മണിമല - ചെമ്പകശ്ശേരില്‍ ശാഖ
foto

  പുരാതന കത്തോലിക്കാക്കുടുംബമായ മണിമലത്തറവാടിന്‍റെ പ്രധാന ശാഖകളില്‍ ഒന്നാണ് പാലായിലെ ചെമ്പകശ്ശേരി തറവാട്. പാലാ വലിയ പള്ളിയായിരുന്നു(പാലാ കത്തീഡ്രല്‍) ഇടവക. പാലായിലെ ചെമ്പകശ്ശേരില്‍ കുടുംബത്തിന്‍റെ ഇടവക ഇപ്പോഴും പാലാ വലിയ പള്ളിതന്നെയാണ്.

  മണിമല ഇട്ടിച്ചെറിയപ്പിതാവിന്‍റെ(1828) മൂത്തപുത്രന്‍ മണിമല ചെറിയതുകുര്യന്‍(1852-1934)പിതാവാണ് പാലാ ചെമ്പകശ്ശേരില്‍ തറവാടിന്‍റെ സ്ഥാപകന്‍. ഇട്ടിച്ചെറിയപ്പിതാവിന്‍റെ പിതാവ് മത്തായി(1805), മത്തായിപ്പിതാവിന്‍റെ പിതാവ് ചെറിയാന്‍(1780) എന്നിങ്ങനെയാണ് കുടുംബത്തിന്‍റെ പിന്നിലേക്കുള്ള ചരിത്രപരമായ അറിവുകള്‍.മണിമല ചെറിയാന്‍റെ(1780) സഹോദരനായ തൊമ്മന്‍ പിതാവാണ്(1778) മണിമല പൊടിമറ്റം ശാഖയുടെ സ്ഥാപകപിതാവായി അറിയപ്പെടുന്നത്. ചെറിയാന്‍റെ മറ്റൊരു സഹോദരനായ ഔവുസേപ്പുപിതാവാണ്(1782) മണിമല കാടന്‍കാവില്‍ ശാഖയുടെ പിതാവ്.

  ചെമ്പകശ്ശേരില്‍ തറവാടിന്‍റെ സ്ഥാപകനായ ചെറിയതു കുര്യന് മത്തായി,ചെറിയാന്‍,ഔസേപ്പ് എന്നിങ്ങനെ മൂന്നു സഹോദരന്മാരും,ഏലി,അന്ന,മറിയം,മാമ്മി എന്നിങ്ങനെ നാലു സഹോദരിമാരും ഉണ്ടായിരുന്നു. മാമ്മി, ഏലി എന്നിവരെ കടനാട്ടിലുള്ള നടുവിലേക്കുറ്റ്‌, കോഴിക്കോട്ട് എന്നീ തറവാടുകളിലേക്കും, അന്നയെ കാഞ്ഞിരപ്പള്ളി പൂവത്തുംമൂട്ടില്‍ തറവാട്ടിലേക്കും, വിവാഹം ചെയ്തയച്ചു. കളത്തൂര്‍ കുടുംബത്തിലേക്കു വിവാഹം ചെയ്തയച്ച മറിയം ചെറുപ്പത്തില്‍ തന്നെ മരിച്ചുപോയി.

  ചെറിയതു കുര്യന്‍റെ അനുജന്മാരായ മത്തായിയും ചെറിയാനും അവരവരുടെ വീതസ്ഥലമായ മുതുകോലില്‍ താമസമുറപ്പിക്കുകയും അന്ത്യാളം പള്ളിയില്‍ ഇടവക ചേര്‍ന്ന്‍ മണിമല പയപ്പാര്‍ ശാഖയുടെ സ്ഥാപകരാവുകയും ചെയ്തു. ഏറ്റവും ഇളയ അനുജനായ ഔസേപ്പ് തന്‍റെ വീതസ്ഥലമായ പൈമ്പള്ളിക്കുന്നേലും താമസമുറപ്പിച്ചു.

  മണിമല ഇട്ടിച്ചെറിയാപ്പിതാവിന്‍റെ മൂത്തമകനായ ചെറിയതു കുര്യന്‍ തനിക്കു പൂര്‍വ്വികസ്വത്തായി വീതം ലഭിച്ച ചെമ്പകശ്ശേരില്‍ താമസമുറപ്പിച്ചതിനാലാണ് ചെമ്പകശ്ശേരിത്തറവാട് സ്ഥാപിതമായത്. പാലാ വലിയപള്ളി ഇടവകയിലെ പടിക്കല്‍പ്ലാക്കല്‍ കുടുംബത്തിലെ അംഗമായിരുന്നു ചെറിയതു കുര്യന്‍റെ അമ്മ.

  ചെമ്പകശ്ശേരില്‍ തറവാടിന്‍റെ സ്ഥാപകനായ ചെറിയതു കുര്യന്‍ ആദ്യം വിവാഹം കഴിച്ചത് കടനാട്ടിലുള്ള കോഴിക്കോട്ടു ഭവനത്തില്‍നിന്നായിരുന്നു. ഭാര്യയും ആ വിവാഹത്തിലുണ്ടായ കുട്ടിയും മരിച്ചുപോയതിനാല്‍ ചേര്‍പ്പുങ്കല്‍പള്ളി ഇടവകയിലുള്ള മുല്ലക്കരിത്തറവാട്ടിലെ ഔസേപ്പിന്‍റെ മകള്‍ അന്നയെ ചെറിയ കുര്യന്‍ രണ്ടാമത് വിവാഹം ചെയ്തു. ആ അന്നയാണ് പാലാ ചെമ്പകശ്ശേരില്‍ തറവാടിന്‍റെ അമ്മ.

  ചെറിയതു കുര്യന്‍ - അന്ന ദമ്പതികള്‍ക്ക് എട്ടു മക്കളുണ്ടായി.

1.എം.കെ ചെറിയാന്‍ B.A.B.L - 37-ാ൦ വയസ്സില്‍ മരിച്ചു.
2.കൊച്ചൗസേപ്പ് 72-ാ൦ വയസ്സില്‍ മരിച്ചു.
3.മറിയം - 28-ാ൦ വയസ്സില്‍ മരിച്ചു.
4.കുഞ്ഞുമത്തായി - ദേശാന്തരഗമനം ചെയ്തു.
5.പിറന്ന ഉടനെ മരിച്ചു.
6.കുര്യന്‍ 8-ാ൦ വയസ്സില്‍ മരിച്ചു.
7.കുഞ്ഞുതൊമ്മന്‍ 1-ാ൦ വയസ്സില്‍ മരിച്ചു.
8.കുഞ്ഞുതൊമ്മന്‍ (സി.കെ.തോമസ്, Fr.Reynold. CMI,MA) 84-ാ൦ വയസ്സില്‍ മരിച്ചു.
   ചെമ്പകശ്ശേരില്‍ തറവാടിന്‍റെ സ്ഥാപകനായ ചെറിയതു കുര്യന്‍ ആദ്യകാലത്ത് ഒരു വ്യാപാരിയായിരുന്നു. വ്യാപാരത്തിന്‍റെ തിരക്കില്‍ കുടുംബവും മക്കളും നന്നാകില്ലായെന്നു തോന്നിയതിനാല്‍ അദ്ദേഹം വ്യാപാരം പാടെ ഉപേക്ഷിച്ച് കാർഷികവൃത്തിയിലേക്കു തിരിഞ്ഞു.തൊടുപുഴ താലൂക്കിലെ നെടിയകാട് എന്ന സ്ഥലത്താണ് വന്‍തോതില്‍ കൃഷി ആരംഭിച്ചത്.

  ചെറിയതു കുര്യന്‍ പിതാവ് മിതഭാഷിയും, അടിയുറച്ച ദൈവവിശ്വാസിയുമായിരുന്നു. സ്വജീവിതത്തില്‍ ആര്‍ജ്ജിച്ചെടുത്ത അടുക്കും ചിട്ടയും അടിയുറച്ച ദൈവവിശ്വാസവും മക്കള്‍ക്കു പകര്‍ന്നുനല്‍കിയ മാതൃകാപിതാവായിരുന്നു അദ്ദേഹം. പതറാത്ത ദൈവവിശ്വാസവും ചുളിവില്ലാത്ത ആത്മാര്‍ത്ഥതയും മനഃസാക്ഷിയുടെ നേരിയ സ്വരത്തോടുപോലുമുള്ള അതിരറ്റ ആദരവും പ്രതിബദ്ധതയും നീതിബോധവും സഹജീവികളോടുള്ള കരുണയും പരിഗണനയും എന്നിങ്ങനെയുള്ള ഗുണഗണങ്ങള്‍ നിറഞ്ഞ, ഒരുത്തമ കുടുംബനാഥനായിരുന്നു ചെറിയതു കുര്യന്‍. എപ്പോഴും സത്യം മാത്രം പറയുകയും അതിനനുസരിച്ചുമാത്രം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നതിനാലാകണം വ്യാപാരം പാടെ ഉപേക്ഷിച്ച് കാര്‍ഷികവൃത്തിയിലേക്കു തിരിയുന്നതിന് അദ്ദേഹം തീരുമാനിച്ചത്.

  കുടുംബത്തിന്‍റെ ശ്രീയും അഭിമാനവുമായിരുന്ന മൂത്തമകന്‍ എം.കെ.ചെറിയാന്‍ B.A.B.L 37-ാം വയസ്സില്‍ അകാലചരമം പ്രാപിക്കുന്നു, ഏകമകള്‍ 28-ാം വസ്സില്‍ മരിക്കുന്നു, താൻ പണികഴിപ്പിച്ച ചെമ്പകശ്ശേരില്‍ തറവാട്ടുവീട് നിശ്ശേഷം കത്തിയമരുന്നു എന്നിങ്ങനെ അതികഠിനമായ അഗ്നിപരീക്ഷണങ്ങള്‍ക്കു വിധേയനായപ്പോഴെല്ലാം പതറാത്ത ദൈവവിശ്വാസത്തിലൂടെ ലഭിച്ച അസാമാന്യ മനക്കരുത്തും തന്‍റെടവുമാണ് ചെറിയതു കുര്യനെ വഴിനടത്തിയത്. ചെമ്പകശ്ശേരില്‍ കുടുംബത്തിന്‍റെ സ്ഥാപകപിതാവായ ചെറിയതു കുര്യന്‍ 1934 മാണ്ടിൽ തന്‍റെ 82-ാ൦ വയസ്സില്‍ അന്തരിച്ചു. പാലാ വലിയപള്ളി സിമിത്തേരിയില്‍ സംസ്കരിച്ചു.

  ചെമ്പകശ്ശേരില്‍ തറവാടിന്‍റെ തറവാട്ടമ്മയായ ചേര്‍പ്പുങ്കല്‍ പള്ളി ഇടവക മുല്ലക്കരിഭവനത്തിലെ ഔസേപ്പിന്‍റെ മകള്‍ അന്ന, വളരെയധികം ധീനദയാലുവും സ്നേഹസമ്പന്നയും ഉന്നതകുലജാതയും അന്നത്തെ കാലത്തെ മാന്യകുടുംബങ്ങളിലെ സ്ത്രീകള്‍ക്കു ലഭിച്ചിരുന്ന വിദ്യാഭ്യാസം സിദ്ധിച്ചിരുന്ന ആളുമായിരുന്നു. ആ അമ്മയുടെ മൂത്ത രണ്ടു സഹോദരിമാരെ പാലായിലെ കല്ലറയ്ക്കല്‍കുടുംബത്തിലേക്കും, തോട്ടുങ്കല്‍കുടുംബത്തിലേക്കുമാണ് വിവാഹം കഴിച്ചയച്ചിരുന്നത്. അവര്‍ക്ക് തങ്ങളുടെ അനുജത്തിയും തങ്ങളുടെ സമീപത്തുതന്നെ ഉണ്ടായിരിക്കണമെന്ന ആഗ്രഹത്തിന്‍റെ ഫലമായാണ് അമ്മ ചെമ്പകശ്ശേരില്‍ തറവാടിന്‍റെ തറവാട്ടമ്മയായിത്തീരാന്‍ ഇടയായത്. നല്ല ഗ്രന്ഥപാരായണശീലവും സാഹിത്യാഭിരുചിയും അമ്മയുടെ സവിശേഷതകളായിരുന്നു. ആ അമ്മയുടെ അറിവും വിജ്ഞാനവും അമ്മയുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസസിദ്ധിക്കു വളരെയധികം ഗുണകരമായി ഭവിച്ചു എന്നുള്ളത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.

  ഒരു നല്ല ഗൃഹനായികയായിരുന്ന അമ്മ വേലക്കാരോടും ആശ്രിതരോടും സ്വകുടുംബാംഗങ്ങളോടെന്നപോലെയാണു പെരുമാറിയിരുന്നത്. പക്ഷിമൃഗാദികളോടും, വൃക്ഷലതാദികളോടും വളരെയധികം ഇഷ്ടമായിരുന്ന അമ്മ പാചകകലയില്‍ നല്ല കരവിരുതുള്ളയാളുമായിരുന്നു. ഭിക്ഷക്കാരെയും ആവലാതികളുമായി വരുന്നവരെയും ഒരിക്കലും അമ്മ വെറുംകൈയോടെ നിരാശരാക്കി പറഞ്ഞയച്ചിരുന്നില്ല. ഇല്ലാത്തവരുടെ സങ്കടങ്ങള്‍ അനുകമ്പയോടെ മനസ്സിലാക്കി അവരെയൊക്കെ ആവും വിധം സഹായിക്കുകയും ചെയ്തിരുന്ന അമ്മ സ്വന്തം മക്കള്‍ക്കും മറ്റുള്ളവര്‍ക്കും ഒരു ഉത്തമമാതൃകാകുടുംബിനിയായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത് .

  ചെമ്പകശ്ശേരില്‍തറവാട്ടമ്മയ്ക്ക് കണ്ണുചികിത്സ വശമായിരുന്നു. അക്കാലത്ത് പ്രസിദ്ധ കണ്ണുചികിത്സക്കാരായിരുന്ന മുട്ടത്തുപാടത്തുകാരുമായി അമ്മയുടെ വീടായ മുല്ലക്കരിക്കാര്‍ക്കു ബന്ധമുണ്ടായിരുന്നു. അമ്മയുടെ അപ്പനില്‍നിന്നാണ് അമ്മ കണ്ണുചികിത്സ വശമാക്കിയത്. അന്നത്തെ കണ്ണുചികിത്സാവിധികള്‍ രേഖപ്പെടുത്തിയ താളിയോലഗ്രന്ഥങ്ങള്‍ ഇപ്പോഴും ചെമ്പകശ്ശേരില്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ചെമ്പകശ്ശേരില്‍ തറവാട്ടമ്മയായിരുന്ന ഈ മഹതി 1940 ഒക്ടോബര്‍ 28-ാ൦ തിയതി അന്തരിച്ചു. പാലാ വലിയപള്ളി സിമിത്തേരിയില്‍ സംസ്കരിച്ചു.

  മീനച്ചില്‍ താലൂക്കിനും കത്തോലിക്കാസമുദായത്തിനും മിടുമിടുക്കന്മാരായ രണ്ടുമൂന്നുപേരെ സംഭാവന നല്‍കിയിട്ടുള്ള കുടുംബമാണ് ചെമ്പകശ്ശേരില്‍ കുടുംബം. പക്ഷേ, കുടുംബത്തിനോ സമുദായത്തിനോ മീനച്ചില്‍ താലൂക്കിനോ അവരുടെ സേവനം ലഭിക്കുവാനുള്ള ഭാഗ്യം അവരുടെ അകാലചരമംമൂലം നഷ്ടപ്പെട്ടുപോയി. അവരില്‍ എടുത്തുപറയേണ്ട ആദ്യത്തെ പേരാണ് ചെമ്പകശ്ശേരില്‍ തറവാടിന്‍റെ സ്ഥാപകപിതാവ് ചെറിയതു കുര്യന്‍റെ മൂത്തപുത്രനായ ചെറിയാന്‍.