മണിമല കുടുംബമഹായോഗം-ആമുഖക്കുറിപ്പ്‌


മാണി ചാക്കോ മണിമല
(പ്രസിഡന്റ്, മണിമല കുടുംബമഹായോഗം)
foto

"നിങ്ങള്‍ക്കു സമാധാനം!"

  ഉത്ഥിതനായ യേശുക്രിസ്തു തന്‍റെ ശിഷ്യന്മാർക്കു പ്രത്യക്ഷനായി ആദ്യം അരുളിയതിരുമൊഴികളുടെ തുടക്കമാണ് "നിങ്ങൾക്കുസമാധാനം" എന്നുള്ളത്. ഈവാക്കുകൾ അവിടുത്തെ ശിഷ്യന്മാർക്കു മാത്രമായുള്ള അനുഗ്രഹസന്ദേശമായിരുന്നില്ല. ഈ ഭൂമുഖത്ത് അവസാനം ജീവിക്കുന്ന മനുഷ്യരുടെ ഉള്ളങ്ങളിലേക്കും പകരപ്പെടുന്ന ദൈവസ്നേഹത്തിന്‍റെ ദിവ്യമായ അനുഭവത്തിനുള്ള സ്വർഗ്ഗീയസന്ദേശമാണത്.!           

         നിങ്ങൾക്കു സമാധാനം!

       സ്വർഗ്ഗീയസ്നേഹാനുഭവത്തിന്‍റെ നിറവാണ് ഉള്ളത്തിൽ അനുഭവമാകുന്ന ദിവ്യമായ സമാധാനം. ഇങ്ങനെയുള്ള സമാധാനമാണ് മനുഷ്യവംശത്തിന്‍റെ നന്മയിലുള്ള വളർച്ചയ്ക്കും നിലനില്പിനും ആധാരമായിരിക്കുന്നത്. അതുതന്നെയാണ് പരമമായ സ്നേഹത്തിന്‍റെ വെളിപാടും!

   എല്ലാ നന്മകൾക്കും അടിസ്ഥാനമായിരിക്കുന്നത് പരമമായ സ്നേഹമാണെന്നുള്ള പരമാർത്ഥത്തെ അംഗീകരിക്കുമ്പോൾ കുടുംബബന്ധങ്ങളുടെ ചരിത്രം തേടുന്നതും മനസ്സിലാക്കുന്നതും സ്നേഹബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. സന്മനസ്സുകളുടെ കൂട്ടായ്മയിൽ അനുഭവമാകുന്നതാണ് യഥാർത്ഥ സമാധാനവും സന്തോഷവും അതിനാലുള്ള ഐക്യവും. ഇപ്രകാരമുള്ള ഐക്യത്തിനു സാക്ഷ്യമാണ് കുടുംബാംഗങ്ങളെ സംബന്ധിച്ച് മണിമല കുടുംബമഹായോഗം.

    പുരാതനമായ എല്ലാ കുടുംബങ്ങൾക്കും അടിസ്ഥാനപരമായ പൂർവ്വകാലചരിത്രവഴികളുണ്ട്. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനുള്ളിൽ ഭൂഖനനം (Excavation), പുരാവസ്തുശാസ്ത്രം (Archeology), നരവംശശാസ്ത്രം (Anthropology) തുടങ്ങിയവയിലൂടെ നടത്തിയ പഠനങ്ങളുടെ ഫലമായി ഭൂമിയുടെയും ഭൂമിയിലെ ജിവജാലങ്ങളുടെയും മനുഷ്യന്റെയും ഉൽപത്തിയെക്കുറിച്ച് അംഗീകരിക്കപ്പെട്ട കണക്കുകൾ ഉണ്ടാക്കുവാൻ ശാസ്ത്രജ്ഞന്മാർക്കു സാധിച്ചിട്ടുണ്ടെന്നുള്ളത് തർക്കമറ്റ കാര്യമായി പരിഗണിക്കപ്പെട്ട കാലത്താണ് മാനവരാശി എത്തിനിൽക്കുന്നത്. ഭൂമി രൂപം പൂണ്ടിട്ട് മുന്നൂറുകോടി (നാനൂറു കോടിയെന്നും ചിലർ) വർഷങ്ങളും മനുഷ്യവർഗ്ഗത്തിന്റെ ഭൂമിയിലെ ആരംഭത്തിന് അഞ്ചുലക്ഷം വർഷങ്ങളുമെന്നു കണ്ടെത്തിയത് പരിശ്രമശാലികളായ മനുഷ്യരുടെ ബുദ്ധിപരമായ പ്രയത്നത്തിലൂടെയാണ്. മനുഷ്യവർഗ്ഗത്തിന്റെ കാലാകാലങ്ങളിലെ വികാസപരിണാമങ്ങളെ ശാസ്ത്രദൃഷ്ട്യാ വിലയിരുത്തുന്നതിന് കത്തോലിക്കാസഭ എതിരല്ലെന്ന് പോപ് ജോൺ പോൾ രണ്ടാമൻ പ്രഖ്യാപിച്ചത് സാന്ദർഭികമായി ഓർമ്മിക്കുന്നു. മനുഷ്യവംശം ഏകമെങ്കിലും കാലസന്ധികളിൽ മനുഷ്യവർഗ്ഗത്തിനുണ്ടായ വികാസപരിണാമങ്ങളെ വിലയിരുത്തുമ്പോൾ മാനവവംശത്തിന് സാമൂഹികമായ സംസ്കാരപരിഷ്കാരങ്ങളുടെ വളർച്ചയും ഉയർച്ചയും അതോടു ബന്ധപ്പെട്ടുള്ള അതിർവരമ്പുകളും പിരിവുകളും ശാഖാവ്യവസ്ഥകളും ഉണ്ടായിട്ടുണ്ടെന്നു കണ്ടെത്താൻ കഴിയും. മനുഷ്യവർഗ്ഗത്തിന്റെ ഇന്നുള്ള സംസ്കാരപരിഷ്കാരങ്ങളെ വിലയിരുത്തുമ്പോൾ കഴിഞ്ഞുപോയ ഓരോ തലമുറകളും താന്താങ്ങളുടെ അനന്തരതലമുറകളുടെ പുരോഗതിക്കുള്ള വഴി തെളിക്കുന്നതിൽ വേണ്ടതു ചെയ്തിട്ടുണ്ടെന്നുള്ളത് നിഷേധിക്കുക സത്യബോധമുള്ള മനുഷ്യർക്കു സാദ്ധ്യമല്ല.

     മനുഷ്യരുടെ എല്ലാവിധ പുരോഗതിക്കും അതിന്റേതായ മാർഗ്ഗവും ഘടനയും എക്കാലത്തും ഉണ്ടായിരുന്നിട്ടുണ്ട്. വനാന്തരങ്ങളിൽ നായാടി ജീവസന്ധാരണം നടത്തിയിരുന്ന മനുഷ്യൻ മുതൽ ആകാശഗോളങ്ങളുടെ ചലനങ്ങളെ വരെ വിരൽത്തുമ്പാൽ എണ്ണിത്തിട്ടപ്പെടുത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യൻവരെയുള്ളവരെല്ലാം 'മനുഷ്യവംശം' എന്ന ഏകഘടകത്തിൽ ഒന്നു തന്നെയാണ്. എന്നാൽ, ഈ ഏകഘടകത്തിൽ അനേക പിരിവുകളും ഉൾപ്പിരിവുകളും സംഭവിച്ചിട്ടുണ്ടെന്നുള്ളതാണു യാഥാർത്ഥ്യം. മനുഷ്യസമൂഹത്തിന്റെ ഘടനാസിദ്ധാന്തങ്ങളെ വിലയിരുത്തുമ്പോൾ ഈ കാലഘട്ടത്തിൽ പ്രസക്തമായിട്ടുള്ള ഒന്നാണ് കുടുംബം എന്ന അടിസ്ഥാനഘടകം. സമൂഹമെന്ന വ്യവസ്ഥിതിയുടെ നിലനില്പും മാറ്റങ്ങളും കുടുംബമെന്ന അടിസ്ഥാനഘടകത്തെ ആശ്രയിച്ചാണിരിക്കുന്നത്. കുടുംബപശ്ചാത്തലം വ്യക്തിയുടെ വ്യക്തിത്വത്തെ എല്ലാപ്രകാരവും സ്വാധീനിക്കുന്നുണ്ട്. അതിപുരാതനവും പുരാതനവുമായ പല മൂലകുടുംബങ്ങളോടും ബന്ധപ്പെട്ടതാണ് ഇന്നുള്ള കുടുംബനാമങ്ങളും അതോടു ബന്ധപ്പെട്ടിട്ടുള്ള കുടുംബശാഖകളും.

    ഇത്തരത്തിൽ വിലയിരുത്തുമ്പോൾ 'മണിമല' എന്ന ദേശത്തുനിന്നു മീനച്ചിൽപ്രദേശത്തു നൂറ്റാണ്ടുകൾക്കു മുമ്പ് കുടുംബസമേതം വന്നു താമസമാരംഭിച്ച ഔസേപ്പ് എന്ന പൂർവ്വപിതാവിന്റെ കുടുംബപ്പേര്, താൻ വിട്ടുപോന്ന ദേശത്തിന്റെ നാമമായി പരിണമിച്ചത് ദൈവഹിതമായി കണക്കാക്കുകയാണ് ഉത്തമം.

     ഉദ്ദേശം എഴുനൂറോളം വർഷംമുമ്പ് മീനച്ചിൽപ്രദേശത്തു സ്ഥാപിതമായ 'മണിമല' എന്ന മൂലകുടുംബം പല ശാഖാനാമങ്ങളോടുകൂടി വിവിധ ശാഖകളുള്ള ഒരു മഹാകുടുംബമെന്ന വംശവൃക്ഷമായി വളർന്നുപടർന്നതിൽ മണിമല എന്ന മൂലകുടുംബവുമായി ബന്ധപ്പെട്ട എല്ലാ ശാഖകളിലെയും കുടുംബങ്ങൾ ഹൃദയപൂർവ്വം ദൈവത്തോടു നന്ദി പറയുന്നവരും പൂർവ്വികരെ ആദരപൂർവ്വം ചിന്തയിൽ ഉൾക്കൊള്ളുന്നവരുമാണ്.

    എല്ലാ കുടുംബങ്ങൾക്കും ശാഖാപിരിവുകൾ ഉണ്ടാവുക സ്വാഭാവികമാണ്. പുതിയനിയമപ്രകാരം വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ മൂന്നു തിരിവുകളായി നാല്പത്തിരണ്ടു തലമുറകളെ ഒന്നിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. കാലഗതിയിൽ അധികം പിന്നോട്ടുപോയി ശാഖകളെയെല്ലാം സ്ഥിരീകരിക്കുക അതിപുരാതനമായ കുടുംബങ്ങൾക്കു കഴിഞ്ഞെന്നിരിക്കില്ല. എന്നാൽ, പൂർവ്വികരിലൂടെ വാമൊഴിയായും വരമൊഴിയായും പകർന്നുകിട്ടിയ കുടുംബചരിത്രപശ്ചാത്തലത്തിൽ കഴിഞ്ഞുപോയ തലമുറകളുടെ ബന്ധങ്ങൾ എങ്ങനെയെന്നു പഠിച്ച് കുടുംബശാഖകൾ തമ്മിലുള്ള പരസ്പരബന്ധം സ്ഥിരീകരിക്കുക സാദ്ധ്യമാണ്. അപ്രകാരം ചിന്തിച്ചും പരസ്പരം ചർച്ചചെയ്തും കണ്ടെത്തിയതാണ് മണിമലകുടുംബശാഖകളെ സംബന്ധിച്ചുള്ള പഠനങ്ങൾ. ഈ കുടുംബത്തിന്റെ പൊതുചരിത്രത്തോടു ബന്ധപ്പെടുത്തി ശാഖാപിരിവുകളെപ്പറ്റി പഠിക്കുമ്പോൾ സ്ഥിരീകരിക്കാൻ കഴിയുന്നതനുസരിച്ച് A.D.1680-90- കാലത്ത് മീനച്ചിൽ മണിമലകുടുംബത്തിൽ ജനിച്ച തൊമ്മൻ എന്ന പിതാവിന്റെ കാലംമുതലുള്ള തലമുറകളുടെ കണക്കിലാണ് പല ശാഖാനാമങ്ങളോടുകൂടിയുള്ള മണിമലക്കുടുംബത്തിന്റെ വികാസപരിണാമങ്ങൾ സംഭവിച്ചിട്ടുള്ളത്. മണിമലക്കുടുംബസ്ഥാപകനായി മണിമലദേശത്തുനിന്നു കുടുംബസമേതം മീനച്ചിൽപ്രദേശത്തു വന്നു പാർത്ത ഔസേപ്പ് എന്ന പൂർവ്വപിതാവിന്റെ കാലത്തിന് മുന്നൂറ്റിയമ്പതോളം വർഷത്തിനുശേഷമാണ് മേൽപ്പടി തൊമ്മൻ എന്ന പിതാവിന്റെ കാലഘട്ടം ആരംഭിക്കുന്നത്. ഈ കാലഘട്ടം മുതലുള്ള തലമുറകളുടെ ബന്ധങ്ങളെ കണ്ടെത്താൻ കഴിഞ്ഞത് വലിയ ദൈവാനുഗ്രഹമായി കരുതുകയാണ്.

    ആയിരത്തിഎഴുന്നൂറുകളുടെ ആദികാലത്ത് മീനച്ചിൽപ്രദേശത്ത് ധനാഢ്യനും പ്രഗല്ഭനുമായിരുന്ന തൊമ്മൻപിതാവ് 'മണിമല വലിയതൊമ്മൻ' എന്നപേരിൽ പ്രസിദ്ധനും മീനച്ചിൽ കർത്താക്കന്മാരുമായി വളരെയധികം അടുത്തിടപഴകിയിരുന്ന വ്യക്തിയും നാടുവാഴികളായ കർത്താക്കന്മാരുടെ സദസ്സിൽ പ്രത്യേക ഇരിപ്പിടം ലഭിച്ചിരുന്ന ആളുമായിരുന്നതായി പൂർവ്വികർ പറഞ്ഞുതന്നിട്ടുള്ളത് കുടുംബചരിത്രത്തിന് ഈടുള്ള തെളിവായിട്ടിരിക്കുന്നു. 1736-ൽ മീനച്ചിൽ കർത്താക്കന്മാർ മീനച്ചിലാറിന്റെ വടക്കേക്കരയിൽ കാടുവെട്ടിത്തെളിച്ച് അങ്ങാടി സ്ഥാപിച്ചപ്പോൾ പ്രഗല്ഭരും പ്രധാനികളുമായ ക്രൈസ്തവർക്ക് അങ്ങാടിയിൽ കച്ചവടം ചെയ്യുന്നതിനും മറ്റുമായി ഭരണാധികാരിയായ മീനച്ചിൽ കർത്താവുതന്നെ 'കമ്പുകുത്തി' അതിരുകൾ തിട്ടപ്പെടുത്തി സ്ഥലം നൽകിയത് പാലായുടെ പൊതുചരിത്രത്തിൽപ്പെട്ട സംഗതിയാണ്. ഇതോടു ബന്ധപ്പെടുത്തിച്ചിന്തിക്കുമ്പോൾ മീനച്ചിൽകർത്താക്കന്മാർ മീനച്ചിൽപ്രദേശത്തേക്കു കൊണ്ടുവന്ന മണിമലക്കുടുംബത്തിന്റെ സ്ഥാപകനായ ഔസേപ്പ് എന്ന പൂർവ്വപിതാവിന്റെ അനന്തരതലമുറകളിൽപ്പെട്ടതും കുരുമുളകുവ്യാപാരിയും കൊപ്രാക്കച്ചവടക്കാരനും ധനാഢ്യനുമായിരുന്ന മീനച്ചിൽ മണിമല വലിയതൊമ്മൻ പിതാവിന്റെ മൂത്തമകൻ ഔസേപ്പ് എന്ന പിതാവ് തന്റെ 26-ാം വയസ്സിൽ 1736-ാമാണ്ട് മീനച്ചിലാറിന്റെ വടക്കേക്കരയിൽ കുടുംബസമേതം താമസമാരംഭിച്ചതായി കണക്കാക്കുന്നതാണ് ഈ കുടുംബത്തിന്റെ ശാഖകളുടെ ചരിത്രത്തോടു ബന്ധപ്പെട്ടുള്ള ഒരു പ്രധാനകാര്യം. ആയതിന് വേണ്ടത്ര തെളിവുകളും കാരണങ്ങളുമുണ്ട്.

     മേൽപ്പറഞ്ഞ ഔസേപ്പ് എന്ന പിതാവിന്റെ സഹോദരങ്ങളായ മാണിയും തൊമ്മനും മീനച്ചിൽ പ്രദേശത്തുതന്നെ താമസിച്ചിരുന്നതായിട്ടാണ് ചരിത്രമുള്ളത്. ഇവരുടെ പിൻതലമുറകളിൽപ്പെട്ടവരാണ് മണിമല മൂലകുടുംബത്തോടു ബന്ധപ്പെട്ട 'മീനച്ചിൽ മണിമല' എന്ന കുടുംബശാഖ. മണിമലകുടുംബമഹായോഗത്തിലുള്ള മണിമല മൂലകുടുംബത്തിന്റെ ശാഖകളെപ്പറ്റി പഠിക്കുമ്പോൾ ആറിന്റെ വടക്കേക്കരയിൽ 1736-ൽ കുടുബസമേതം വന്നു പാർത്ത ഔസേപ്പ് എന്ന പിതാവിനോടു ബന്ധപ്പെട്ടുള്ളതാണ് ശാഖചരിത്രത്തിന്റെ തുടർച്ച. ഈ പിതാവിന്റെ മൂത്തമകൻ തൊമ്മൻ എന്നയാളിന്റെ മകൻ ഔസേപ്പ് എന്ന പിതാവിന്റെ മൂന്ന് ആൺമക്കളായിരുന്നു 1. തൊമ്മൻ 2. ചെറിയാൻ 3. ഔസേപ്പ് എന്നിങ്ങനെയുള്ളവർ. ഈ മൂന്നു സഹോദരങ്ങളിൽ ചെറിയാൻ, ഔസേപ്പ് എന്നീ പൂർവ്വികരുടെ സന്തതിതലമുറകളിൽപ്പെട്ടതാണ് മണിമല പയപ്പാർ, മണിമല കാടൻകാവിൽ, മണിമല ചെമ്പകശേരി, മണിമല കല്ലകത്ത് എന്നിങ്ങനെ മൂലകുടുംബത്തോടു ബന്ധപ്പെട്ട ശാഖകൾ. (മണിമല മീനച്ചിൽ, മണിമല പയപ്പാർ, മണിമല കാടൻകാവിൽ, മണിമല ചെമ്പകശേരി, മണിമല കല്ലകത്ത് എന്നിങ്ങനെയുള്ള അഞ്ചുശാഖകളുൾപ്പെടുന്നതാണ് മണിമലകുടുംബമഹായോഗം.)

      1830-വരെ പൊതുവെ മണിമല എന്ന കുടുംബപ്പേരിൽത്തന്നെയാണ് ആറിന് തെക്ക് മീനച്ചിൽ പ്രദേശത്തുള്ള മണിമലകുടുംബശാഖകളും, ആറിനു വടക്കേക്കരയിലുള്ള മണിമല കുടുംബശാഖകളും അറിയപ്പെട്ടിരുന്നത്. പാലാ വലിയ പള്ളിയുടെ 1990-ലെ സ്മരണികയിൽ 1830-മുതൽ വലിയ പള്ളിയുടെ ഭരണം നടത്തിയിരുന്ന പതിനാറു പ്രധാനകുടുംബങ്ങളുടെ പേരുപറയുന്നതിൽ ഒന്ന് 'മണിമല' കുടുംബമാണ്. ഈ കുടുംബത്തിന് അതിന്റേതായ പാരമ്പര്യവും പൈതൃകവും ചരിത്രവും ഉണ്ട്.

മണിമല കുടുംബമഹായോഗം പ്രഥമ സമ്മേളനം (16.5.2012)

  മണിമല കുടുംബത്തിന്റെ ചരിത്രസംബന്ധമായ കാര്യങ്ങൾക്ക് അടിസ്ഥാനപരമായ തെളിവുകളും വ്യക്തമായ വസ്തുതകളും ലഭിച്ചതനുസരിച്ച് കുടുബചരിത്രമെഴുതുന്നതിന് ചില കുറിപ്പുകളും മറ്റും തയ്യാറാക്കിയ കാലത്താണ് രണ്ടായിരത്തിയൊമ്പത് ജൂൺ മാസത്തിൽ പാലാ ളാലം പഴയപള്ളിയിൽ ഒരു വിവാഹവാഗ്ദാനച്ചടങ്ങിൽ സംബന്ധിക്കാനെത്തിയ എനിക്ക് സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പയപ്പാർ മണിമല വർക്കിച്ചൻ, അദ്ദേഹത്തിന്റെ സഹോദരൻ പയപ്പാർ മണിമല കുര്യച്ചൻ, ഇവരുടെ സഹോദരപുത്രനായ പയപ്പാർ മണിമല അനിൽ ചെറിയാൻ, മണിമല കാടൻകാവിൽ കെ.റ്റി. മാത്യു (മത്തായിച്ചൻ), ഇദ്ദേഹത്തിന്റ സഹോദരൻമാരായ കെ.റ്റി. ഇമ്മാനുവൽ (മാണിച്ചൻ), കെ. റ്റി. മൈക്കിൾ തുടങ്ങിയവരുമായി കുടുംബചരിത്രകാര്യങ്ങൾ സംസാരിക്കാൻ അവസരമുണ്ടായത്. ഇതിനു മുമ്പുതന്നെ മണിമല മീനച്ചിൽ ശാഖയിൽപ്പെട്ട റവ.ഡോ. മാണി മണിമല എസ്.ജെ., എം.റ്റി. തോമസ് മണിമല-കുറവിലങ്ങാട്, ജോണി തോമസ് മണിമല-പ്രവിത്താനം, ജോസ് കെ. ജോസഫ് മണിമല(കുന്നേൽ)-ചെമ്മലമറ്റം അദ്ദേഹത്തിന്റെ സഹോദരൻ ഡോ:പോൾ ജോസ് മണിമല(കുന്നേൽ) - കോഴിക്കോട്, പ്രൊഫ:തോമസ് ചാക്കോ മണിമല-തിരുവനന്തപുരം-തുടങ്ങിയവരുമായി പല സന്ദർഭങ്ങളിലും മണിമല കുടുംബചരിത്രഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റിയും എല്ലാ ശാഖകളും കൂടിച്ചേർന്നു കുടുംബമഹായോഗസമ്മേളനം സംഘടിപ്പിക്കുന്നതിനെപ്പറ്റിയും ഞാൻ സംസാരിച്ചിട്ടുണ്ടായിരുന്നു.

    ളാലം പള്ളിയിലെ മേൽപറഞ്ഞ കൂടിച്ചേരൽ കുടുംബമഹായോഗത്തിന് നിമിത്തമായിത്തീർന്നുവെന്നു പറയാം. പിന്നീട് കാര്യങ്ങളുടെ പുരോഗതി വേഗത്തിലായി. മണിമല മീനച്ചിൽ, മണിമല പയപ്പാർ, മണിമല കാടൻകാവിൽ, മണിമല ചെമ്പകശ്ശേരി, മണിമല കല്ലകത്ത് എന്നീ ശാഖകളിൽപ്പെട്ടവർ ടി കാര്യത്തിനായി പരസ്പരം ബന്ധപ്പെട്ടുതുടങ്ങി. ഞാനും ജോണി മണിമലയുംകൂടി മണിമല പൊടിമറ്റം ശാഖയിലെ തോമസ് റ്റി. പൊടിമറ്റത്തെ (ടോമി പൊടിമറ്റം പാലാ)നേരിട്ടുകണ്ട് കുടുംബയോഗകാര്യങ്ങളിൽ സംബന്ധിക്കുന്നതിനായി ക്ഷണിച്ചു. ടോമി വളരെ സന്തോഷപൂർവ്വം സഹകരിച്ചുതുടങ്ങി. മണിമല കുടുംബമഹാസമ്മേളനകാര്യങ്ങളുമായി ബന്ധപ്പെട്ടവർ പലപ്പോഴും കണ്ടുമുട്ടി സംസാരിച്ചതിന്റെ ഫലമായി മണിമല മൂലകുടുംബത്തിന്റെ ആറു ശാഖകളിൽപ്പെട്ട കുറച്ചാളുകൾ കുടുംബയോഗത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനായി 2011 ഡിസംബർ 28-ന് പാലാ ചെത്തിമറ്റത്തുള്ള സാന്ത്വനം ഓഡിറ്റോറിയത്തിൽ ആദ്യമായി ഒരു ആലോചനായോഗത്തിൽ ഒത്തുചേർന്നു. പ്രസ്തുതയോഗം വിജയകരമായിത്തീർന്നതിനെത്തുടർന്ന് പിന്നീട് നടന്ന കൂടിയാലോചനായോഗങ്ങളും വളരെയധികം വിജയകരമായിത്തീർന്നു. ബന്ധപ്പെട്ട ശാഖകളിലുളളവർ കൂടുതലായി പങ്കെടുത്തു തുടങ്ങി.

   മുൻപറഞ്ഞ ശാഖകളിൽനിന്നുമായി കൂടുതൽ ആളുകൾ പങ്കെടുത്ത ഒരു ആലോചനായോഗത്തിൽ കുടുംബയോഗനടത്തിപ്പിലേക്കായി സംഘാടകസമിതിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാണി ചാക്കോ മണിമല എഴുതി തയ്യാറാക്കിക്കൊണ്ടുവന്ന മണിമല കുടുംബചരിത്രം പ്രസ്തുത യോഗത്തിൽ അവതരിപ്പിച്ചത് എല്ലാവരും അംഗീകരിച്ചതനുസരിച്ച് മണിമല കുടുംബമഹായോഗത്തിന്റെ പൊതുസമ്മേളനം പാലാ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടത്തുന്നതിനു തീരുമാനമായി. പിന്നീടു നടന്ന കൂടിയാലോചനായോഗങ്ങളും വളരെയധികം വിജയകരമായിരുന്നതിനാൽ രണ്ടായിരത്തിപ്പന്ത്രണ്ടാമാണ്ട് മേയ് മാസം പതിനാറാം തീയതി (16.05.2012) പാലായിൽ ഏഴു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മണിമലക്കുടുംബത്തിലെ ആറു ശാഖകളിൽപ്പെട്ട ആയിരത്തോളം ആളുകൾ അവരുടെ പൂർവ്വപിതാക്കന്മാരുടെ പാദസ്പർശമേറ്റ പാലാ വലിയപള്ളിയുടെ കത്തീഡ്രൽ അങ്കണത്തിൽ മണിമല കുടുംബമഹായോഗസമ്മേളനത്തിന് ഒന്നിച്ചുചേർന്നപ്പോൾ ഒരു മഹാപൈതൃകത്തിന്റെ അനുഗ്രഹങ്ങളും ദൈവകരങ്ങളിലുള്ള സംരക്ഷണവും ആഹ്ളാദപൂർവ്വം അനുഭവിച്ചറിയുകയായിരുന്നു.

         മണിമലകുടുംബമഹായോഗത്തിലെ ശാഖകളുടെ കൂട്ടായ്മയുടെ മഹത് വിജയമായിരുന്നു. 16.05.2012-ൽ നടന്ന കുടുംബമഹാസമ്മേളനം. അന്നേദിവസം രാവിലെ 9 മണിക്ക് കുടുംബമഹായോഗത്തിലെ ബഹുമാനപ്പെട്ട വൈദികരർപ്പിച്ച സമൂഹബലിയോടുകൂടി കുടുംബയോഗത്തിന്റെ പ്രഥമസമ്മേളനം പാലാ കത്തീഡ്രൽ പള്ളിയിൽ ആരംഭിക്കുകയായിരുന്നു.

     കുടുംബയോഗസമ്മേളനത്തിനെത്തിയിരുന്ന മണിമലക്കുടുംബക്കാർ സമൂഹബലിയിൽ സംബന്ധിക്കാനായി കത്തീഡ്രൽ ദേവാലയത്തിൽ തിങ്ങിനിറഞ്ഞത് മറ്റു വൈദികർക്കും പള്ളിയോടു ബന്ധപ്പെട്ട ജോലിക്കാർക്കും ഉണർവ്വിന്റെ ഒരു പുതിയ അനുഭവമായിരുന്നു എന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തിയത് കുടുംബാംഗങ്ങൾക്ക് ക്രിസ്തുവിലുള്ള സന്തോഷത്തിനും അഭിമാനത്തിനും കാരണമായിത്തീർന്നു.

    കത്തീഡ്രൽ പള്ളിയുടെ ഓഡിറ്റോറിയത്തിൽ രാവിലെ 10:30ന് കുടുംബമാഹായോഗസംഘാടകസമിതിയുടെ പ്രസിഡന്റ് മാണി ചാക്കോ മണിമലയുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ അനുഗ്രഹപ്രഭാഷണത്തിനായി പാലാരൂപതയുടെ അഭിവന്ദ്യമെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടും, ആശംസാസന്ദേശം നൽകുന്നതിനായി മീനച്ചിൽ കർത്താക്കന്മാരിൽ കാരണവസ്ഥാനത്തുള്ള ആദരണീയനായ ദാമോദരസിംഹർ രാജശ്രീ ഭാസ്കരൻകർത്തായും പാലാ കത്തീഡ്രൽ പള്ളിയുടെ വികാരി ബഹുമാനപ്പെട്ട ഫാ. അലക്സ് കോഴിക്കോട്ടും കൃത്യസമയത്തുതന്നെ യോഗസ്ഥലത്ത് എത്തിച്ചേർന്നത് പൊതുയോഗം വിജയകരമായി നടത്തുന്നതിന് നവമായ ഊർജ്ജം പകർന്നുവെന്ന് ഹൃദയം നിറഞ്ഞ നന്ദിയോടും സ്നേഹബഹുമാനാദരവുകളോടെയും കുറിക്കട്ടെ!

     അഭിവന്ദ്യമെത്രാൻ തന്റെ അനുഗ്രഹപ്രഭാഷണത്തിൽ ജീവിതത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ നന്മയുടെ വെളിച്ചം പരത്തുന്ന മണിമലക്കുടുംബം ദൈവാനുഗ്രഹം നിറഞ്ഞ കുടുംബമാണെന്നും ധാരാളം വൈദികരും കന്യാസ്ത്രീകളും വിശ്വാസികളുമുള്ള ഈ കുടുംബത്തിന്റെ ചിട്ടയായ ജീവിതത്തിന്റെ ഒരു ദൃശ്യസാക്ഷ്യമാണ് വളരെ ക്രമമായ ഒരുക്കങ്ങളിലൂടെ സംഘടിപ്പിച്ചിട്ടുള്ള ഈ കുടുംബമഹാസമ്മേളനമെന്നും ദൈവം കൂട്ടത്തിൽ കൊണ്ടുനടക്കുന്ന കുടുബമാണ് മണിമലക്കുടുംബമെന്നും പറഞ്ഞത് കുടുംബാംഗങ്ങളുടെ ഉള്ളങ്ങളിൽ ദൈവസ്നേഹാഗ്നി ജ്വലിപ്പിച്ചു വെന്നത് കുറിക്കാതിരിക്കാനാവുകയില്ല. മീനച്ചിലിൽ-പാലായിൽ-ഒരു ദേവാലയം സ്ഥാപിക്കുന്നതിനും അപ്രകാരം ക്രൈസ്തവസഭയുടെ വളർച്ചയെ സഹായിക്കുന്നതിനും വേണ്ടതായ കാര്യങ്ങൾ ചെയ്തു തന്ന അന്നത്തെ ഭരണാധികാരികളായിരുന്ന മീനച്ചിൽകർത്താക്കന്മാരിൽ ഇപ്പോഴത്തെ കാരണവരായ ദാമോദരസിംഹർ രാജശ്രീ ഭാസ്കരൻ കർത്താ ഈ യോഗത്തിൽ കുടുംബാംഗങ്ങൾക്ക് അനുഗ്രഹാശംസകൾ നേരാൻ സന്നിഹിതനായിരിക്കുന്നത് മണിമലക്കുടുംബത്തിന്റെ മഹത്തായ പാരമ്പര്യവും പൈതൃകവും എത്രമാത്രം ഉന്നതമാണെന്നു വിളിച്ചോതുന്നുവെന്ന് അഭിവന്ദ്യ പിതാവ് തന്റെ പ്രഭാഷണത്തിനിടയിൽ പറഞ്ഞത് കുടുംബാംഗങ്ങൾ അഭിമാനത്തോടെയും പൂർവ്വികരോടുള്ള ആദരവോടെയുമാണ് ഉള്ളങ്ങളിൽ ഏറ്റുവാങ്ങിയത്.

   മണിമലക്കുടുംബമഹായോഗത്തിനുവേണ്ടി പ്രസിഡന്റ് ബഹുമാന്യനായ ദാമോദരസിംഹർ രാജശ്രീഭാസ്കരൻ കർത്തായെ പൊന്നാട അണിയിച്ചാദരിച്ചപ്പോൾ അദ്ദേഹം ആനന്ദാശ്രുക്കളോടെ യേശു കർത്താവിന്റെ നാമത്തിൽ എല്ലാ കുടുംബാംഗങ്ങളോടും തന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് എല്ലാവരെയും അനുഗ്രഹിച്ചു പ്രാർത്ഥിച്ചത് യോഗത്തിൽ സംബന്ധിച്ചവരാരും മറക്കാൻ തരമില്ലെന്നുള്ളതാണു വാസ്തവം.

    ബഹുമാന്യനായ രാജശ്രീ ഭാസ്കരൻ കർത്തായും കത്തീഡ്രൽ പള്ളിവികാരി റവ. ഫാദർ അലക്സ് കോഴിക്കോട്ടും കുടുംബത്തിന്റെ പാരമ്പര്യത്തെയും പാലാ വലിയപള്ളിയുമായി കുടുംബത്തിനുള്ള പൂർവ്വകാലബന്ധത്തെയും പരാമർശിച്ച് വളരെ ഹൃദ്യമായ ആശംസാസന്ദേശം അറിയിച്ചതും അഭിമാനകരവും സന്തോഷദായകവുമായ അനുഭവമായി!

   കുടുംബമഹായോഗത്തിലെ മുതിർന്ന കുടുംബാംഗങ്ങളെയും കുടുംബത്തിലെ ഗോൾഡൻ ജൂബിലേറിയൻസായ ബഹുമാനപ്പെട്ട കന്യാസ്ത്രീകളെ കുടുംബയോഗരക്ഷാധികാരിയായ റവ.ഫാദർ ജോർജ് മണിമല എസ്.ജെ. പൊന്നാട അണിയിച്ചതും മുതിർന്ന കുടുംബാംഗങ്ങളെല്ലാവരും ചേർന്ന് ഭദ്രദീപം തെളിച്ചതും മുതിർന്നവരോടും കുടുംബത്തിലെ അനന്തരതലമുറകൾക്കുള്ള ആദരവും സ്നേഹവും കരുതലും എത്രയെന്നുള്ളതിന്റെ ഒരു ഉത്തമസാക്ഷ്യമായിരുന്നു.

    കുടുംബാംഗങ്ങളായ ബഹുമാനപ്പെട്ട വൈദികരുടെയും ശാഖാപ്രതിനിധികളുടെയും സന്ദേശങ്ങൾ വിവിധ സ്ഥലങ്ങളിൽനിന്നും എത്തിച്ചേർന്ന കുടുംബാംഗങ്ങൾക്ക് തങ്ങളുടെ സാഹോദര്യബന്ധത്തിന്റെയും കുടുംബമഹിമയുടെയും അന്തസ്സത്ത എത്ര മഹത്തരമെന്നു മനസ്സലാക്കുന്നതിനും കുടുംബപാരമ്പര്യത്തിലുള്ള അഭിമാനം ജ്വലിപ്പിക്കുന്നതിനും കാരണമായിത്തീർന്നത് ദൈവപരിപാലനയിൽ മാത്രമാണെന്നുള്ളതാണ് നേരറിവിന്റെ വഴി!

   പൊതുയോഗാനന്തരം ഒരു ആരൂഢത്തിൻകീഴിലെന്നപോലെ കുടുംബാംഗങ്ങളെല്ലാം ഉച്ചവിരുന്നാസ്വദിച്ചതും പരസ്പരം ബന്ധങ്ങൾ പുതുക്കി പരിചയപ്പെട്ടതും ഉച്ചഭക്ഷണത്തിനുശേഷം കുടുംബാംഗങ്ങളിൽപ്പെട്ട മുതിർന്നവരും യുവതലമുറയും കൊച്ചുകുട്ടികളും അവതരിപ്പിച്ച കലാവിരുന്നിൽ ഗാനാലാപനവും നൃത്തവും മിമിക്രിയുമെല്ലാം നല്ല നിലവാരം പുലർത്തിയതും കുടുംബക്കൂട്ടായ്മയെപ്പറ്റിയുള്ള ഓർമ്മകളിൽ മാഞ്ഞുപോകാത്ത സ്നേഹാനുഭവമായിത്തീർന്നു.

   സമ്മേളനത്തിന്റെ ഊഷ്മളതയിൽനിന്നുയിർക്കൊണ്ട സ്വബോധാർജ്ജനനിറവിൽ ആഹ്ളാദചിത്തരായിത്തീർന്ന കുടുംബാംഗങ്ങൾ കുടുംബത്തിന്റെ ഉന്നതമായ പാരമ്പര്യവും മഹത്തായ പൈതൃകവും എന്തെന്നു തുറന്നറിയുവാൻ ഇടയായത് സർവ്വശക്തനായ ദൈവം അനുഗ്രഹിച്ചനുവദിച്ചതുകൊണ്ടാണെന്ന് ഉറച്ചുവിശ്വസിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള താന്താങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങിപ്പോയത്. ഒരു മഹാകുടുംബത്തിലെ സാഹോദര്യത്തിന്റെ ദൃഢവും നവ്യവുമായ ഊർജ്ജത്താലുളവായ പുത്തനനുഭവങ്ങളുടെ സ്മരണകളിരമ്പുന്ന മനസ്സുകളിൽ വീണ്ടുമൊരു കുടുംബമഹാസമ്മേളനത്തിൽ ഒത്തുചേരുന്നതിനുള്ള പ്രത്യാശയുമായിട്ടാണ്.

    മണിമല കുടുംബമഹായോഗത്തിന്റെ ഭാരവാഹികളുടെയും കുടുംബാംഗങ്ങളുടെയും ഒത്തൊരുമയും സഹകരണവും സർവ്വോപരി ദൈവാനുഗ്രഹവും പ്രഥമ പൊതുസമ്മേളനം ഒരു മഹാവിജയമാക്കിത്തീർത്തുവെന്നുള്ളത് തികച്ചും അഭിമാനാർഹമായ ഒരു കാര്യമാണ്.

   കുടുംബമഹായോഗത്തിന്റെ സംഘാടകസമിതിയിൽ ജനറൽ സെക്രട്ടറിസ്ഥാനത്ത് ആത്മാർത്ഥതയോടെ പ്രവർത്തിച്ച തോമസ് ടി പൊടിമറ്റത്തിന്റെ ക്ഷണമനുസരിച്ച് മണിമല പൊടിമറ്റംശാഖയിൽനിന്നുള്ളവരും പ്രഥമ പൊതുയോഗത്തിൽ പങ്കെടുക്കുകയുണ്ടായി. മണിമല കുടുംബമഹായോഗത്തിന്റെ ഭാഗമായി പൊടിമറ്റം ശാഖയും പ്രവർത്തിക്കണമെന്ന് ശ്രീ തോമസ് ടി പൊടിമറ്റത്തിന് അതിയായ താത്പര്യമുണ്ടായിരുന്നെങ്കിലും പൊടിമറ്റം ശാഖയ്ക്ക് തനതായ കുടുംബയോഗവും ഭാരവാഹികളും നടത്തിപ്പും അതിന്റേതായ ചെലവുകളും ഉള്ളതിനാൽ മണിമല കുടുംബമഹായോഗത്തിൽക്കൂടി അംഗത്വമെടുക്കുന്നതിനും പ്രവർത്തിക്കുന്നതിനും പൊടിമറ്റംശാഖയിലെ ഭൂരിപക്ഷം അംഗങ്ങളും താത്പര്യപ്പെടാതെവന്ന സാഹചര്യത്തിൽ തോമസ് ടി പൊടിമറ്റം അദ്ദേഹത്തിന്റെ കുടുംബശാഖയുടെ ഭൂരിപക്ഷാഭിപ്രായത്തെ മാനിച്ചുവെന്നുള്ളത് അദ്ദേഹത്തിന്റെ കുടുംബസ്നേഹത്തിന്റെ മഹത്തായ സാക്ഷ്യമായിട്ടാണ് മണിമലക്കുടുംബമഹായോഗത്തിലെ അഞ്ചു ശാഖകളും കരുതുന്നത്. ഇത്തരത്തിൽ കാര്യങ്ങൾ വിലയിരുത്തുമ്പോൾ ശ്രി തോമസ് ടി പൊടിമറ്റത്തെ മണിമലക്കുടുംബയോഗത്തിന്റെ പ്രത്യേക ക്ഷണിതാവായി കുടുബമഹായോഗം തീരുമാനിച്ചു നിശ്ചയിച്ച വസ്തുതകൂടി ഇതിനാൽ സന്തോഷപൂർവ്വം വ്യക്തമാക്കിക്കൊള്ളട്ടെ!

   മണിമല കുടുംബമഹായോഗത്തിലേക്ക് മണിമല കിഴക്കേഭാഗം ശാഖയിൽനിന്നുള്ള പ്രതിനിധിയായി കിഴക്കേഭാഗം ശ്രീ. ജോസ് മാത്യുവിനെ മണിമല കിഴക്കേഭാഗം ശാഖായോഗം നിശ്ചയിച്ചറിയിച്ചതിനെ അതീവ സന്തോഷത്തോടെയും സഹോദരസ്നേഹത്തോടെയും മണിമലക്കുടുംബ മഹായോഗം സ്വാഗതം ചെയ്ത് അംഗീകരിച്ച വസ്തുത ഇതിനാൽ രേഖപ്പെടുത്തുകയാണ്. മണിമല നെടുങ്കുന്നം ശാഖയിൽനിന്നും മണിമലക്കുടുംബമഹായോഗത്തിലേക്കുള്ള പ്രതിനിധിയായി ശ്രീമോത്തി മണിമലയെ, നെടുങ്കുന്നം മണിമല ശാഖായോഗം നിശ്ചയിച്ചറിയിച്ചതും മണിമല കുടുംബമഹായോഗം സഹോദരസ്നേഹത്തോടെയും വളരെ സന്തോഷത്തോടെയും അംഗീകരിച്ചിട്ടുള്ള കാര്യംകൂടെ ഇതിനാൽ വ്യക്തമാക്കിക്കൊള്ളട്ടെ.

   കുടുംബമഹായോഗത്തിലുൾപ്പെട്ട അഞ്ചു ശാഖകളിലെ കുടുംബാംഗങ്ങളുടെ ഐക്യത്തിന്റെയും സഹകരണത്തിന്റെയും അവർ തിരഞ്ഞെടുത്ത ഭാരവാഹികളിലർപ്പിച്ച വിശ്വാസത്തിനനുസൃതമായി ഭാരവാഹികൾ പ്രവർത്തിച്ചതിന്റെയും സർവ്വോപരി ദൈവാനുഗ്രഹത്തിന്റെയും ഫലമായിട്ടാണ് മണിമല കുടുംബമഹായോഗഗ്രന്ഥം ഇപ്രകാരം പ്രസിദ്ധീകരണയോഗ്യമായതെന്നു പറയുമ്പോൾ, പുസ്തകരൂപീവത്കരണസംബന്ധമായി ചില വ്യക്തികളെ പ്രത്യേകമായി പരാമർശിക്കേണ്ടതുണ്ടെന്നു കരുതുകയാണ്. പുസ്തകത്തിൽ ചേർക്കേണ്ടതിനായി ഓരോ ശാഖകളിൽനിന്നു ലഭിച്ച ചരിത്രക്കുറിപ്പുകൾ പരിശോധിച്ച് തെറ്റുകൾ തിരുത്തി മുദ്രണത്തിനു യോഗ്യമാക്കി ക്രമപ്പെടുത്തിയ ശ്രീ. ജോണി തോമസ് മണിമല (ചീഫ് കോർഡിനേറ്റർ) തീർച്ചയായും എല്ലാ കുടുംബാംഗങ്ങളുടെയും അഭിനന്ദനവും കൃതജ്ഞതയും അർഹിക്കുന്ന വ്യക്തിയാണെന്നുള്ള വസ്തുത കുടുംബാംഗങ്ങൾക്കുവേണ്ടി ഞാൻ രേഖപ്പെടുത്തുകയാണ്. അതുപോലെതന്നെ മണിമല പയപ്പാർ ശാഖയിലെ ബഹുമാനപ്പെട്ട സിബിയാ സിസ്റ്റർ, അനിൽ ചെറിയാൻ മണിമല (ജനറൽ സെക്രട്ടറി),പ്രൊഫ. തോമസ് മണിമല (ട്രഷറർ), മണിമല കാടൻകാവിൽശാഖയിലെ ജോസഫ് മാത്യു (വൈസ് പ്രസിഡന്റ്), അലക്സാണ്ടർ മാനുവൽ, കെ.ടി. മൈക്കിൾ, കെ.എം. ടോമി, സണ്ണി കാടന്‍കാവില്‍, മണിമല ചെമ്പകശ്ശേരിശാഖയിലെ ശ്രീ. ജോർജ്ജുകുട്ടി ചെമ്പകശ്ശേരി (സെക്രട്ടറി), മണിമല കല്ലകത്തു ശാഖയിലെ ശ്രീ. എം.എ.തോമസ് (സെക്രട്ടറി) എന്നിങ്ങനെയുള്ളവർ അതതു ശാഖകളുടെ ചരിത്രക്കുറിപ്പുകൾ തയ്യാറാക്കി നല്കുന്നതിനായി പരിശ്രമിച്ച വ്യക്തികളും ഏറ്റെടുത്ത ദൗത്യം ഉത്തരവാദിത്വപൂർവ്വം നിർവ്വഹിച്ചവരുമാണെന്നുള്ളത് സന്തോഷപൂർവ്വം രേഖപ്പെടുത്തുന്നതും എന്റെ കടമയിൽപ്പെട്ട കാര്യമായി ഞാൻ കരുതുന്നു.

   മണിമല കുടുംബചരിത്രഗ്രന്ഥം പ്രസിദ്ധീകരിക്കുന്നുവെന്നറിഞ്ഞ് ഞങ്ങളോടുള്ള ബന്ധവും സ്നേഹവും കരുതലും വെളിപ്പെടുത്തിക്കൊണ്ട് ചരിത്രപുസ്തകത്തിൽ മുദ്രണം ചെയ്യുന്നതിനായി വിലപ്പെട്ട ആശംസകളെഴുതിത്തന്ന് ഈ സംരംഭത്തെ പ്രോത്സാഹിപ്പിച്ച്, ഞങ്ങളെ ആശീർവ്വദിച്ചനുഗ്രഹിച്ച അഭിവന്ദ്യരും ബഹുമാന്യരും ഗുരുസ്ഥാനീയരുമായ, ഉന്നതവ്യക്തിത്വങ്ങളോട് ഞങ്ങളുടെ ഉള്ളങ്ങളിൽ നിറയുന്ന നന്ദിയും കൃതജ്ഞതയും അക്ഷരങ്ങളിൽ എഴുതിത്തീർക്കാവുന്നതല്ല. എങ്കിലും നിത്യചൈതന്യസ്നേഹപ്രവാഹതേജസ്സിനു മുമ്പിൽ ഹൃദയപൂർവ്വം വന്ദ്യരും ബഹുമാന്യരുമായ അവരെ സ്മരിച്ചുകൊണ്ട് സവിനയം ഒരേയൊരുവാക്ക്, നന്ദി!

    പുരാതനമായ മൂലകുടുംബത്തിന്റെ വിവിധ ശാഖകൾ ഒരു കുടുംബമഹായോഗത്തിൽ ഒന്നായി ചേർന്നു പ്രവർത്തിക്കുകയും അവരുടെ കുടുംബചരിത്രഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് സ്വന്തം കുടുംബത്തിന്റെ മഹത്തായ പൈതൃകവും പാരമ്പര്യവും മനസ്സിലാക്കി, കാലത്തിന്റെ ഒഴുക്കിൽ അകന്നും വേർപെട്ടും പോയ കുടുംബബന്ധങ്ങൾ സുദൃഢമാക്കുന്നതിനും പരസ്പരസ്നേഹത്തിലധിഷ്ഠിതമായ സാഹോദര്യവും സഹകരണവും ശക്തമാക്കുന്നതിനും ഇപ്രകാരം ഉളവാക്കുന്ന പുത്തനുണർവ്വിന്റെ ഉണ്മ നുകർന്ന് സമൂഹത്തിൽ അന്തസ്സോടും അഭിമാനത്തോടും കൂടി ജീവിക്കുന്നതിനും വേണ്ടിയാണ്.

   പ്രത്യാശാപൂർവ്വം ജീവിക്കുന്നതിന് തകർച്ചയിൽ അടിപതറാതെയും ഉയർച്ചയിൽ അഹങ്കരിക്കാതെയും ജീവിച്ച പൂർവ്വികരുടെ മാതൃക സ്വീകരിച്ചും സർവ്വശക്തനായ ദൈവത്തിൽ പൂർണ്ണമായും ആശ്രയിച്ചും എല്ലാക്കാര്യങ്ങളിലും സത്യസന്ധതയും നീതിയും പുലർത്തി പരിശ്രമശാലികളാവുകയാണു വേണ്ടത്. ഇതിൻപ്രകാരം ഒരു പുതുചൈതന്യത്തോടെ നന്മനിറഞ്ഞ ജീവിതം ആഘോഷിക്കുന്നതിന് ഓരോ കുടുംബാംഗങ്ങളെയും പരമകാരുണികനായ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെയെന്നും ക്രിസ്തുവിന്റെ സമാധാനം എല്ലാവരുടെയും ഉള്ളങ്ങളിൽ നിറയട്ടെയെന്നും സർവ്വകാര്യങ്ങളിലും സമൃദ്ധിയും വിജയവും ഉണ്ടാകുമാറാകട്ടെയെന്നു. പ്രാർത്ഥിച്ചുകൊണ്ടും എല്ലാവർക്കും നന്മകളു൦ നേർന്നുകൊണ്ടും ഈ കുറിപ്പ് ഞാൻ ഉപസംഹരിക്കട്ടെ.

ക്ഷേമാന്വേഷണങ്ങൾ!

നന്ദി!! നമസ്കാരം!!

നിങ്ങളുടെ സ്വന്തം സഹോദരന്‍,

മാണി ചാക്കോ മണിമല