീ. കെ.എം. ചാണ്ടിയുടെ പിതൃസഹോദരി) പറഞ്ഞുതന്നിട്ടുള്ളത് റവ.ഡോ. മാണി മണിമല എസ്.ജെ. ഓർമ്മിക്കുന്നുണ്ട്. പൂർവ്വികരിലൂടെ പകർന്നുപോന്നിരുന്ന കായികാഭ്യാസപരിശീലനത്തിലൂടെ കളരിയഭ്യാസിയും മർമ്മാണിവിദഗ്ദ്ധനുമായിരുന്ന മണിമല മാണി എന്ന തന്റെ പിതാമഹൻ ഈ വക കാര്യങ്ങളെ സംബന്ധിച്ച് പകർത്തെഴുത്തുഗ്രന്ഥങ്ങൾ സൂക്ഷിച്ചിരുന്നതും സപ്തതി കഴിഞ്ഞ ഡോ: മാണി മണിമല എസ്.ജെ. ഇന്നും മറന്നിട്ടില്ല.

  ഇപ്രകാരമെല്ലാം മുൻകാല കുടുംബചരിത്രം മനസ്സിലാക്കിവരുമ്പോൾ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനവും പതിനെട്ടാം നൂറ്റാണ്ടിന്റെ ആദിഘട്ടത്തിലുമായി (1680-90 കാലത്ത് ജനിച്ചു എന്നു കരുതപ്പെടുന്ന) മീനച്ചിൽപ്രദേശത്തു ജീവിച്ചിരുന്ന മണിമല തൊമ്മൻ എന്ന പ്രഗല്ഭവ്യക്തിയെ കേന്ദ്രീകരിച്ചാണ് കുടുംബചരിത്രം പിൻതലമുറകളിലേക്കു വളരുന്നത്.

  അക്കാലത്ത് മണിമല വലിയ തൊമ്മൻ എന്നുകൂടി മീനച്ചിൽപ്രദേശത്ത് അറിയപ്പെട്ടിരുന്ന തൊമ്മൻപിതാവ് ധാരാളം ഭൂസ്വത്തുക്കളുടെ ഉടമയെന്നതുപോലെ കൊപ്രാക്കച്ചവടവും കുരുമുളകുവ്യാപാരവും മറ്റും നടത്തി വന്നിരുന്ന സത്യസന്ധനും ജനസമ്മതനുമായ ഒരു മഹത്വ്ക്തിയായിരുന്നു എന്നുളള ചരിത്രം ഇന്നുള്ള തലമുറയ്ക്കു ലഭിക്കുന്നതിനു കാരണക്കാർ ടി തൊമ്മൻ പിതാവിന്റെ പിൻതലമുറയിൽപ്പെട്ട മണിമല കുടുംബത്തിലെ കാരണവന്മാർ തന്നെയാണ്. ദേശവാഴികളായ മീനച്ചിൽകർത്താക്കന്മാരുമായി നല്ല ബന്ധം പുലർത്തിപ്പോന്ന തൊമ്മൻപിതാവിന് മൂന്നു പുത്രന്മാർ ഉണ്ടായിരുന്നതായിട്ടാണ് പിന്നീടുള്ള തലമുറകളിലൂടെ അറിയപ്പെട്ടത്. മൂത്തപുത്രൻ ഔസേപ്പ്, രണ്ടാമൻ മാണി, മൂന്നാമൻ തൊമ്മൻ എന്നുള്ളതാണു ചരിത്രവീക്ഷണം (പുത്രിമാരും ഉണ്ടായിരുന്നതായി കരുതുന്നതിൽ തെറ്റു വരികയില്ലല്ലോ.)

  1736-ൽ മീനച്ചിൽ കർത്താക്കന്മാർ മീനച്ചിലാറിന്റെ വടക്കുഭാഗത്ത് അങ്ങാടി സ്ഥാപിച്ചപ്പോൾ തൊമ്മൻപിതാവിന്റെ അനുഗ്രഹത്തോടും അനുവാദത്തോടുംകൂടി മൂത്തമകൻ ഔസേപ്പ് മീനച്ചിൽകർത്താക്കന്മാരുടെ സഹകരണത്തിൽ മീനച്ചിൽനിന്നും അങ്ങാടിയിൽ ളാലം ഭാഗത്തേക്കു മാറി താമസമാരംഭിച്ചു എന്നുള്ളതാണ് ഈ കാര്യത്തിൽ ശരിയായി വരുന്ന നിഗമനം.ഇപ്രകാരം ളാലം ഭാഗത്തുവന്നു താമസമാരംഭിച്ച ഔസേപ്പുമാപ്പിള എന്ന മണിമല കുടുംബക്കാരണവരുടെ സന്തതിതലമുറകളിൽപ്പെട്ടവരാണ്, പയപ്പാർ മണിമല, മണിമല-ചെമ്പകശ്ശേരി, മണിമല കാടൻകാവിൽ, മണിമലക്കുടി അഥവാ കല്ലകത്ത്, മണിമല പൊടിമറ്റം എന്നിങ്ങനെയുള്ള മണിമലകുടുംബശാഖകൾ. മീനച്ചിൽ ഭാഗത്തു ശേഷിച്ചവർ മീനച്ചിൽ മണിമല ശാഖയായിത്തുടർന്നു.

  ഉദ്ദേശം 1710-ൽ ജനിച്ച ഔസേപ്പുകാരണവർ തന്റെ 26-ാം വയസ്സിൽ ഭാര്യയോടും മക്കളോടുംകൂടി ളാലം ഭാഗത്തുവന്നു താമസമാരംഭിച്ചപ്പോൾ തന്റെ പിതാവായ വലിയതൊമ്മനിൽനിന്നു വേണ്ടതായ പണവും അന്നത്തെ രീതിയനുസരിച്ച് വേലക്കാരുൾപ്പെടെയുള്ള എല്ലാവിധ പിന്തുണയും മേൽനോട്ടവും ലഭിച്ചുവെന്നു കരുതേണ്ടിയിരിക്കുന്നു. കാരണം, ളാലം ഭാഗത്തു താമസമാരംഭിച്ച ഔസേപ്പുകാരണവരുടെ തലമുറകളുടെ എല്ലാവിധ വളർച്ചയ്ക്കും ഉറച്ച ഒരടിത്തറ ഉണ്ടായിരുന്നുവെന്നു പിന്നീടുള്ള ചരിത്രമാണു തെളിവായിരിക്കുന്നത്.

  ളാലം ഭാഗത്തു താമസമാരംഭിച്ച ഔസേപ്പുകാരണവരുടെ മകൻ തൊമ്മൻ ഉദ്ദേശം 1732-ൽ ജനിച്ചെന്നു കരുതാം. ഈ പറയുന്ന തൊമ്മന്റെ മൂത്തമകൻ ഔസേപ്പ് ഉദ്ദേശം 1756-ൽ ജനിച്ചതായി കണക്കുകൂട്ടുന്നതിൽ തെറ്റുവരികയില്ലെന്നു തോന്നുന്നു. ഇദ്ദേഹത്തിന് മൂന്ന് ആൺമക്കൾ ഉണ്ടായിരുന്നതായിട്ടാണ് അദ്ദേഹത്തിന്റെ പിൻതലമുറയിൽപെട്ടവർ പറഞ്ഞുപോന്നിട്ടുള്ളത്. മീനച്ചിലിൽനിന്ന് ളാലത്തു വന്നു പാർത്ത ഔസേപ്പ് ഒന്നാമന്റെ മൂത്തമകൻ തൊമ്മന്റെ മകൻ ഔസേപ്പ് രണ്ടാമന്റെ മൂത്തമകൻ തൊമ്മനാണ് പോണാട്ടുപ്രദേശത്തു താമസമാരംഭിച്ച മണിമല പൊടിമറ്റം ശാഖയുടെ സ്ഥാപകൻ. ഇദ്ദേഹം പോണാട്ടുള്ള സ്ഥലത്തേക്കു കുടുംബസമേതം മാറി, പിന്നീട് മണിമലപൊടിമറ്റമെന്നുള്ള കുടുംബപ്പേരിൽ അറിയപ്പെട്ടുപോന്നു. ടി ഔസേപ്പ് രണ്ടാമന്റെ രണ്ടാമത്തെ മകനായ ചെറിയാനാണ് മണിമല പയപ്പാർ, മണിമല ചെമ്പകശ്ശേരി, മണിമല കല്ലകത്ത് ശാഖകളുടെ കാരണവസ്ഥാനത്തുള്ളത്. ഔസേപ്പ് രണ്ടാമന്റെ മൂന്നാമത്തെ മകൻ ഔസേപ്പാണ് (ഔസേപ്പ് മൂന്നാമൻ) മണിമലകാടൻകാവിൽ ശാഖയായിത്തീർന്ന കാടൻകാവിൽ ശാഖയുടെ പൂർവ്വപിതാവ്.കാടൻകാവിൽ പുരയിടത്തിലേക്കു പിൻതലമുറയിൽപ്പെട്ട മത്തായിപ്പിതാവ് താമസമാരംഭിച്ചകാലം മുതലാണ് മണിമല കുടുംബത്തിന്റെ ഈ ശാഖയ്ക്കു മണിമലകാടൻകാവിൽ എന്നു പ്രത്യേകമായി പറയപ്പെട്ടുപോന്നതെന്നു കേരളചരിത്രഡയറക്ടറിയിൽ കാണുന്നു. (കാടൻകാവിൽ പുരയിടങ്ങളിൽപ്പെട്ട ഭൂമി വാങ്ങി താമസം തുടങ്ങിയ ഞാവള്ളിക്കുടുംബത്തിൽപ്പെട്ട ഒരു ശാഖയ്ക്ക് ഞാവള്ളി കാടൻകാവിൽ എന്നു പറഞ്ഞുവരുന്നുണ്ടെന്നുകൂടി പ്രത്യേകമായി ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ).

  പാലാ അങ്ങാടിയിൽത്തന്നെ കച്ചവടവുമായി ബന്ധപ്പെട്ടിരുന്ന മണിമലക്കുടുംബത്തിന്റെ പിൻതലമുറയിൽപ്പെട്ടവരുടെ ഗൃഹനാമമായിരുന്നു മണിമലക്കുടി. ഇവർ ടി ഔസേപ്പ് ഒന്നാമന്റെ പിൻതലമുറയിൽപ്പെട്ട ചെറിയാൻപിതാവിനോടു ബന്ധപ്പെട്ടവരായിരുന്നു. അന്നത്തെ കാലത്ത് കച്ചവടസ്ഥലത്തിന് 'കുടി' എന്നു പറഞ്ഞുപോന്നിരുന്നു. മണിമലക്കുടിശാഖയാണ് പിന്നീട് താമസിച്ചിരുന്ന ഭൂമിയുടെ പേരുമായി ബന്ധപ്പെട്ട് മണിമല കല്ലകത്തു ശാഖയായി പരിണമിച്ചത്.

  മീനച്ചിലിലെ വലിയതൊമ്മൻപിതാവിന്റെ രണ്ടാമത്തെ മകൻ മാണി കാരണവരുടെ (ഉദ്ദേശം 1712) പിൻതലമുറയിൽപ്പെട്ടവരാണ് മീനച്ചിലിലുണ്ടായിരുന്ന (1) മാണി (ഉദ്ദേശം 1828) (2) അബ്രാഹം (ശ്ലേമോൻ) - 1830 (3) തൊമ്മൻ (ആദം ഒന്നാമൻ അഥവാ ആദം പിതാവ്-1832) എന്നിങ്ങനെയുള്ള സഹോദരന്മാർ.ഇവരുടെ സമകാലികനായിരുന്നു ളാലം ഭാഗത്തേക്കുപോന്ന ഔസേപ്പുകാരണവരുടെ പിൻതലമുറയിൽപ്പെട്ട ഇട്ടിച്ചെറിയ എന്ന പിതാവ് (1828). ഇട്ടിച്ചെറിയാ പിതാവും ആദം പിതാവ് എന്ന തൊമ്മൻ പിതാവും ജ്യേഷ്ഠാനുജന്മാരെപ്പോലെ ബന്ധപ്പെട്ടിരുന്നതായി പൂർവ്വികർ പറഞ്ഞിട്ടുള്ളത് ഇട്ടിച്ചെറിയപ്പിതാവിന്റെ പിൻതലമുറകളിൽപ്പെട്ട പയപ്പാർ മണിമലയിലെ യശഃശരീരനായ കൊച്ചൗസേപ്പ് എന്ന പിതാവിന്റെ മകൻ സ്വാതന്ത്ര്യസമരസേനാനിയായ മണിമല വർക്കിച്ചനും, പാലാ മുനിസിപ്പൽ കൗൺസിലറായിരുന്ന മണിമല-ചെമ്പകശ്ശേരി ശാഖയിലെ ജോർജുകുട്ടിയും അനുസ്മരിക്കുന്നുണ്ട്.മീനച്ചിലിലെ വലിയ തൊമ്മൻ പിതാവിന്റെ മൂന്നാമത്തെ മകൻ തൊമ്മൻകാരണവർ (1714) മീനച്ചിലിൽത്തന്നെ പാർത്തുവന്നതായിട്ടാണ് തെളിവുകളുള്ളത്. മേൽപ്പറഞ്ഞ മൂന്നു സഹോദരന്മാരുടെ പിൻതലമുറകളിൽപ്പെട്ടവരിൽ ചിലരുടെയെങ്കിലും മാമ്മോദീസാക്കുറിപ്പുകൾ, വലിയ പള്ളിയുടെ മാമ്മോദീസാക്കണക്കിൽ ഉള്ളതായി കാണുന്നു. മാമ്മോദീസാക്കണക്കിൽ കാണുന്ന മീനച്ചിൽ ഭാഗത്തുണ്ടായിരുന്ന മത്തായി, സ്കറിയാ, ചാക്കോ തുടങ്ങിയ പിൻതലമുറക്കാർ ഇവിടെ പരാമർശിക്കുന്ന തൊമ്മൻകാരണവരുടെ സന്തതിതലമുറയിൽപ്പെട്ടവരാണെന്നുള്ളതാണ് ഇപ്പോൾ അനുമാനിക്കാൻകഴിയുന്ന കാര്യം. ടി തൊമ്മൻകാരണവരുടെ പിൻതലമുറയിൽപ്പെട്ടവരെപ്പറ്റി കൂടുതലായി ഇക്കാലത്ത് അറിയാൻ കഴിഞ്ഞിട്ടില്ല. ഇക്കൂട്ടർ വളരെ കാലം മുമ്പുതന്നെ മീനച്ചിൽപ്രദേശത്തുനിന്നു മറ്റു പല ദേശങ്ങളിലേക്കും പോയിരിക്കാമെന്നേ ഈ കാര്യത്തെപ്പറ്റി ഇപ്പോൾ പറയാൻ കഴിയൂ.

  ളാലം ഭാഗത്തുണ്ടായിരുന്ന ഇട്ടിച്ചെറിയാപ്പിതാവിനെപ്പറ്റി മുകളിൽ പറഞ്ഞിരുന്നുവല്ലോ. ഇദ്ദേഹം നല്ല ധനശേഷിയും കാര്യപ്രാപ്തിയുമുള്ള കുടുംബക്കാരണവരായിരുന്നു. ഇദ്ദേഹത്തിന്റെ മൂത്ത പുത്രൻ കുര്യൻ പിതാവാണ് മണിമലചെമ്പകശ്ശേരി ശാഖയുടെ സ്ഥാപകൻ. കുര്യൻ പിതാവിന്റെ മൂത്ത മകനായിരുന്നു മീനച്ചിൽ താലൂക്കിലെ ആദ്യത്തെ ബി.എ. ക്കാരനായ അഡ്വക്കേറ്റ് എം.കെ. ചെറിയാൻ. കുര്യൻ കാരണവരുടെ ഇളയമകനായിരുന്നു കോഴിക്കോട് ദേവഗിരി കോളേജിന്റെ വൈസ് പ്രിൻസിപ്പാളായിരുന്ന സി.എം.ഐ. വൈദികൻ യശഃശരീരനായ റവ.ഫാ. റെയ്നോൾഡ് ചെമ്പകശ്ശേരി (ചെമ്പകശേരി ശാഖാചരിത്രം കാണുക).

  മണിമല ചെമ്പകശ്ശേരി കുര്യൻപിതാവിന്റെ മൂന്നാമത്തെ മകൻ കുഞ്ഞുമത്തായി എന്ന മാത്യു വലിയ ബുദ്ധിമാനും വിദ്യാഭ്യാസകാര്യത്തിൽ വളരെ സമർത്ഥനുമായിരുന്നു. അക്കാലത്ത് കൽക്കട്ടയിൽ ഉപരിപഠനത്തിനുപോയ കുഞ്ഞുമത്തായി നശ്വരമായ ഈ ലോകജീവിതത്തേക്കാൾ അനശ്വരമായ ആത്മീയതയ്ക്കു മുഖ്യസ്ഥാനം കൊടുത്തതുകൊണ്ടാവാം ലോകസുഖങ്ങളെല്ലാം വെടിഞ്ഞ് ഒരു അവധൂതനായി മാറിപ്പോയത്. ഇദ്ദേഹത്തെപ്പറ്റി പിന്നീട് ഒരറിവുമില്ലാതായിയെന്ന് ഫാ. റെയ്നോൾഡ് പറഞ്ഞിട്ടുള്ളത് ഇപ്പോൾ ഇവിടെ ഓർമ്മിക്കുകയാണ്.

  അക്കാലത്തും ഇപ്രകാരമുളള മഹത്തുക്കൾ മണിമലക്കുടുംബത്തിലുണ്ടായിരുന്നുവെന്നുള്ളത് ഇനിയുള്ള തലമുറകളും ഓർമ്മിക്കേണ്ടതുണ്ട്. കാരണം, ഈ കാലഘട്ടത്തിൽ ശരിയായ ആത്മീയതയ്ക്കു യാതൊരുവിലയും കല്പിക്കാതെ ലൗകികസുഖങ്ങളുടെ പിന്നാലെ പരക്കം പായുന്ന പ്രവണതയാണല്ലോ എങ്ങും കണ്ടുവരുന്നത്.

  മേൽച്ചൊന്ന ഇട്ടിച്ചെറിയാപ്പിതാവിന്റെ മകൻ മത്തായി കാരണവരുടെ ഏകമകനായിരുന്നു പയപ്പാർ മണിമലശാഖയിൽപ്പെട്ട മണിമല കൊച്ചൗസേപ്പ് എന്ന പിതാവ്. അദ്ദേഹം മണ്ണിനെ പൊന്നാക്കുന്ന പരിശ്രമശാലിയായിരുന്നു. ധാരാളം ഭൂമി സമ്പാദിച്ച് കാർഷികവൃത്തിയിൽ ഏർപ്പെട്ട് തന്റെ മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിൽ ശ്രദ്ധിച്ചിരുന്ന അദ്ദേഹം പൊതുക്കാര്യങ്ങളിലും വേണ്ടതുപോലെ ഇടപെട്ടുപോന്നു. പള്ളികളുടെയും കന്യാസ്ത്രീമഠങ്ങളുടെയും കെട്ടിടങ്ങളുടെ നിർമ്മാണത്തിലും മറ്റും സഹകരിക്കുവാൻ അദ്ദേഹം ധനവും സമയവും ചെലവഴിച്ചതിന് തലമുറകൾ സാക്ഷ്യമാണ്. കൊച്ചൗസേപ്പുപിതാവ് പുനർവിവാഹം ചെയ്തത് യശഃശരീരനായ ശ്രീ ആർ.വി. തോമസിന്റെ സഹോദരിയെ ആയിരുന്നു. കൊച്ചൗസേപ്പുപിതാവിന്റെ മകൻ മണിമല വർക്കിച്ചൻ (വർക്കി ഔസേപ്പ്) സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു. പൊതുക്കാര്യപ്രസക്തനും ബിസിനസ്സുകാരനുമായ ഇദ്ദേഹം ഇപ്പോൾ കരിമണ്ണൂർ, പള്ളിക്കാമുറി എന്ന സ്ഥലത്ത് വിശ്രമജീവിതം നയിക്കുന്നു.

  മണിമലകാടൻകാവിൽ ശാഖയ്ക്കു കാരണക്കാരനായിത്തീർന്ന ഔസേപ്പുകാരണവരുടെ (ഔസേപ്പ് മൂന്നാമൻ) പിൻതലമുറയിൽപ്പെട്ട മത്തായി എന്ന പിതാവാണ് കാടൻകാവിൽ എന്ന പുരയിടത്തിലേക്കു മാറിത്താമസിച്ചതെന്ന് മുകളിൽ സൂചിപ്പിച്ചിരുന്നു. ടി മത്തായിപ്പിതാവിന് തൊമ്മൻ, മാണി, മത്തായി, ഔസേപ്പ് എന്നീ നാലുപുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായിരുന്നു. ഇതിൽ ഇളയമകൻ ഔസേപ്പാണ് പെരിയ ബഹുമാനപ്പെട്ട മണിമലകാടൻകാവിൽ യൗസേപ്പച്ചൻ. ഇദ്ദേഹം ജനിച്ചത് 1863-ൽ ആയിരുന്നു.മണിമലകാടൻകാവിൽ ശാഖയിൽപ്പെട്ടവർ പരിശ്രമികളും അദ്ധ്വാനശീലരുമായിരുന്നു. മീനച്ചിൽ താലൂക്കിലും തൊടുപുഴ താലൂക്കിലും ധാരാളം ഭൂസ്വത്തുക്കൾ സമ്പാദിച്ചു കാർഷികവൃത്തിയിൽ പുരോഗമിച്ച ഇവരുടെ പിൻതലമുറകളിൽപ്പെട്ടവർ കച്ചവടക്കാരും ഗവ. ഉദ്യോഗസ്ഥരും ബാങ്കുജോലിക്കാരുമൊക്കെയായി സമൂഹത്തോടുള്ള പ്രതിബദ്ധത കണക്കാക്കി സംതൃപ്തജീവിതം നയിച്ചുപോരുന്നവരാണ്. പയപ്പാറ്റിലുണ്ടായിരുന്ന മണിമലകാടൻകാവിൽ തൊമ്മൻ തോമസ് എന്ന കുഞ്ഞമ്മൻ മണിമല കാടൻകാവിൽ എല്ലാവരുടെയും ആദരവു നേടിയെടുത്ത ഒരു വ്യക്തി ആയിരുന്നു.സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ഇദ്ദേഹം കരൂർ പഞ്ചായത്തിന്റെ പ്രസിഡന്റുപദവിയിലിരുന്നു ധാരാളം ജനസേവനപ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. നല്ല ഒരു വ്യാപാരികൂടിയായിരുന്ന ശ്രീ. തൊമ്മൻ തോമസ് പൊതുജനസമ്മതനും പരോപകാരിയുമായിരുന്നുവെന്ന് അദ്ദേഹത്തെപ്പറ്റി അറിഞ്ഞിരുന്നവർ ഇന്നും പറഞ്ഞുപോരുന്നുണ്ട്.

  മണിമല കല്ലകത്തു ശാഖയിൽപ്പെട്ടവർ (മണിമലക്കുടി) കച്ചവടകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി പ്പോന്നവരായിരുന്നു. പിന്നീട് ഈ ശാഖയിൽപ്പെട്ടവർ കൃഷിയിടങ്ങൾ തേടി പല സ്ഥലങ്ങളിലേക്കു കുടിയേറി അദ്ധ്വാനിച്ചുജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തി. കല്ലകത്തു പുരയിടം വാങ്ങി പൂർവ്വികർ താമസിച്ചതിനാൽ ഈ ശാഖയ്ക്ക് മണിമലകല്ലകത്ത് എന്ന പേരുണ്ടായി. ഈ ശാഖയുടെ പിൻതലമുറയിൽപ്പെട്ടവർ സർക്കാരുദ്യോഗത്തിലും അദ്ധ്യാപകജോലിയിലും മറ്റും ആത്മാർത്ഥത തെളിയിച്ച് തലമുറകൾക്കു മാതൃകയായിരിക്കുന്നു.

  ളാലത്തുണ്ടായിരുന്ന ഇട്ടിച്ചെറിയാപ്പിതാവിന്റെ സമകാലികരായി മീനച്ചിൽപ്രദേശത്തു പാർത്തുവന്ന (1)മാണി, (2)അബ്രാഹം, (3)തൊമ്മൻ എന്നിങ്ങനെയുള്ള ഒരമ്മ പെറ്റ സഹോദരന്മാരായ കാരണവന്മാരെപ്പറ്റി മുകളിൽ സൂചിപ്പിച്ചിരുന്നു. മീനച്ചിൽ മണിമലശാഖയിൽപ്പെട്ട കുടുംബാംഗങ്ങളിൽ ഭൂരിപക്ഷവും ഈ പിതാക്കന്മാരുടെ പിൻതലമുറക്കാരാണ്.

  ഈ പിതാക്കന്മാരിൽ മൂത്ത സഹോദരനായിരുന്ന മാണിയുടെ ഭാര്യയുടെ പേര് മറിയം എന്നായിരുന്നു. ഇദ്ദേഹത്തിന്റെ പുത്രന്മാരിൽ മൂത്ത മകൻ ഔസേപ്പും, മൂന്നാമത്തെ മകൻ മാണിയുമായിരുന്നു. മൂന്നാമത്തെ മകനായ മാണി പാലാ അങ്ങാടിയിലുണ്ടായിരുന്ന ചിറ്റേട്ട് കുടുംബത്തിലെ ഏലിയെ വിവാഹം ചെയ്തു. മാണി- ഏലി ദമ്പതികൾക്ക് മാണി, ഔസേപ്പ്, ഫ്രെഞ്ചു, തൊമ്മൻ എന്നിങ്ങനെ നാലുപുത്രന്മാരും മറിയം, ത്രേസ്യാ, ഏലി എന്നിങ്ങനെ മൂന്നു പുത്രിമാരും ഉണ്ടായി. മൂത്ത മകൻ മാണി പാലാ കിഴക്കയിൽ കുടുംബത്തിൽ ചാണ്ടി (ഗവർണർ കെ.എം. ചാണ്ടിയുടെ പിതാമഹൻ) മകൾ മറിയത്തെ വിവാഹം ചെയ്തു. രണ്ടാമത്തെ മകൻ ഔസേപ്പ് ചങ്ങനാശ്ശേരി കാരിക്കൽ കുടുംബത്തിലെ അന്നയെ വിവാഹം ചെയ്തു. മൂന്നാമൻ ഫ്രഞ്ചു പാലാ പൊരുന്നോലി കുടുംബത്തിലെ മറിയത്തെയും നാലാമൻ തൊമ്മൻ തെങ്ങുംപള്ളി കുടുംബത്തിൽനിന്ന് ഏലിയാമ്മയെയുമാണ് വിവാഹം ചെയ്തിരുന്നത്. പെൺമക്കളിൽ മൂത്തമകൾ മറിയത്തെ പൊൻകുന്നം മൂക്കിലിക്കാട്ടുകുടുംബത്തിലും രണ്ടാമത്തെ മകൾ ത്രേസ്യായെ വേമ്പേനികുടുംബത്തിലും ഇളയമകൾ ഏലിയെ കടനാട് മുല്ലപ്പള്ളി കുടുംബത്തിലും വിവാഹം ചെയ്തയച്ചു. ഇവരുടെയെല്ലാം പിതാമഹനായിരുന്ന മാണി പിതാവ് കാർഷികവൃത്തിയോടൊപ്പം കൊപ്രാക്കച്ചവടവും കുരുമുളകുവ്യാപാരവും ചിട്ടിയും നടത്തിപ്പോന്നിരുന്നു. തലമുറകളെപ്പറ്റി കരുതലുണ്ടായിരുന്ന ഈ പിതാവ് അക്കാലത്ത് മീനച്ചിൽപ്രദേശത്ത് ഒരു പ്രധാന വൃക്തിയായിരുന്നു. അദ്ദേഹത്തിന്റെ പിൻതലമുറകൾ അഭിമാനത്തോടെ ഈ വക കാര്യങ്ങൾ ഓർമ്മിച്ച് അവരുടെ മക്കൾക്ക് കുടുംബത്തിന്റെ പാരമ്പര്യവും അന്തസ്സും എന്തെന്നു വ്യക്തമാക്കുന്നതിൽ ശ്രദ്ധ ചെലുത്തിപ്പോന്നവരായിരുന്നു.

  ടി മാണി പിതാവിന്റെ സഹോദരൻ അബ്രാഹം 'ശ്ലേമോൻ' എന്ന പേരിലുംകൂടി അറിയപ്പെട്ടു. ഇതിനുകാരണം ബൈബിളിലെ സോളമനെപ്പോലെ (ശാലമോൻ, അഥവാ ശ്ലേമോൻ) എത്ര കീറാമുട്ടിപ്രശ്നങ്ങൾക്കും തന്റെ ബുദ്ധി ഉപയോഗിച്ച് നീതിപൂർവ്വകമായ പരിസമാപ്തി ഉണ്ടാക്കുന്നതിൽ ഈ പിതാവ് അതീവ സമർത്ഥനായിരുന്നു. അക്കാലത്ത് സർവ്വർക്കും ആദരണീയനായി അറിയപ്പെട്ടിരുന്ന ധന്യനായ ഇദ്ദേഹം മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ സ്വന്തം ധനംകൂടി നഷ്ടപ്പെടുത്തി ഏതെങ്കിലും തരത്തിൽ പരിഹാരമുണ്ടാക്കി മറ്റുള്ളവരെ സഹായിക്കാൻ സദാ സന്നദ്ധനായിരുന്നു. ഇദ്ദേഹത്തിന്റെ പേരിൽ മീനച്ചിൽ വലിയകൊട്ടാരം ഭാഗത്ത് നൂറ്റാണ്ടിനുശേഷവും 'മണിമലശ്ലേമോന്റെ കോട്ടയ്ക്കകം' എന്നറിയപ്പെടുന്ന സ്ഥലത്ത് അക്കാലത്ത് മറ്റുള്ളവരുടെ തർക്കങ്ങൾക്കു പരിഹാരം കണ്ടെത്തി തീർപ്പുകല്പിക്കാൻ 'മണിമലശ്ലേമോന്റെ സഭ' കൂടിയിരുന്നതായി പഴമക്കാർ പിൻതലമുറകൾക്കു പറഞ്ഞുകൊടുത്തിരുന്നുവെന്നുള്ളതും ഇവിടെ പ്രത്യേകം ഓർമ്മിക്കുകയാണ്.

  ടി അബ്രഹാം പിതാവിന്റെ പുത്രന്മാരായിരുന്നു ഔസേപ്പ്, ഇത്താക്ക് തുടങ്ങിയ കാരണവന്മാർ. ഇതിൽ ഇത്താക്കിന്റെ പുത്രന്മാർ അബ്രഹാം, ഇത്താക്ക്, തുടങ്ങിയവരിൽ അബ്രാഹത്തെ (അബ്രഹാം രണ്ടാമൻ) ശ്ലേമോൻ എന്ന് വിളിച്ചുവന്നിരുന്നതായി പഴമക്കാർ പറഞ്ഞിട്ടുണ്ട്. ഇതിൽ ഇത്താക്കിന്റെ പിൻതലമുറയിൽപ്പെട്ടയാളായിരുന്നു അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്നു ദേവസ്യാ മണിമല എന്ന ദേഹം. (മണിമല മീനച്ചിൽശാഖാ ചരിത്രം കാണുക).

  അതുപോലെതന്നെ മീനച്ചിൽശാഖയിൽ എടുത്തുപറയേണ്ടവരാണ് പ്രഗല്ഭരായ തൊമ്മന്മാർ. മാണി പിതാവിന്റെയും അബ്രഹാം പിതാവിന്റെയും സഹോദരനായിരുന്ന തൊമ്മൻപിതാവിനെ ആദം പിതാവെന്ന് കുടുംബക്കാർപോലും അക്കാലത്തു വിളിച്ചിരുന്നു. ഏഴടിക്കൊത്ത ഉയരവും അതിനൊത്ത ശരീരവും ഉണ്ടായിരുന്ന ആദം പിതാവ് മറ്റുള്ളവരിൽ ഭയബഹുമാനം ഉളവാക്കുംവിധം അത്ര മതിപ്പുള്ള ജീവിതത്തിന് ഉടമയായിരുന്നു. ധാരാളം ഭൂസ്വത്തുക്കൾ സ്വന്തമായിട്ടുള്ളയാളായിരുന്ന ഇദ്ദേഹം എല്ലാവരോടും അനുകമ്പയുള്ളവനുമായിരുന്നു. ആദം ഒന്നാമന് മൂന്നുപുത്രന്മാർ ഉണ്ടായതിലുള്ള തൊമ്മൻ എന്ന കാരണവരും ആദം എന്നറിയപ്പെട്ടു. ആദം രണ്ടാമൻ എന്ന തൊമ്മൻ കാരണവർ നരിക്കാട്ടു കുടുംബത്തിൽനിന്നാണു വിവാഹം കഴിച്ചിരുന്നത്. പിതാവിനെപ്പോലെതന്നെ മകനും ശരീരവലിപ്പത്തിൽ ആരും അത്ഭുതപ്പെട്ടുപോകുംവിധം ഗംഭീരനായിരുന്നു. ഇദ്ദേഹത്തിന്റെ ഏകമകനായ തൊമ്മൻ എന്ന ആദം മൂന്നാമന് അക്കാലത്ത് മീനച്ചിലിലും, കാളകെട്ടി തുടങ്ങിയ സ്ഥലങ്ങളിലുമായി ഒൻപതുമുറി പുരയിടങ്ങൾ പിതാവായ തൊമ്മൻ കുറ്റം തീർത്ത ദേഹണ്ഡങ്ങളോടെ നൽകി. ആദം മൂന്നാമനെന്ന തൊമ്മൻ കാരണവർ മീനച്ചിൽ കിഴക്കേക്കര കുടുംബത്തിൽനിന്നുമാണ് വിവാഹം ചെയ്തിരുന്നത്. ധാരാളം സമ്പത്തുണ്ടായിരുന്ന ഇദ്ദേഹം 'ധാരാളി'യുമായിരുന്നു. പൂവരണി പള്ളിയുടെ ആരംഭകാലത്ത് പള്ളിയിലെ വലിയ പെരുന്നാൾ പല വർഷങ്ങളിലേത് തുടർച്ചയായി ഇദ്ദേഹമാണു നടത്തിയിരുന്നതെന്ന് ഇപ്പോൾ മലബാർഭാഗത്ത് (വിലങ്ങാട്) നവതിയോടടുത്ത പ്രായം വരുന്ന മണിമല സ്കറിയ (ചെറിയാൻ) എന്ന ഏറ്റവും ഇളയ മകൻ തന്റെ പിതാവായ ആദം മൂന്നാമനെപ്പറ്റി തന്റെ ഓർമ്മകളുടെ സൂക്ഷിപ്പിൽനിന്നും വെളിപ്പെടുത്തുന്നത് അഭിമാനത്തോടെ തന്നെയാണ്.

  ആദം ഒന്നാമൻ എന്ന തൊമ്മൻ പിതാവ് തന്റെ ധനവും ശരീരശക്തിയും മറ്റുള്ളവർക്കായി വ്യയം ചെയ്യുന്നതിൽ മടി കാണിക്കാത്ത ആളായിരുന്നു. അദ്ദേഹത്തിന്റെ വകയായി പാലാക്കാട്ടു പ്രദേശത്തുണ്ടായിരുന്ന 'മണിമലപുരയിടം' എന്ന് ഇന്നും അറിയപ്പെടുന്നിടത്ത് 'പറുദീസാ' എന്നു പറഞ്ഞുവന്നിരുന്ന ഒരു പ്രത്യേക ഭാഗമുണ്ട്. ഇന്നും പാലാക്കാട്ടുഭാഗത്തുള്ള മുതിർന്നവരിൽ ചിലരെങ്കിലും ഈ കാര്യം ഓർമ്മിക്കുന്നുമുണ്ട്.

  മണിമല തൊമ്മൻ എന്ന ആദം പിതാവും (ആദം ഒന്നാമൻ) മീനച്ചിലാറിനു വടക്ക് ളാലം ഭാഗത്ത് അക്കാലത്തുണ്ടായിരുന്ന മണിമല ഇട്ടിച്ചെറിയാപ്പിതാവും സമകാലികരും വളരെ അടുത്ത് ഇടപഴകി തങ്ങളുടെ കുടുംബബന്ധവും അതിന്റെ മഹിമയും ദൃഢതരമാക്കി സൂക്ഷിച്ചുപോന്നിരുന്നവരുമായിരുന്നുവെന്ന് പിന്നീടുള്ള തലമുറകളിൽ ചിലരെങ്കിലും ഇന്നും ഓർമ്മിക്കുന്നുണ്ട്.

  ഒന്നര നൂറ്റാണ്ടു മുമ്പുവരെ മണിമലകുടുംബത്തിന്റെ ശാഖകളിൽപ്പെട്ട മുതിർന്നവരിൽ പലരും കുടുംബബന്ധത്തിന് വലിയ ഉടവുതട്ടാതെ ഒരു പരിധിവരെ കാത്തുസൂക്ഷിച്ചിരുന്നുവെന്നതിനു സംശയമില്ല. പിന്നീട് കാലത്തിന്റെ മാറ്റങ്ങളിൽ പലയിടങ്ങളിലും ദൂരങ്ങളിലും പാർത്തുവന്ന കുടുംബശാഖകളിൽപ്പെട്ട കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെ ഇഴകൾ അഴിഞ്ഞും അയഞ്ഞും പോയെന്നുള്ള സ്ഥിതിയാണ് വന്നു ഭവിച്ചത്. കുടുംബത്തിന്റെ പാരമ്പര്യത്തെപ്പറ്റിയുള്ള കേട്ടറിവുകൾ ഉള്ളിൽ സൂക്ഷിച്ചിരുന്നതല്ലാതെ വളരെ അടുത്തകാലംവരെ കുടുംബശാഖകൾ തമ്മിലുള്ള ബന്ധം പുതുക്കി ഒരു കുടുംബയോഗം സംഘടിപ്പിക്കുന്നതിന് സാധിച്ചില്ലെന്നുള്ളതാണു യാഥാർത്ഥ്യം.എന്നാൽ ഇപ്പോൾ പൂർവ്വികരുടെ ആശീർവ്വാദവും ആഗ്രഹവും ദൈവാനുഗ്രഹവുമാകാം അതിപുരാതനമായ മണിമലകുടുംബത്തിന്റെ അഞ്ചു ശാഖകൾ ഒന്നിച്ച് ഒരു മഹാകുടുംബയോഗം യാഥാർത്ഥ്യമാക്കിയിരിക്കുന്നു.

  തലമുറകളായി കൃഷിക്കാരും കച്ചവടക്കാരും മാത്രമല്ല അഡ്വക്കേറ്റ്സ്, ഡോക്ടേഴ്സ്, എൻജിനീയേഴ്സ്, അദ്ധ്യാപകർ, ബിൽഡേഴ്സ്, കോൺട്രാക്റ്റേഴ്സ്, ഗ്രന്ഥകർത്താക്കന്മാർ, ചിന്തകർ, ബാങ്കുദ്യോഗസ്ഥന്മാർ, കലാകാരന്മാർ, കായികതാരങ്ങൾ എന്നിങ്ങനെ സമൂഹവുമായി നല്ലബന്ധം പുലർത്തി വിവിധ മേഖലകളിൽ വ്യാപരിച്ചുവരുന്ന അംഗങ്ങളടങ്ങിയ ഈ കുടുംബത്തിൽ മുൻതലമുറകളിൽ പ്രശസ്തരായ വൈദികരുണ്ടായിരുന്നതുപോലെ ഇപ്പോഴുള്ള തലമുറകളിലും സമർപ്പിതരും കർമ്മനിരതരുമായ ധാരാളം വൈദികരും കന്യാസ്ത്രീകളും ഈ കുടുംബത്തിന്റെ മിക്ക ശാഖകളിലുമുണ്ടെന്നുള്ളതും ക്രൈസ്തവ ആദ്ധ്യാത്മികതലത്തിൽ അഭിമാനകരമായ കാര്യമാണെന്നുള്ളതുകൂടി ദൈവകൃപയിൽ ആശ്രയിച്ചു രേഖപ്പെടുത്തിക്കൊള്ളട്ടെ.

  ഉയർച്ചയിൽ അഹങ്കരിക്കാതെയും തകർച്ചയിൽ അടിപതറാതെയും പ്രത്യാശയോടെ അദ്ധ്വാനിച്ച് ജിവിച്ചുപോരുന്ന ഈ കുടുംബത്തിൽ സാമ്പത്തികമായി നല്ല ഉയർന്ന നിലയിലുള്ളവരും ഇടത്തരക്കാരും സാമ്പത്തികമായി വലിയ ഉന്നതിയില്ലാത്തവരും ഉണ്ടെങ്കിലും മണിമല മൂലകുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ സ്നേഹസമത്വത്തിലും സാഹോദര്യത്തിലും അനുഭവമാകുന്ന ഏകത്വത്തിൽ ഞങ്ങൾ ഒന്നാണെന്നുള്ള ഉൾക്കാഴ്ചയാൽ ഞങ്ങൾ സന്തോഷിക്കുന്നത് ദൈവകൃപയാലാണ്.

എല്ലാ മഹത്വവും ഏകസത്യദൈവത്തിനു മാത്രം

മണിമല കുടുംബമഹായോഗനിശ്ചയപ്രകാരം

മാണി ചാക്കോ മണിമല

 പ്രസിഡന്റ്, മണിമല കുടുംബമഹായോഗം.